കോഴിക്കോട്∙ തെക്കേപ്പുറത്തിന്റെ മണ്ണിലൂടെയാണ് മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രചാരണ പരിപാടിയുമായി എത്തിയത്. ലീഗിന്റെ പുലിക്കുട്ടിയെന്ന് യുഡിഎഫ് നേതാക്കൾ ഊറ്റംകൊള്ളുന്ന അനുയായികളുടെ പ്രിയ ‘കുഞ്ഞാപ്പ’യ്ക്ക് ഊഷ്മളമായ വരവേൽപാണ് ലീഗ് നേതാക്കളൊരുക്കിയത്.
പി.കെ.കുഞ്ഞാലിക്കുട്ടിക്ക് തിരക്കേറിയ യാത്രയുടെ ദിവസമായിരുന്നു ഇന്നലെ. രാവിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത ശേഷം കണ്ണൂർ ജില്ലയിലേക്കാണ് പോയത്.
കൂത്തുപറമ്പിൽ പ്രസംഗിച്ച ശേഷം നാദാപുരത്ത് പൊതുപരിപാടി. തുടർന്ന് രാത്രി എട്ടേകാലോടെയാണ് കുറ്റിച്ചിറ തങ്ങൾസ് റോഡിലെ ബറാമി വലിയകം തറവാടിന്റെ മുറ്റത്തേക്ക് കുഞ്ഞാലിക്കുട്ടി എത്തിയത്.
പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടയിലൂടെ എം.എ.റസാഖിനും ടി.ടി.ഇസ്മായിലിനുമൊപ്പം റോഡിലൂടെ കാൽനടയായെത്തി. വേദിയിലേക്ക് കയറുമ്പോൾ കരഘോഷം.
കുറ്റിച്ചിറയിലെ സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ ഷാളണിയിച്ചു സ്വീകരിച്ചു. ഇതിനിടെ, അപ്രതീക്ഷിതമായി മറ്റൊരു അതിഥി കൂടി വേദിയിലേക്ക് കടന്നുവന്നു.
എം.കെ.മുനീർ എംഎൽഎയാണു വേദിയിലെത്തിയത്.
എൽഡിഎഫ് ഭരണത്തിന്റെ അവസാനമെത്തിയെന്നു മുഖ്യമന്ത്രിക്ക് പോലും മനസ്സിലായെന്നു പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി പ്രസംഗം തുടങ്ങിയത്. യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായിനിന്നു ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് വേദി വിട്ടത്.
തുടർന്ന് എം.കെ.മുനീർ പത്തുമിനിറ്റോളം പ്രസംഗിച്ചത് അണികളെ ആവേശഭരിതരാക്കി. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത്, മുൻ ഡിസിസി പ്രസിഡന്റ് കെ.സി.അബു, നൂർബിന റഷീദ്, പി.ഇസ്മായിൽ, കെ.മൊയ്തീൻകോയ, എൻ.സി.
അബൂബക്കർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
തുടർന്ന് പരപ്പിൽ ജംക്ഷനിൽനിന്ന് റോഡ് ഷോ തുടങ്ങി. മുഖദാറിലെ സ്ഥാനാർഥി ടി.പി.എം.ജിഷാനും പി.കെ.കുഞ്ഞാലിക്കുട്ടിയും എം.എ.റസാഖും ടി.ടി.ഇസ്മായിലും അടക്കമുള്ളവർ നയിച്ച യാത്ര ഇടിയങ്ങര പള്ളിക്കു മുന്നിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്.
യുഡിഎഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ആവേശം വിതറി കുഞ്ഞാലിക്കുട്ടി കടന്നുപോയി. രാത്രി ഒൻപതരയോടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുന്നിൽ നടന്ന സമാപനയോഗത്തിൽ ടി.പി.എം.പ്രദീപ്കുമാർ അധ്യക്ഷനായി. എം.എ.റസാഖ്, ടി.ടി.ഇസ്മായിൽ, എൻ.സി.അബൂബക്കർ, ടി.പി.എം.ജിഷാൻ, ഫൈസൽ പള്ളിക്കണ്ടി, എൻ.വി.കോയമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

