
ചെവിക്കല്ല് അടിച്ചുപൊട്ടിച്ച ശേഷം പൊലീസുകാരൻ ആദിലിനോടു പറഞ്ഞു: ‘സോറി’; ആദിൽ പറയുന്നു, ആ മർദനത്തിന്റെ കഥ
പേരാമ്പ്ര∙ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ വച്ച്, ചെവിക്കല്ല് അടിച്ചുപൊട്ടിച്ച ശേഷം ആദിലിനോടു പറഞ്ഞു: ‘സോറി’. പക്ഷേ, ആ പൊലീസുകാരന്റെ സോറിയിൽ തീരുമോ സർ, ആദിലിനും കുടുംബത്തിനുമുണ്ടായ വേദന? ‘വലതു ചെവിയിൽ ഇപ്പോഴും വണ്ട് മൂളുകയാണ്.
നല്ല വേദനയുമുണ്ട്.’ ചെറുവണ്ണൂർ കണ്ടിത്താഴെ റോഡിൽ പറക്കാത്ത് വീട്ടിലിരുന്ന് പി.ആദിൽ(18) പറയുന്നു, ആ പൊലീസ് മർദനത്തിന്റെ കഥ. ‘കഴിഞ്ഞ വെള്ളിയാഴ്ച എസ്ബിഐ മേപ്പയൂർ ശാഖയിൽ അക്കൗണ്ട് എടുക്കാൻ ചെന്നതായിരുന്നു ഞാൻ. ഉച്ചതിരിഞ്ഞ് 2.45 ആയിക്കാണും.
ജീവനക്കാരി കാത്തിരിക്കാൻ പറഞ്ഞതിനെ തുടർന്ന് കസേരയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നാണു ചിലർ വന്ന് എന്നെയും തൊട്ടുപിന്നിലുണ്ടായിരുന്ന 2 പേരെയും പിടിച്ചു വലിച്ച് തൊട്ടടുത്തുള്ള മേപ്പയൂർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. പൊലീസാണെന്നു മാത്രമാണു പറഞ്ഞത്.
ആരും യൂണിഫോമിലായിരുന്നില്ല. എന്താണു കേസെന്നോ എവിടെ നിന്നുള്ള പൊലീസുകാരാണെന്നോ എന്നൊന്നും പറയാതെയായിരുന്നു മർദനം.
മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ, എസ്ഐയുടെ മുന്നിൽ വച്ചായിരുന്നു മർദനം. ഇരു ചെകിടിലും അടി കിട്ടി.
എന്റെ ഇരു കൈകളും ഒരാൾ കൂട്ടിപ്പിടിച്ചിരുന്നു. ‘നിന്റെ കൂടെയുള്ള സൗരവിനെ കാണിച്ചു തരണം’ എന്നു പറഞ്ഞാണ് അടിച്ചത്. എനിക്കൊപ്പം പിടിയിലായ മറ്റു രണ്ടു പേർ, ‘അവനൊന്നുമറിയില്ല, ഞങ്ങളുടെ കൂട്ടത്തിലെയാളല്ല’ എന്നു പറഞ്ഞെങ്കിലും പൊലീസ് എന്നെ വിട്ടില്ല.
സൗരവിനെ അറിയില്ലെന്നും മറ്റു 2 പേരുടെ കൂടെയുള്ളയാളല്ലെന്നും ഞാൻ ആവർത്തിച്ചു. മൊബൈൽ പരിശോധിച്ച ശേഷമാണ് അവരുദ്ദേശിച്ചയാളല്ലെന്നു കണ്ട്, അരമണിക്കൂറിനു ശേഷം എന്നെ വിട്ടയച്ചത്.
പൊലീസ് സംഘത്തിലൊരാൾ സോറി പറഞ്ഞു. ചെവി വേദന കാരണം രാത്രി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിറ്റേന്ന് ഇഎംഎസ് സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
വലതു ചെവിക്കു കേൾവിക്കുറവുണ്ട്. വലതു കണ്ണിനും വേദനയുണ്ട്.’ ആദിൽ പറഞ്ഞു. ആദിലിന്റെ കർണപുടം പൊട്ടിയതായാണു ഡോക്ടർ പറഞ്ഞതെന്നു സഹോദരൻ ജംഷീർ പറഞ്ഞു.
‘ഭേദമാകാൻ 3 ആഴ്ച മുതൽ 3 മാസം വരെ വേണ്ടി വരും. 3 മാസം വിശ്രമം വേണം.’ ജംഷീർ പറഞ്ഞു.
ഹയർ സെക്കൻഡറിക്കു ശേഷം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട് ആദിൽ. ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും ആദിൽ പരാതി നൽകി. ഡിജിപിക്കു നൽകിയ പരാതി കൈമാറിക്കിട്ടിയതായും അന്വേഷിക്കുമെന്നും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി എ.ഇ.ബൈജു പറഞ്ഞു.
കളമശ്ശേരിയിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിൽ പെട്ടവരാണ് ആദിലിനെ മർദിച്ചതെന്നാണു സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]