മാവൂർ ∙ മെഡിക്കൽ കോളജിനു കീഴിലെ ചെറൂപ്പ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് കൂട്ടി. 5 രൂപയായിരുന്ന ഒപി ടിക്കറ്റിന് ഇനി 10 രൂപ നൽകണം.
ആശുപത്രിയിൽ ഇ–ഹെൽത്ത് പദ്ധതി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഒപി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതെന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ഇതുവരെ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി പൂർണമായി നടപ്പാക്കിയിട്ടില്ല.
ഒപി ടിക്കറ്റ് പ്രിന്റ് എടുത്ത് രോഗിക്കു നൽകുക മാത്രമാണ് ചെയ്യുന്നത്.
പരിശോധന മുറി, ഫാർമസി, ലബോറട്ടറി എന്നിവിടങ്ങളിൽ ഇതുവരെ കംപ്യൂട്ടറുകൾ സ്ഥാപിച്ചിട്ടില്ല. രോഗികൾ ഏറെ നേരം വരി നിന്നു തന്നെ ഒപി ടിക്കറ്റ് എടുക്കണം.
രാവിലെ മുതൽ 12 വരെ എത്തുന്ന രോഗികൾക്കു മാത്രമാണ് കംപ്യൂട്ടർ മുഖേന ഒപി ടിക്കറ്റ് നൽകുന്നത്. ഉച്ചയ്ക്കു ശേഷം എത്തുന്നവർക്ക് അത്യാഹിത വിഭാഗത്തിലെ നഴ്സസ് സ്റ്റേഷനിൽ നിന്നു പഴയ ഒപി ടിക്കറ്റാണ് നൽകുന്നത്.
ഇതിനും 10 രൂപ തന്നെ നൽകണം.
സമീപ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഒപി ടിക്കറ്റിനു 5 രൂപ മാത്രം ഈടാക്കുമ്പോഴാണ് ചെറൂപ്പ ആശുപത്രിയിൽ ഈ വർധന. ആശുപത്രിയിലെ ഫാർമസിയിൽ അത്യാവശ്യ മരുന്നുകൾ പോലും ലഭ്യമല്ല.
വൈകിട്ട് 6 വരെയാണ് ഒപി സമയമെങ്കിലും 5 വരെ മാത്രമേ ഒപി ടിക്കറ്റ് നൽകാറുള്ളൂ. ലബോറട്ടറി പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്.
ഇവിടെ അത്യാവശ്യ രക്ത പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ പോലും ലഭ്യമല്ല.
സമീപ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പഞ്ചായത്ത് ഫണ്ട് നൽകിയും ഒപി ടിക്കറ്റിൽ നിന്നുള്ള വരുമാനവും ചേർത്ത് എല്ലാ മരുന്നുകളും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നൽകുന്നുണ്ട്. എന്നാൽ ചെറൂപ്പ ആശുപത്രി ഫാർമസി മാത്രമാണ് നാമമാത്ര മരുന്നുകളുമായി തള്ളി നീക്കുന്നത്.
ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

