കുന്നമംഗലം∙ വിഷു ആഘോഷത്തിനായി നിർമിച്ചു കൊണ്ടിരുന്ന പടക്കമാണ് കുരിക്കത്തൂരിനെ നടുക്കിയ ദുരന്തമായി മാറിയത്. കുരിക്കത്തൂരിലെ ബേബി സതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പടിഞ്ഞാറെ കുറുമയിൽ എന്ന ഓടിട്ട
ഇരുനില വീട്ടിലാണ് ഇന്നലെ രാത്രി പത്തോടെ നാടിനെ നടുക്കിയ ഉഗ്രസ്ഫോടനം നടന്നത്. പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 2 പേരാണ് മരിച്ചു.വീട്ടിലുണ്ടായിരുന്ന 3 പേർക്കും പരുക്കേറ്റു.
വീട്ടിൽ വാടകയ്ക്കു താമസിക്കുന്നവർ രഹസ്യമായി വലിയ തോതിൽ പടക്കം നിർമിക്കുകയായിരുന്നുവെന്നു സ്ഫോടനം നടന്ന ശേഷമാണ് പരിസരവാസികൾ പോലും അറിയുന്നത്.
പടക്ക നിർമാണത്തിനായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ഇവർ ശേഖരിച്ചിരുന്നതായാണ് അറിയുന്നത്. ഓലപ്പടക്കങ്ങളും ഗുണ്ടുകളും ഇവിടെ നിർമിച്ചതായാണ് വിവരം.
സ്ഫോടനത്തിൽ തകർന്ന വീട്ടിൽ നിന്ന് പടക്കങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രാത്രിയിലാണ് ഇവിടെ പടക്ക നിർമാണം നടന്നിരുന്നതെന്നാണ് സംശയം. ഇന്നലെ വൈകിട്ട് ഇവിടെ ചിലർ എത്തിയിരുന്നതായും രാത്രി ഏഴിന് നിർമിച്ച ചില പടക്കങ്ങൾ പരീക്ഷണാർഥം ഇവിടെ പൊട്ടിച്ചതായും സമീപവാസികൾ പറഞ്ഞു.
രാത്രി സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ വീടിന്റെ അടുക്കള ഭാഗം കത്തുന്നതാണ് കണ്ടത്. സ്ഫോടനത്തിൽ മരിച്ച 2 പേരുടെയും ശരീര ഭാഗങ്ങൾ ചിതറിയ നിലയിൽ സമീപത്തെ വീടിന്റെ മുറ്റത്ത് വീണു കിടക്കുകയായിരുന്നു.
വീടിന്റെ അടുക്കള ഭാഗത്തെ മേൽക്കൂരയടക്കം സ്ഫോടനത്തിൽ കത്തിയമർന്ന് നിലം പതിച്ചിട്ടുണ്ട്. അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ഐജി രാജ്പാൽമീണ, കമ്മിഷണർ മെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ വീടുകൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലഹാര നിർമാണത്തിന് എന്നു പറഞ്ഞാണ് ഇവർ വീട് വാടകയ്ക്ക് എടുത്തതെന്നാണ് നാട്ടുകാരിൽ ചിലർ പറഞ്ഞത്.
എന്നാൽ വിഷ്ണുവും കുടുംബത്തിനും പടക്ക നിർമാണത്തിനു ലൈസൻസ് ഉള്ളവരാണെന്നും ഇവർ ആഘോഷവേളകളിൽ പടക്കം നിർമിക്കുന്നത് തൊഴിലാക്കിയവരാണെന്നും പറയുന്നുണ്ട്.
നേരത്തെ ഇവർ മുണ്ടക്കൽ ഭാഗത്താണ് താമസിച്ചിരുന്നതെന്നും 4 മാസം മുൻപാണ് ഇവിടെ എത്തിയതെന്നുമാണ് അറിയുന്നത്. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്.
കുന്നമംഗലത്ത് വീട്ടിൽ സ്ഫോടനം; 2 മരണം
കുന്നമംഗലം∙ പെരിങ്ങൊളം കുരിക്കത്തൂരിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ 2 പേർ മരിച്ചു.
3 പേർക്കു പരുക്കേറ്റു. രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), മുണ്ടിക്കൽത്താഴം പുതിയോട്ടു മേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. പടക്ക നിർമാണത്തിനിടയിലാണ് സ്ഫോടനമെന്നാണ് പ്രാഥമിക വിവരം.
മുണ്ടിക്കൽ താഴം പുതിയോട്ട് മീത്തൽ വിഷ്ണു, ഭാര്യ കോട്ടയം സ്വദേശി സിനി, മെഡിക്കൽ കോളജ് എടക്കണ്ടപ്പറമ്പത്ത് ഹിജിത്(36) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷു ആഘോഷത്തിനായി പടക്കം നിർമിക്കുന്നതിനിടയിൽ ഇന്നലെ രാത്രി പത്തോടെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനം നടന്നത്.
4 മാസം മുൻപാണ് വിഷ്ണു ഈ വീട് വാടകയ്ക്ക് എടുത്ത് ഇവിടെ താമസം തുടങ്ങിയത്. സ്ഫോടനത്തിൽ മരിച്ചവരിൽ ഒരാൾ വിഷ്ണുവിന്റെ അനുജനും മറ്റേയാൾ ഭാര്യാ സഹോദരനുമാണ്.
ഇവരുടെ ശരീരം സ്ഫോടനത്തിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം ഒരു കിലോമീറ്റർ ചുറ്റളവിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. പടക്ക നിർമാണത്തിനായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നു.
അതേസമയം ഇവിടെ പടക്ക നിർമാണം നടക്കുന്ന കാര്യം പരിസരവാസികൾ അറിഞ്ഞിരുന്നില്ല. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തുംമുൻപ് 2 പേരും മരിച്ചു. സ്ഫോടനത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ സമീപത്തെ ചില വീടുകളുടെ ജനൽ ഗ്ലാസുകളും തകർന്നിട്ടുണ്ട്. വിഷു വിൽപനയ്ക്കായി ഈ ഭാഗത്ത് പടക്കങ്ങൾ രഹസ്യമായി നിർമിക്കുന്ന പതിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

