കോഴിക്കോട് ∙ 445.95 കോടി രൂപയുടെ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയിൽ, പ്രധാന കെട്ടിടങ്ങളുടെ ഡിസൈൻ പോലും ഇതുവരെ പൂർത്തിയായില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ ജനുവരി 11ന് അവലോകന യോഗം ചേർന്നു 2 മാസം പിന്നിടുമ്പോഴും നിർമാണത്തിനു തീരെ പുരോഗതിയില്ലെന്നാണു വ്യക്തമാകുന്നത്.
ആകാശ ഇടനാഴിയും ആകാശ നടപ്പാതയും ബന്ധിപ്പിക്കുന്ന കിഴക്ക്, പടിഞ്ഞാറ് ഭാഗത്തെ പ്രധാന കെട്ടിടങ്ങളുടെ അന്തിമ രൂപരേഖ ഇതുവരെ തയാറായിട്ടില്ല. ഏതാനും ദിവസത്തിനകം അന്തിമ രൂപരേഖ തയാറാകുമെന്നാണു കഴിഞ്ഞദിവസം നടന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തിൽ കരാറുകാർ പറഞ്ഞത്.
ആകെ നിർമാണത്തിന്റെ 18% മാത്രമാണു പൂർത്തിയായതെന്നാണു ജനുവരിയിലെ അവലോകന യോഗത്തിൽ അവതരിപ്പിച്ച കണക്കുകളിൽ ഉണ്ടായിരുന്നത്.
ഇതിൽ നിന്നു മാറ്റം ഉണ്ടായിട്ടില്ലെന്നതാണു സത്യം. ആവശ്യമുള്ള നിർമാണ സാമഗ്രികളോ തൊഴിലാളികളോ ഇല്ലെന്ന ആക്ഷേപവുമുണ്ട്.
റെയിൽവേ 9 മാസം മുൻപു മാറ്റം നിർദേശിച്ച ആകാശ ഇടനാഴിയുടെ രൂപരേഖയും തയാറായിട്ടില്ല. കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ പ്രധാന കെട്ടിടങ്ങളുടെ പൈലിങ് ജോലികൾ പൂർത്തിയായെങ്കിലും ഡിസൈൻ തയാറാകാത്തതിനാൽ അവിടെത്തന്നെ നിൽക്കുകയാണ്.
ആകാശ നടപ്പാതകളുടെയും സബ് സ്റ്റേഷനുകളുടെയും ഡിസൈൻ പൂർത്തിയായിട്ടില്ല. ഡിസൈൻ തയാറാക്കലും നിർമാണ സാമഗ്രികൾ എത്തിക്കലും അടക്കമുള്ള ഡിപിസി കരാറാണു നൽകിയിരിക്കുന്നതെന്നതിനാൽ എല്ലാം കരാറുകാരാണു ചെയ്യേണ്ടതെന്നും തങ്ങൾക്കു മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടിലാണു റെയിൽവേ.
റെയിൽവേ ഓഫിസ് കെട്ടിടം, ക്വാർട്ടേഴ്സുകൾ എന്നിവ നിർമാണ ഘട്ടത്തിലാണ്.
ബഹുനില പാർക്കിങ് കെട്ടിടങ്ങളുടെ നിർമാണത്തിൽ മാത്രമാണ് അൽപമെങ്കിലും പുരോഗതിയുള്ളത്. പക്ഷേ, ഇതും ഇതുവരെ 50% ആയിട്ടില്ല.
പ്ലാറ്റ്ഫോം നവീകരണം, റോഡുകളുടെയും നടപ്പാതകളുടെയും നിർമാണം, ലാൻഡ്സ്കേപ്പിങ് എന്നിവ അന്തിമഘട്ടത്തിലേ നടക്കൂ. 400 തൊഴിലാളികളെങ്കിലും ജോലി ചെയ്യേണ്ടിടത്ത് നിലവിൽ 100 പേർ മാത്രമാണുള്ളതെന്നതു തന്നെയാണു പ്രധാന പ്രശ്നം.
നിർമാണ സാമഗ്രികൾ ഇല്ലെന്നതിനാൽ കൂടുതൽ തൊഴിലാളികളുണ്ടായാലും കാര്യമില്ലെന്ന സ്ഥിതിയുമുണ്ട്. 2024 ജൂൺ ഒന്നിനാണു കരാർ നൽകിയത്.
2027 ജൂൺ ഒന്നിനു നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ. 15 മാസത്തിനകം പൂർത്തിയാകണമെങ്കിൽ ഈ വേഗം മതിയാകില്ലെന്നുറപ്പാണ്.
നിർമാണം വൈകുന്നതു സ്റ്റേഷനിൽ ദിവസേനെയെത്തുന്ന പതിനായിരക്കണക്കിനു യാത്രക്കാർക്കു കനത്ത തിരിച്ചടിയാണെന്നു മാത്രമല്ല, സുരക്ഷാ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.
കിഴക്കേ കവാടത്തിൽ തീരെ സൗകര്യമില്ല. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ബസ്സുകളുമൊക്കെ എത്തുന്നതോടെ ആകെ തിരക്കാണ്.
കാറുകളിലും ഓട്ടോറിക്ഷകളിലും എത്തുന്നവർ നടുറോഡിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

