
തോണി യാത്രയ്ക്കിടെ തനതു പുഴ വിഭവങ്ങൾ നുകരാം; വൻ ഹിറ്റായി ഒഴുകുന്ന അടുക്കള
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടലുണ്ടി ∙ കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് തോണി യാത്രയ്ക്കിടെ ഇനി തനതു പുഴ വിഭവങ്ങൾ നുകരാം. നദിയിൽ ഒഴുകുന്ന അടുക്കള ഇവിടെ വൻ ഹിറ്റായി. റിസർവ് സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികൾ കണ്ടൽക്കാടിനുള്ളിലൂടെ തോണി യാത്ര കഴിഞ്ഞെത്തുന്ന ബാലാതിരുത്തി ഭാഗത്താണ് ‘കനോയ് കിച്ചൻ’ എന്ന ഒഴുകുന്ന റസ്റ്ററന്റ്. മത്സ്യത്തൊഴിലാളികളായ ബാലാതിരുത്തി മടവമ്പാട്ട് സന്ദീപ്, മടവമ്പാട്ട് വിജിത്ത് എന്നിവർ ചേർന്ന് 3 ആഴ്ച മുൻപാണ് നദിയിൽ കനോയി കിച്ചൻ പ്രവർത്തനം തുടങ്ങിയത്.
കടലുണ്ടിപ്പുഴയിലെ നാടൻ വിഭവങ്ങളായ കല്ലുമ്മക്കായ പൊരിച്ചത്, മുരു ഇറച്ചി റോസ്റ്റ്, ഞണ്ട് റോസ്റ്റ് എന്നിവയ്ക്കു പുറമേ ചായ, വിവിധ പാനീയങ്ങൾ, പലഹാരങ്ങൾ, മിഠായി തുടങ്ങിയ സാധനങ്ങളെല്ലാം ഒഴുകുന്ന കിച്ചനിലുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കനോയ് കിച്ചൻ നദിയിലുണ്ടാകും. സഞ്ചാരികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പഞ്ചായത്ത്, ആരോഗ്യ–ഭക്ഷ്യസുരക്ഷാ വകുപ്പ്, കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി എന്നിവരുടെ അനുമതികൾ ലഭ്യമാക്കിയാണ് ഭക്ഷണ–പാനീയങ്ങൾ വിൽക്കുന്നത്.
ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് തോണി യാത്രയ്ക്കിടെ വെള്ളം വാങ്ങാനോ ചായ കുടിക്കാനോ ഇക്കാലമത്രയും സൗകര്യം ഉണ്ടായിരുന്നില്ല. കയ്യിൽ വെള്ളം കരുതാതെ കുട്ടികളെയും മറ്റുമായി എത്തുന്നവർക്ക് വേനൽക്കാലത്ത് വലിയ പ്രയാസം അനുഭവിച്ചിരുന്നു. പുഴയിൽ ഒഴുകുന്ന കടയിൽ നിന്നു യാത്രയ്ക്കിടെ വെള്ളവും ഭക്ഷണങ്ങളും വാങ്ങി കഴിക്കാനാകും എന്നത് കമ്യൂണിറ്റി റിസർവിൽ എത്തുന്ന സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ്.