അത്തോളി∙ പഞ്ചായത്തിലെ നടുച്ചാലിൽ കോളനി നിവാസികൾ ദുരിതത്തിൽ. കഴിഞ്ഞതിനു മുൻപുള്ള ബജറ്റിൽ ഈ കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും അതിന്റെ ഗുണങ്ങൾ കോളനിയിലെ ജനങ്ങൾക്ക് ലഭിച്ചിട്ടില്ല.
കോളനിയിൽ ആകെ 32 വീടുകളാണുള്ളത്. ഇവയിൽ മിക്ക വീടുകളിലെയും പ്രധാന വെല്ലുവിളി കുടിവെള്ള ക്ഷാമമാണ്.
മഴക്കാലത്തും കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥ ആണ്.
കോളനിക്കാർ തന്നെ കുഴിച്ച കിണറ്റിലെ വെള്ളവും വേനൽക്കാലത്ത് ഉണ്ടാകില്ല. വയലിൽ നിന്നും എടുക്കുന്ന ഒരു കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും രണ്ട് വർഷമായി അത് മുടങ്ങി കിടക്കുകയാണ്.
പൈപ്പ് വഴി വെള്ളം ലഭിക്കുന്നുണ്ടെങ്കിലും കുടിക്കാൻ ഉപയോഗിക്കാൻ സാധിക്കാത്ത നിലയാണു എന്നാണ് നാട്ടുകാർ പറയുന്നത്.
ചില കുടുംബങ്ങൾ കുളത്തിലെ വെള്ളമാണ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ജല ജീവന്റെ പൈപ്പ് ഇട്ടു വച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം ലഭ്യമായിട്ടില്ല.
ഈ പദ്ധതിയിൽ വെള്ളം ലഭിച്ചാൽ ഇവിടെയുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കട്ടകൾ ഉപയോഗിച്ച് നിർമിച്ച കോളനിയിലെ വിലാസിനിയുടെ വീട് ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ നിലയിലായതിനാൽ മഴക്കാലത്ത് വെള്ളം കയറുന്ന അവസ്ഥയാണെന്ന് പറയുന്നു.
നവകേരള സദസ്സിൽ പരാതി കൊടുത്തിരുന്നെങ്കിലും പരിഹാരമായില്ല എന്നാണ് വിലാസിനിയുടെ പരാതി.
ഇവിടെയുള്ള പല വീടുകളിലേക്കും വാഹന സൗകര്യം ഇല്ല എന്ന് മാത്രമല്ല നടന്നു പോകാൻ കൂടെ പറ്റാത്ത അവസ്ഥയാണ്. ഇടവഴി ആയിരുന്ന കോളനിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി സ്ഥലം നൽകിയാണ് റോഡ് ആക്കിയത്.
കൂടാതെ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഇരുട്ടിയാൽ പിന്നെ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ പല പ്രദേശങ്ങളിൽ നിന്നും വരുന്ന ആളുകൾ ഇവിടെ തമ്പടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട് എന്നാണ് കോളനി നിവാസികളുടെ പരാതി.
നഗർ നവീകരിക്കുന്നതിനു പ്രത്യേക ശ്രദ്ധ നൽകിയതിനെ തുടർന്നാണ് അത്തോളി പഞ്ചായത്തിലെ നടുച്ചാൽ നഗർ തിരഞ്ഞെടുത്തത് എന്നും റോഡുകൾ, വീട് നവീകരണം, നടപ്പാതകൾ, തെരുവ് വിളക്കുകൾ എന്നിവയെല്ലാം നഗർ നിവാസികളുടെ അഭിപ്രായം അനുസരിച്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും സച്ചിൻദേവ് എംഎൽഎ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

