കോഴിക്കോട് നടന്ന മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയിട്ടും, മന്ത്രിസഭയിലോ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിലോ ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നതാണ് പ്രവർത്തകരുടെ പ്രധാന ആക്ഷേപം.
ജില്ലയിലെ പാർട്ടിയുടെ മുന്നേറ്റം കണക്കിലെടുക്കുമ്പോൾ, ഭരണതലത്തിൽ ആവശ്യമായ സ്ഥാനങ്ങൾ നേടിയെടുക്കുന്നതിൽ ജില്ലാ നേതൃത്വം പൂർണ പരാജയമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പഴ്സണൽ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ്, എംഎസ്എഫ് നേതൃത്വങ്ങൾ നൽകിയ ശുപാർശകൾ പരിഗണിക്കാൻ പോലും നേതൃത്വം തയ്യാറായില്ലെന്ന പരാതിയും ശക്തമാണ്.
യോഗത്തിൽ ചർച്ചയായ മറ്റൊരു പ്രധാന വിഷയം കോർപറേഷൻ പ്രതിപക്ഷ നേതാവ് എസ്.വി.ഷമീൽ തങ്ങൾ തിരുവനന്തപുരത്ത് ബിജെപി മേയർ വി.വി.രാജേഷിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തതാണ്. ഇത് പാർട്ടിയുടെ അച്ചടക്കത്തിന് ചേർന്ന നടപടിയല്ലെന്നും അതീവ ഗുരുതരമായ വീഴ്ചയാണെന്നും യോഗം വിലയിരുത്തി.
വിഷയത്തിൽ ചർച്ച നടത്തുന്നതിനായി കോർപറേഷൻ കൗൺസിൽ പാർട്ടി യോഗം ഉടൻ വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വീകരിച്ച നിലപാടുകളിൽ നിന്ന് അധികാരം ലഭിച്ചപ്പോൾ പാർട്ടിക്ക് പിൻവാങ്ങേണ്ടി വന്നത് വലിയ നാണക്കേടാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
വി.കെ.ഫൈസൽ ബാബു എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ നിയമനം വിവാദമായ സാഹചര്യത്തിൽ, ബന്ധപ്പെട്ട വ്യക്തിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകാനും യോഗത്തിൽ തീരുമാനമായി.
വിവാദങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും, മാധ്യമങ്ങളിൽ നിന്ന് മന്ത്രിമാർ പരമാവധി വിട്ടുനിൽക്കണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

