ബാലുശ്ശേരി∙ കേരളത്തിന്റെ ചിരകാല സ്വപ്നമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ഇനിയും അകലെ. പ്രയാസം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങൾ കൂടി ഇവിടെ കിനാലൂരിലുണ്ട്.
കെഎസ്ഐഡിസി ഭൂമിക്കു പുറമേ ഏറ്റെടുക്കേണ്ട 100 ഏക്കറിന്റെ ഉടമസ്ഥരായ കുടുംബങ്ങളാണ് ഇവർ.
കഴിഞ്ഞ ദിവസം മുതൽ ആയുർവേദ എയിംസ് എന്ന പുതിയൊരു സ്വപ്നം കൂടി കിനാലൂർ പേറാൻ തുടങ്ങി. 2014 മുതൽ കേരളം എയിംസിനു വേണ്ടി കാത്തിരിക്കുകയാണ്.
എയിംസ് ആവശ്യം സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തതോടെ 5 വർഷം മുൻപ് കിനാലൂരിൽ സ്ഥലം ലഭ്യമാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചു. അതുവരെ നാലിടങ്ങളാണു കേരളത്തിൽ പരിഗണിച്ചിരുന്നത്.
ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കറാണ് ഇവിടെ സജ്ജമാക്കുന്നത്.
ഇതിൽ കെഎസ്ഐഡിസിയുടെ കൈവശമുള്ള 150 ഏക്കർ ആരോഗ്യ വകുപ്പിനു കൈമാറി. 100 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനവും ഇറക്കി.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇതിനകം ഒട്ടേറെ ചർച്ച നടത്തിയിട്ടുണ്ട്. ഓരോ ഘട്ടത്തിലും പ്രതീക്ഷയുള്ള പ്രതികരണങ്ങളാണ് കേന്ദ്രം നൽകിയത്.
എന്നാൽ പ്രഖ്യാപനം ഉണ്ടാകുന്നില്ല.
ഇതോടെ പ്രതിസന്ധിയിലായത് 11(1) ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ട സാധാരണക്കാരായ ഭൂ ഉടമകളാണ്.
സ്ഥലം വിൽപന നടത്തിയോ പണയപ്പെടുത്തിയോ ആവശ്യം നിറവേറ്റാൻ കഴിയാതെ 4 വർഷമായി വലയുകയാണ് ഇവർ. എയിംസ് വരുന്നില്ലെങ്കിൽ ഈ വിജ്ഞാപനം റദ്ദാക്കി ഭൂമി ക്രയവിക്രയത്തിനു സ്വാതന്ത്ര്യം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
ജനസാന്ദ്രത കുറവാണെങ്കിലും ഏറ്റെടുക്കേണ്ട
100 ഏക്കറിൽ 94 വീടുകളും 10 കെട്ടിടങ്ങളും ഉണ്ട്. 194 ഉടമസ്ഥരുടേതാണ് ഈ 100 ഏക്കർ.
ഇവിടെ രണ്ട് കുടുംബങ്ങൾ ജപ്തി ഭീഷണി നേരിടുന്നുണ്ട്. എയിംസ് പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും സർക്കാർ ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കി നഷ്ടപരിഹാരം നൽകിയാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകൂ എന്ന് ഭൂമിയുടെ ഉടമസ്ഥർ പറഞ്ഞു.
പുതിയ പ്രതീക്ഷ ആയുർവേദ എയിംസ്
ആധുനിക വൈദ്യശാസ്ത്രത്തിൽ മാത്രമല്ല എയിംസ് മാതൃകയിൽ ചികിത്സാ ഗവേഷണ സ്ഥാപനം അനുവദിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റിൽ 3 ആയുർവേദ എയിംസുകൾ പ്രഖ്യാപിച്ചിരുന്നു. ആയുർവേദ ചികിത്സയെയും ഗവേഷണങ്ങളെയും രാജ്യാന്തര തലത്തിലേക്ക് ഉയർത്താൻ ഉതകുന്നതാണ് ഈ പദ്ധതി.
മരുന്ന് ഗവേഷണത്തിലും കുതിപ്പുകൾ ഉണ്ടാകും. ആയുർവേദത്തിന്റെ തനത് പാരമ്പര്യം കൂടിയുള്ള കേരളത്തിന് ഇതിലൊന്ന് ആവശ്യപ്പെടാൻ കഴിയുമെന്ന് ഭൂമി ഏറ്റെടുക്കേണ്ടവരുടെ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ഷാനവാസ് കുറുമ്പൊയിൽ പറഞ്ഞു.
വിവാദങ്ങൾ
അനുകൂല നിലപാടുകളിൽ നിന്നു പെട്ടെന്നു കേന്ദ്രം പിന്നാക്കം പോയതാണെന്ന സംശയവും കിനാലൂരുകാർക്ക് ഉണ്ട്.
ഇതിന്റെ കാരണം അജ്ഞാതമാണെന്നും നാട്ടുകാർ പറയുന്നു. കിനാലൂരിനു പ്രഥമ പരിഗണന ലഭിച്ചതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ എയിംസ് ഇവിടെ സ്ഥാപിക്കുന്നതിനു എതിരെ രംഗത്ത് എത്തിയത് രാഷ്ട്രീയ വിവാദമായി.
ഇതോടെ മറ്റു ജില്ലകളിൽ നിന്നും എയിംസിനു വേണ്ടിയുള്ള ആവശ്യം ഉയർന്നു. വിവാദങ്ങൾ തുടരുമ്പോഴും സ്ഥല ലഭ്യതയും മറ്റു പശ്ചാത്തല സൗകര്യങ്ങളും കിനാലൂരിനു പ്ലസ് പോയിന്റാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

