കോഴിക്കോട് ∙ വിവാദമായ മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ ഘടനാപരമായ രൂപകൽപന (സ്ട്രക്ചറൽ ഡ്രോയിങ്സ്) പ്രകാരമുള്ള നിർമാണ സാമഗ്രികളെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്നു വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ട്. എന്നാൽ ഇതു കൂറ്റൻ കെട്ടിടത്തിന്റെ ഭാരം താങ്ങാൻ പര്യാപ്തമാണോ എന്നറിയാൻ സാമഗ്രികളുടെ ഗുണനിലവാര പരിശോധനകൾ കൂടി നടത്തേണ്ടി വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
ഹൈക്കോടതി നിർദേശ പ്രകാരം കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനാണ് (കെടിഡിഎഫ്സി) വിദഗ്ധ പഠനത്തിനായി ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തിയത്. ഒന്നര മാസത്തോളമെടുത്ത പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടാണു കെടിഡിഎഫ്സിക്കു കഴിഞ്ഞ ദിവസം സമർപ്പിച്ചത്.
രൂപകൽപന പ്രകാരമുള്ള സാമഗ്രികൾ ഉപയോഗിച്ചു എന്നാണു വിലയിരുത്തലെങ്കിൽ, നിർമാണ കരാറുകാരന്റെ ഭാഗത്തു പിഴവുകൾ ഇല്ലെന്നായിരിക്കും സൂചനകൾ.
പാട്ടക്കരാർ എടുത്ത അലിഫ് ബിൽഡേഴ്സിന്റെ ആവശ്യപ്രകാരമാണു കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നേരത്തേ ചെന്നൈ ഐഐടിയുടെ പഠനറിപ്പോർട്ട് പ്രകാരം 32.70 കോടി രൂപയുടെ അറ്റകുറ്റപ്പണികളാണു നിർദേശിച്ചിട്ടുള്ളളത്.
ബലക്ഷയം കണ്ടെത്തിയ ഐഐടി റിപ്പോർട്ട് തള്ളിക്കളഞ്ഞു വീണ്ടും പഠനം നടത്താൻ കെ.ബി.ഗണേഷ്കുമാർ മന്ത്രിയായി ചുമതലയേറ്റ ശേഷം നിർദേശിച്ചിരുന്നു.
സിവിൽ എൻജിനീയറിങ് അസിസ്റ്റന്റ് പ്രഫസർ സി.ജെ.കിരണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബറിൽ കെട്ടിടത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് സാംപിളുകൾ പരിശോധനയ്ക്കെടുത്തു. നിലവിലെ കെട്ടിടത്തിന്റെ സ്ഥിതി വിലയിരുത്തുക, 15 ഇടത്ത് ഹാമർ ടെസ്റ്റ്, 15 ഇടത്ത് അൾട്രാ സൗണ്ട് വെലോസിറ്റി ടെസ്റ്റ്, 9 ഇടത്ത് പ്രൊഫോമീറ്റർ ടെസ്റ്റ്, 3 ഇടത്ത് കോൺക്രീറ്റ് പൊളിച്ചുള്ള പരിശോധന എന്നിങ്ങനെ നടത്തി കെട്ടിടം ബലപ്പെടുത്താനുള്ള പൂർണമായ െചലവു കണക്കാക്കാനാണു നിർദേശം.
സാങ്കേതിക അനുമതി പോലും നേടാതെയാണ് കൂറ്റൻ ബസ് ടെർമിനൽ നിർമാണം ആരംഭിച്ചത് എന്ന ഗുരുതരമായ കണ്ടെത്തലാണ് വിജിലൻസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
ഇത്രയും വലിയ കെട്ടിടം വാർക്കുന്നതിനു കനം കുറഞ്ഞ കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ വിദഗ്ധനല്ലാത്ത ആർകിടെക്ടിന്റെതായിരുന്നു രൂപകൽപന.
10 നിലകളുള്ള കെട്ടിടത്തിന് 8 എംഎം കമ്പി അപര്യാപ്തമാണെന്നു കാണിച്ച് സൈറ്റ് എൻജിനീയർ കെടിഡിഎഫ്സി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അത് അവഗണിച്ചതായും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 74.63 കോടി രൂപ മുടക്കി കെട്ടിടം നിർമിച്ച കെടിഡിഎഫ് സിക്കു കനത്ത സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

