
‘മാവേലിക്കസ്’; കോഴിക്കോട് ഇത്തവണ ഓണലഹരിയിലാറാടും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ മലബാറിന്റെ തനതു സൗന്ദര്യങ്ങളെ വിനോദസഞ്ചാരികളിലേക്കെത്തിക്കാൻ ഇത്തവണ എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷം സംഘടിപ്പിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ഒനീറോ സ്ട്രാറ്റജിസ്റ്റ്സിന്റെയും സഹകരണത്തോടെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജാണ് വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുക. ‘മാവേലിക്കസ്’ എന്നു പേരിട്ട പരിപാടിയുടെ പ്രഖ്യാപനവും ലോഗോ ലോഞ്ചിങും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. റാപ്പർ വേടൻ മുഖ്യാതിഥിയായിരുന്നു.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴു വരെയാണ് പരിപാടി. ചാലിയം, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ, സർഗാലയ തുടങ്ങി എട്ടു വേദികളിലായാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുക. സിദ്ധ് ശ്രീറാം, മംഗാനിയാർ സെഡക്ഷൻ, ക്യൂബോ തുടങ്ങിയ രാജ്യാന്തര സംഘങ്ങളുടെ കലാപരിപാടികൾ, പ്രമുഖ സംഗീതജ്ഞരുടെ ക്യൂറേറ്റഡ് സംഗീത പരിപാടികൾ, ചലച്ചിത്ര താരങ്ങൾ നേതൃത്വം നൽകുന്ന നൃത്ത പരിപാടികൾ, പാരമ്പര്യ- അനുഷ്ഠാന കലാരൂപങ്ങൾ, മ്യൂസിക്കൽ ഫ്യൂഷൻ, കണ്ടംപററി നൃത്ത പരിപാടികൾ, നാടകങ്ങൾ തുടങ്ങിയവയാണ് ആഘോഷത്തിന് മാറ്റേകാനുണ്ടാകുക.
ജില്ലയിലെ മുഴുവൻ പഞ്ചായത്തുമേഖലകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പൂക്കള മൽസരം, പ്രദർശന- വിപണന മേള, മലബാർ വിഭവങ്ങൾക്കൊപ്പം മറ്റു നാടുകളുടെ ഭക്ഷണരീതികൾ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവൽ, ഏഴു ദിവസങ്ങളിൽ ഏഴു പാചകവിദഗ്ദ്ധർ ക്യൂറേറ്റ് ചെയ്യുന്ന ഓണ സദ്യ, എം.ടിയോടുള്ള ആദരസൂചകമായി രാജ്യാന്തര പുസ്തകമേള തുടങ്ങിയവയും മാവേലിക്കസിന്റെ ഭാഗമായി സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം സ്റ്റാളുകൾ, കൈത്തറി- കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും, കലാപ്രദർശനം, ശിൽപശാലകൾ എന്നിവയ്ക്കൊപ്പം മലബാറിലെ നിക്ഷേപസാധ്യതകൾ സംരംഭകർക്ക് പരിചയപ്പെടുത്തുന്ന കോൺക്ലേവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.