കോഴിക്കോട്∙ തുമ്പയും ചെത്തിയും മുതൽ മറുനാടൻ റോസും ചെണ്ടുമല്ലിയും മുല്ലയും അരളിയും വാടാമല്ലിയും ചേർന്നൊരുക്കിയ നൂറുകണക്കിന് പൂക്കളങ്ങൾ. സംസ്ഥാന സർക്കാരിന്റെ ‘മാവേലിക്കസ് 2025’ ഓണാഘോഷത്തോട് അനുബന്ധിച്ചാണ് നഗരത്തിന്റെ വിവിധ കോണുകളായി വൈവിധ്യമാർന്ന പൂക്കളങ്ങൾ ഒരുങ്ങിയത്.
നഗരത്തിലെ കലാ–സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘാടകസമിതിയും ചേർന്നാണ് നടക്കാവ് സ്കൂളിൽ മെഗാപൂക്കളം ഒരുക്കിയത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടിക്ക് ആദരമർപ്പിച്ചു എം.ടി.വാസുദേവൻ നായരുടെ ഛായാചിത്രമുള്ള മെഗാ പൂക്കളമാണ് ഇവിടെ ഒരുക്കിയത്.
കലക്ടർ സ്നേഹിൽ കുമാർ സിങ് അടക്കമുള്ളവരാണ് ഇവിടെയെത്തിയത്.
ഐടി ആൻഡ് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ മത്സരിച്ച കോഴിക്കോട് ജില്ലയിലെ തപസ് എനർജിയാണ് ഒന്നാംസമ്മാനമായ മൂന്നു ലക്ഷം രൂപ നേടിയത്. റസിഡന്റ്സ് അസോസിയേഷൻ വിഭാഗത്തിൽ മത്സരിച്ച കണ്ണൂർ ജില്ലയിലെ കോടിയേരി റസിഡന്റ്സ് അസോസിയേഷനാണ് രണ്ടാം സമ്മാനമായ രണ്ടു ലക്ഷം രൂപ നേടിയത്.
ഇതര വിഭാഗത്തിൽ മത്സരിച്ച മലപ്പുറം ജില്ലയിലെ ദൃശ്യ കലാവേദി മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ നേടി.
കുടുംബശ്രീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയ സിഡിഎസ് നോർത്ത് കുടുംബശ്രീ, ഇൻക്ലൂസീവ് വിഭാഗത്തിൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ കുന്നമംഗലം ബിആർസി, ഉത്തരവാദിത്ത ടൂറിസം വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ശ്രീഷ്നയും സംഘവും എന്നിവർക്ക് 10000 രൂപ വീതമാണ് സമ്മാനമായി ലഭിക്കുക.കുടുംബശ്രീ, ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ, ഇൻക്ലൂസിവ്, റസിഡന്റ്സ് അസോസിയേഷൻ, ആർട്സ് ആൻഡ് കൾച്ചറൽ, ഐടി സ്റ്റാർട്ടപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് ഇന്ന് വൈകിട്ട് 6ന് കടപ്പുറത്തു നടക്കുന്ന മാവേലിക്കസ് ഉദ്ഘാടന വേദിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമ്മാനങ്ങൾ നൽകും.
മാവേലിക്കസിന് ഇന്ന് തുടക്കം
സർക്കാരിന്റെ മാവേലിക്കസ് 2025 ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരിക്കും. ഇന്നു മുതൽ ഏഴു വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 9 വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. വൈകിട്ട് 6ന് ആണ് പരിപാടികൾ. ഉദ്ഘാടന ചടങ്ങിന് ശേഷം വേദിയിൽ രാജസ്ഥാനി നാടോടി ബാൻഡായ മംഗാനിയാർ സെഡഷൻ പരിപാടി അരങ്ങേറും. ലുലു മാളിലെ വേദിയിൽ ഡബ്സിയുടെയും ശക്തി ശ്രീ ഗോപാലന്റെയും സംഗീത പരിപാടി നടക്കും.
ബേപ്പൂർ കടപ്പുറത്ത് ജോബ് കുര്യൻ സംഗീത പരിപാടിയും ഇരിങ്ങൽ സർഗാലയയിൽ പിന്നണിഗായകരായ രാജലക്ഷ്മിയുടെയും സുദീപിന്റെയും സംഗീത പരിപാടിയും നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]