
കോഴിക്കോട്∙ മാനാഞ്ചിറ – വെള്ളിമാടുകുന്നു നാലുവരിപ്പാതയുടെ ആദ്യ റീച്ചായ മലാപ്പറമ്പ് – എരഞ്ഞിപ്പാലം ജംക്ഷൻ ടാറിങ് സെപ്റ്റംബർ അവസാനം പൂർത്തിയാകും. ഈ മേഖലയിൽ വീതി കൂട്ടിയ ഇരുഭാഗത്തും ഓട
നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സിവിൽ സ്റ്റേഷൻ വരെ 80% ഓട
നിർമാണം പൂർത്തിയായതായി കേരള റോഡ് സിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ട് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ മാസാവസാനത്തോടെ മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെ റോഡ് മണ്ണു നിരത്തി കോൺക്രീറ്റ് മിക്സർ റോളിങ് നടത്തി വീതി കൂട്ടലും ഓട നിർമാണവും പൂർത്തിയാക്കാനാണു ശ്രമം.
2026 ഫെബ്രുവരി 15നകം റോഡ് നിർമാണം പൂർത്തിയാക്കാനാണു പദ്ധതി. എന്നാൽ, ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിൽ മൃഗാശുപത്രി മുതൽ കിഴക്കേ നടക്കാവ് കെഎസ്ആർടിസി ഡിപ്പോ വരെയുള്ള ഭാഗം മണ്ണു മാറ്റി വീതികൂട്ടൽ നടക്കുകയാണ്.
ഇംഗ്ലിഷ് പള്ളി, മനോരമ ജംക്ഷൻ എന്നിവിടങ്ങളിൽ നേരത്തെ സൂക്ഷിച്ച മണ്ണുനീക്കി കോൺക്രീറ്റ് മിക്സർ ഉപയോഗിച്ചു റോഡ് ക്രമപ്പെടുത്തുകയാണ്. ഇവിടെനിന്നു മാറ്റുന്ന മണ്ണ് താൽക്കാലികമായി ബീച്ചിൽ സർക്കാർ ഭൂമിയിൽ സൂക്ഷിക്കുന്നുണ്ട്.
മഴ മാറിയാൽ ഈ മണ്ണ് മൃഗാശുപത്രി മുതൽ മാനാഞ്ചിറ ഭാഗം വരെയുള്ള നിർമാണത്തിന് ഉപയോഗിക്കും.
മനോരമ ജംക്ഷനിൽ നേരത്തെ നിക്ഷേപിച്ച മണ്ണ് മഴയിൽ കുതിർന്നതിനാൽ മാറ്റി പകരം ഉണങ്ങിയ മണ്ണു നിറയ്ക്കുകയാണ്. റോഡ് നിർമാണ പ്രവൃത്തി ആരംഭിച്ചതോടെ മലാപ്പറമ്പ് മുതൽ മാനാഞ്ചിറ വരെ വയനാട് റോഡ് പലയിടത്തും തകർന്നിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ കുഴികൾ അടയ്ക്കും. ഇന്നലെ അർധരാത്രി കുഴിയടയ്ക്കൽ തുടങ്ങി.
വെളളിമാടുകുന്നു വരെയുള്ള നിർമാണത്തിന് കേന്ദ്രം പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ അനുബന്ധ നടപടി ഉടനെ ആരംഭിക്കുമെന്നു പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറഞ്ഞു.
മാനാഞ്ചിറ – മലാപ്പറമ്പ് നിർമാണം ഡിസംബറോടെ പൂർത്തിയാക്കി, മാർച്ചിൽ വെള്ളിമാടുകുന്ന് വരെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]