
ഊന്നൽ പ്രവർത്തനോന്മുഖ വിദ്യാഭ്യാസത്തിനെന്ന് മന്ത്രി; കുന്ദമംഗലം കോളജിന് പുതിയ അക്കാദമിക് ബ്ലോക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്ദമംഗലം ∙ പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തനോന്മുഖ വിദ്യാഭ്യാസത്തിനാണു സർക്കാർ ഊന്നൽ നൽകുന്നതെന്നു ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. ഇതിനായി ഹയർ എജ്യൂക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെൽട്രോണിന്റെ സഹായത്തോടെ ഇന്റേൺഷിപ് നൽകാൻ സാധിക്കുന്ന സ്ഥാപനങ്ങളെ എം പാനൽ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്ക്, കാന്റീൻ, പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ, ഓപ്പൺ എയർ ഓഡിറ്റോറിയം, വുഷു പ്ലാറ്റ്ഫോം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
‘ഭൗതിക സൗകര്യങ്ങളോടൊപ്പം ഉള്ളടക്കത്തിനും കാലാനുസൃതമായ പരിഷ്കരണം വരണമെന്ന ലക്ഷ്യത്തോടെയാണ് ചരിത്രത്തിലാദ്യമായി കരിക്കുലം പരിഷ്കരണത്തിന് സർക്കാർ മുൻകൈയെടുത്തത്. ദേശീയ-രാജ്യാന്തര തൊഴിലവസരങ്ങൾ ഒരുക്കാനുള്ള വൈദഗ്ധ്യ പോഷണവും കൂടുതൽ ആഴത്തിൽ അറിവ് അന്വേഷിക്കാനുള്ള ഗവേഷണ സൗകര്യമൊരുക്കുന്നതിനും ഇതിലൂടെ സാധിക്കും. പുതിയ ലോകവും കാലവും ആവശ്യപ്പെടുന്ന കോഴ്സുകൾ, പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനുള്ള അവസരങ്ങൾ, സംരംഭക മേഖലയിലേക്ക് കടക്കാനുള്ള പ്രോത്സാഹനം, സ്കോളർഷിപ്പുകൾ എന്നിവയെല്ലാം നൽകി കേരളത്തെ വിജ്ഞാന ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ’– മന്ത്രി പറഞ്ഞു.
2014ലാണ് കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തനം ആരംഭിച്ചത്. 2018ൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ അഞ്ചേക്കർ പത്ത് സെന്റ് ഭൂമിയിലാണ് ഇപ്പോൾ കോളജ് പ്രവർത്തിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രവൃത്തികൾ പൂർത്തീകരിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ മുടക്കിയാണ് വുഷു പ്ലാറ്റ്ഫോം നിർമിച്ചത്.
പി.ടി.എ.റഹീം എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുഷമ, ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ശിവദാസൻ നായർ, പ്രിൻസിപ്പൽ പ്രഫ. ജിസ്സ ജോസ്, വൈസ് പ്രിൻസിപ്പൽ കെ. മുഹമ്മദ് നൗഫൽ, കോളജ് യൂണിയൻ പ്രതിനിധി മുഹമ്മദ് ജാസിം തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ജിസ്സ ജോസ്, കോളജ് വിഷു ടീം കോച്ച് ജഫ്സൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സിൽ രണ്ടാം റാങ്ക് നേടിയ വിവേക് കൃഷ്ണ എന്നിവർക്കുള്ള മെമന്റോ മന്ത്രി നൽകി.