ഭക്ഷണസാധനങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമിതവില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത സാധാരണ നിലയിലായിട്ടും ജില്ലയിലെ വിവിധ ഹോട്ടലുകൾ, കേറ്ററിങ് യൂണിറ്റുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവടങ്ങളിൽ ചായ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ജില്ലയിലെ എല്ലാ ഹോട്ടലുകളിലും ബേക്കറികളിലും ഉപഭോക്താക്കൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കേണ്ടതാണ്. നിശ്ചയിക്കപ്പെട്ട
തുകയ്ക്ക് പുറമെ മറ്റു സേവന നിരക്കുകളോ അധിക ചാർജുകളോ ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും പരാതികൾ ലഭിക്കുന്ന പക്ഷം അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുന്നതായിരിക്കും.
ഇതിനുപുറമെ, പഴം, പച്ചക്കറി, പലചരക്ക് വിപണന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന വിധത്തിൽ വിലവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾ അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ സിലിണ്ടറുകൾ കണ്ടുകെട്ടുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

