കുമരകം ∙ നാലുപാടും വെള്ളം. പക്ഷേ കുടിക്കാൻ ഒരു തുള്ളി വെള്ളം ഇല്ല.
പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ പല ഭാഗങ്ങളിൽ കഴിഞ്ഞ 10 ദിവസമായി ജല അതോറിറ്റിയുടെ വെള്ളം കിട്ടുന്നില്ല. കനത്ത മഴയിൽ തോട് നിറഞ്ഞു വെള്ളം ഒഴുകുമ്പോഴാണ് ശുദ്ധജലം കിട്ടാതെ ജനം വലയുന്നത്.
വെള്ളം വിലയ്ക്ക് വാങ്ങുകയാണു പല വീട്ടുകാരും. ചെറു വാഹനങ്ങൾ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലുള്ളവർ തോട്ടിലെ വെള്ളത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്.
പഞ്ചായത്തിലെ 5,6,7,8,9 വാർഡുകളിലാണ് പ്രതിസന്ധി.പാറേക്കാട്, കൊല്ലകേരി, ഇടവട്ടം, വെളിയം, മണ്ണേക്കൽ, പൊങ്ങലക്കരി, അട്ടിപ്പീടിക, കുന്നപ്പള്ളി, നാലുപങ്ക് എന്നീ പ്രദേശങ്ങളിലാണ് പൈപ്പുകളിൽ ശുദ്ധജലം എത്താത്തത്. ചെങ്ങളം പമ്പ് ഹൗസിൽ നിന്ന് ശുദ്ധീകരിച്ചു വിടുന്ന വെള്ളം ചൂളഭാഗം, ചന്തക്കവല ഭാഗങ്ങളിലെ ഓവർ ഹെഡ് ടാങ്കുകളിൽ സംഭരിച്ചു ഒന്നിടവിട്ട
ദിവസങ്ങളിലാണു വിതരണം ചെയ്തിരുന്നത്. എന്നാൽ ചന്തക്കവല ഭാഗത്തെ (കാട്ടൂത്തറ) ടാങ്കിൽ വെള്ളം എത്താത്തതാണ് പ്രശ്നം.
പേരൂർ, താഴത്തങ്ങാടി എന്നിവിടങ്ങളിൽ നിന്നാണു വെള്ളം പമ്പ് ചെയ്തു ചെങ്ങളത്ത് എത്തിക്കുന്നത്.
പതിവായി പമ്പിങ് മുടങ്ങുകയാണ്. തുടർച്ചയായുള്ള വൈദ്യുതി മുടക്കമാണ് പമ്പിങ് മുടക്കത്തിനു കാരണമെന്നാണു അധികൃതരുടെ വിശദീകരണം.
തോടുകളിലെ വെള്ളം ഉപയോഗിക്കാൻ നാട്ടുകാർ നിർബന്ധിതമാകുന്ന സാഹചര്യം വന്നാൽ അത് പകർച്ച രോഗങ്ങൾക്കു കാരണമാകും. ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]