പായിപ്പാട് ∙ ഗുണ്ടാ ആക്രമണങ്ങളും ലഹരിവസ്തുക്കളുടെ വിപണനവും വർധിക്കുന്നു. കഴിഞ്ഞ ദിവസം ഓമണ്ണിൽ ഭാഗത്ത് യുവാവിനെ ആള് മാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം.
കേസിൽ ഗുണ്ടയും ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ പ്രതിയായ പ്രമോദിനെയും കൂട്ടാളി പ്രൈസ്മോനെയുമാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനു മുൻപ് പ്രമോദിന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി ഭാഗത്ത് ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഒട്ടേറെ ചെറിയ ക്വട്ടേഷൻ സംഘങ്ങളാണ് പുതിയതായി രംഗത്ത് വരുന്നത്. ജംക്ഷനുകളിലും റോഡുകളിലും സംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളിലാണ് സംഘങ്ങൾ തമ്പടിക്കുന്നത്.
ഏപ്രിലിൽ തെങ്ങണയിലെ ബാറിനു മുൻപിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതും നാടിനെ ഞെട്ടിച്ചിരുന്നു. കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
18 വയസ്സ് മാത്രം പിന്നിട്ട കുട്ടികളും സംഘങ്ങളുടെ ഭാഗമാകുന്നുണ്ട്.
ബൈക്ക് മോഷണത്തിലൂടെ പണം കണ്ടെത്താനുള്ള ശ്രമം പിന്നീട് പണം മേടിച്ചുള്ള ആക്രമണങ്ങളിലേക്ക് കടക്കുന്നു. യുവതി നേതൃത്വം നൽകുന്ന ക്വട്ടേഷൻ ഗ്യാങ്ങും പായിപ്പാട് വീണ്ടും സജീവമാണ്.
വലിയ ക്വട്ടേഷനുകൾ ചെറിയ തുകയ്ക്ക് ക്യാൻവാസ് ചെയ്ത് മറ്റു സംഘങ്ങൾ കൊണ്ടുപോകുന്നതാണ് സംഘാംങ്ങൾക്കിടയിലുള്ള പകയ്ക്കും സംഘർഷങ്ങൾക്കും പലപ്പോഴും കാരണമാകുന്നത്.
ലഹരി തകൃതി
പായിപ്പാട് പഞ്ചായത്തിൽ പായിപ്പാട് ജംക്ഷൻ, മച്ചിപ്പള്ളി, പാറ ഭാഗം, വെള്ളാപ്പള്ളി ഭാഗങ്ങളിൽ ലഹരിവിൽപന വ്യാപകമാണ്. അതിഥിത്തൊഴിലാളികൾക്കിടയിലാണ് കച്ചവടം വ്യാപകം.
ഇവരുടെ ക്യാംപുകൾ കേന്ദ്രീകരിച്ചാണ് കച്ചവടം. ലഹരി ഉപയോഗിച്ച് റോഡരികിലും കടത്തിണ്ണയിലും ആളുകൾ കിടക്കുന്നത് ശല്യമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ക്യാംപുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]