ചങ്ങനാശേരി ∙ എംസി റോഡിൽ തടി കയറ്റിവന്ന ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം. തടി ലോറിയിലെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ ചോർന്ന് റോഡിൽ തീപടർന്നു. തടി ലോറി ഡ്രൈവറുടെയും നാട്ടുകാരുടെയും പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. മഴ പെയ്ത് റോഡ് നനഞ്ഞതും തീ പെട്ടെന്ന് പടരാതിരിക്കാൻ കാരണമായെന്ന് പൊലീസ് പറഞ്ഞു.
തടികളിലേക്കു തീ പടരാതിരുന്നത് ദുരന്തം ഒഴിവാക്കി.
ഗുരുതര പരുക്കേറ്റ, മീൻലോറിയിലെ ഡ്രൈവർ ബേപ്പൂർ സ്വദേശി അജിനാസിനെ (35) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 3.30ന് എംസി റോഡിൽ ചങ്ങനാശേരി മതുമൂല ജംക്ഷനു സമീപമാണ് അപകടം.
തിരുവനന്തപുരം ഭാഗത്തു നിന്നു പെരുമ്പാവൂരിലേക്കുള്ള തടിലോറിയും ബേപ്പൂരിൽനിന്നു ചങ്ങനാശേരി മാർക്കറ്റിലേക്ക് മീനുമായി എത്തിയ ലോറിയുമാണ് അപകടത്തിൽപെട്ടത്. തടിലോറിയുടെ ഡീസൽ ടാങ്ക് ഭാഗത്തേക്കും ലോഡിലേക്കുമാണ് മീൻ ലോറി ഇടിച്ചുകയറിയത്.
കാബിനുള്ളിൽ അജിനാസ് കുടുങ്ങി. കാബിനിലേക്ക് തീ പടർന്നില്ല.
തടിലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി വിനോദ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. വിനോദും നാട്ടുകാരും ചേർന്നാണ് കാബിനിൽനിന്ന് അജിനാസിനെ രക്ഷപ്പെടുത്തിയത്.
കാബിൻ വെട്ടിപ്പൊളിച്ചാണ് അജിനാസിന്റെ കാൽ വിനോദ് പുറത്തേക്കെടുത്തത്. അഗ്നിരക്ഷാസേന തീയണച്ചു. എംസി റോഡിൽ ഇന്നലെ പുലർച്ചെ മുതൽ ഗതാഗതക്കുരുക്കുണ്ടായി.
രാവിലെ മറ്റൊരു ലോറി കൊണ്ടുവന്ന് തടികൾ നീക്കി. മീൻലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
മീൻ ലോഡുകൾ നീക്കി. ചങ്ങനാശേരി അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി. റോഡിൽ പടർന്ന ഡീസൽ അഗ്നിരക്ഷാസേന കഴുകിക്കളഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

