കോട്ടയം∙ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ അപ്രതീക്ഷിത നേട്ടങ്ങൾ എത്തിയതിന്റെ സന്തോഷത്തിലാണ് ചിലയിടങ്ങളിൽ മുന്നണികൾ. എന്നാൽ മുന്നണി കണക്കുകൂട്ടലുകൾ ആകെ തെറ്റിയ ഇടങ്ങളുമുണ്ട്.
മരങ്ങാട്ടുപിള്ളിയും നഷ്ടമായി കേരള കോൺഗ്രസ്(എം)
മരങ്ങാട്ടുപിള്ളി∙ പാലാ നഗരസഭയിൽ നിന്നു അധികം ദൂരത്തിലല്ല മുൻ മന്ത്രി കെ.എം.മാണിയുടെ ജന്മനാടായ മരങ്ങാട്ടുപിള്ളി.
നഗരസഭയിൽ ഭരണം കൈവിട്ടതിനു പിന്നാലെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലും കേരള കോൺഗ്രസ് എമ്മിന് അടിപതറി. വർഷങ്ങളോളം യുഡിഎഫിന്റെ ഭാഗമായും തുടർന്ന് എൽഡിഎഫ് ഘടകകക്ഷിയായും പഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസ് (എം) സ്വാധീനം ഉണ്ടായിരുന്നു. ഇത്തവണ ആകെയുള്ളത് 3 അംഗങ്ങൾ മാത്രം.
എൽഡിഎഫിനും യുഡിഎഫിനും കക്ഷിനില തുല്യമായപ്പോൾ നടത്തിയ നറുക്കെടുപ്പും പാർട്ടിക്കു ഗുണം ചെയ്തില്ല. പ്രസിഡന്റ് സ്ഥാനം യുഡിഎഫിനു ലഭിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനു ലഭിച്ചെങ്കിലും ജയിച്ചത് സിപിഎം അംഗമാണ്.
കറുകച്ചാൽ കൈവിട്ടത് അപ്രതീക്ഷിതം
കറുകച്ചാൽ ∙മൂന്നു പതിറ്റാണ്ടായി എൽഡിഎഫ് ശക്തമായ മുന്നേറ്റം തുടരുന്ന കറുകച്ചാൽ പഞ്ചായത്ത് ഇക്കുറി യുഡിഎഫിന് ഒപ്പമായത് തീർത്തും അപ്രതീക്ഷിതം. കഴിഞ്ഞ തവണ പതിനാറിൽ 10 സീറ്റോടെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയത്.
ഇക്കുറി വാർഡ് എണ്ണം 17 ആയെങ്കിലും എൽഡിഎഫ് ജയിച്ചത് 8 സീറ്റിൽ.
8 ഇടത്ത് യുഡിഎഫും ജയിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പ് വേണ്ടിവന്നു. എന്നാൽ ഭാഗ്യം കടാക്ഷിച്ചത് യുഡിഎഫിനെ.
ഒന്നല്ല, 2 തവണ ! പ്രസിഡന്റായി കോൺഗ്രസിലെ മാത്യു ജോണും വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ ട്രീസമ്മ ജോൺ ( റാണി രാജൻ തട്ടാരടി ) എന്നിവരും ജയിച്ചു.
നെടുംകുന്നത്ത് നറുക്കെടുപ്പ്; ഭാഗ്യം യുഡിഎഫിന്
നെടുംകുന്നം ∙ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര എൽഡിഎഫിനൊപ്പം നിന്നു; നറുക്കെടുപ്പിൽ യുഡിഎഫിന് ജയം.
നെടുംകുന്നം പഞ്ചായത്തിലാണ് മുന്നണികളുടെ കണക്കുകൂട്ടൽ കുഴഞ്ഞുമറിഞ്ഞത്. പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വനിതയ്ക്ക് ആയിരുന്നതിനാൽ കേരള കോൺഗ്രസ് അംഗം രാജമ്മ രവീന്ദ്രൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം വന്നപ്പോൾ സ്വതന്ത്ര അംഗം എൽഡിഎഫിനൊപ്പമായി.
അതോടെ അംഗബലം ഒരുപോലെ. നറുക്കെടുപ്പിൽ പക്ഷെ കോൺഗ്രസ് അംഗം ജോൺസൺ ടി.ഇടത്തിനകത്തിന് ഒപ്പം ഭാഗ്യം നിന്നു.
യുഡിഎഫ് -8. എൽഡിഎഫ്- 7, സ്വതന്ത്ര-1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
മൂന്നിലവിൽ പാലം വലിച്ച് കേരള കോൺഗ്രസ്
മൂന്നിലവ്∙ 6 അംഗങ്ങളുമായി ഏറ്റവും വലിയ മുന്നണിയായിട്ടും പ്രസിഡന്റ് സ്ഥാനാർഥി തോറ്റതോടെ മൂന്നിലവ് പഞ്ചായത്തിലെ യുഡിഎഫിൽ പൊട്ടിത്തെറി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച കേരള കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് യുഡിഎഫ് പഞ്ചായത്ത് നേതൃത്വം അറിയിച്ചു. യുഡിഎഫ്– 6, എൽഡിഎഫ്– 5, സ്വതന്ത്രർ – 3 എന്നിങ്ങനെയായിരുന്നു കക്ഷിനില.
എൽഡിഎഫിൽ നിന്ന് ഒരാളെ കൂടെ നിർത്തി ഭരണം ഉറപ്പിക്കാനായിരുന്നു യുഡിഎഫ് നീക്കം.
എന്നാൽ കേരള കോൺഗ്രസിന്റെ ഏക അംഗത്തെ എൽഡിഎഫ് യുഡിഎഫിൽ നിന്ന് ഒപ്പംകൂട്ടി. സ്വതന്ത്രരിൽ 2 പേർ എൽഡിഎഫിനും ഒരാൾ യുഡിഎഫിനും ഒപ്പം നിന്നതോടെ നറുക്കെടുപ്പ് വന്നു.
എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര ഷേർളി രാജു പ്രസിഡന്റായി. അതോടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചു.കേരള കോൺഗ്രസ് അംഗം ഷെയ്സ് ജോസഫിനെതിരെ യുഡിഎഫ് ജില്ലാ– സംസ്ഥാന നേതൃത്വം ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
അട്ടിമറിയിൽ യുഡിഎഫിന് നഷ്ടം 3 പഞ്ചായത്തുകൾ
പാലാ ∙ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിത അട്ടിമറിയിലൂടെ യുഡിഎഫിന് നഷ്ടപ്പെട്ടത് 3 പഞ്ചായത്തുകളിലെ ഭരണം.
കരൂർ, മൂന്നിലവ്, ഭരണങ്ങാനം പഞ്ചായത്തുകളിലാണ് യുഡിഎഫിന് അടിപതറിയത്. എൽഡിഎഫ് പതിവായി വിജയിച്ചിരുന്ന 13-ാം വാർഡ് ഇടനാട് വെസ്റ്റിൽ കേരള കോൺഗ്രസ് പ്രതിനിധിയായ പ്രിൻസ് കുര്യത്ത് ജയസാധ്യത കണക്കാക്കി സ്വതന്ത്രനായാണ് മത്സരിച്ചത്.
17 അംഗ പഞ്ചായത്തിൽ പ്രിൻസ് ഉൾപ്പെടെ 9 അംഗങ്ങൾ യുഡിഎഫിനും 8 അംഗങ്ങൾ എൽഡിഎഫിനും ജയിച്ചു. എന്നാൽ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കങ്ങൾക്കിടെ പ്രിൻസ് എൽഡിഎഫിലെത്തി പ്രസിഡന്റായി.
മൂന്നിലവ് പഞ്ചായത്തിലും കേരള കോൺഗ്രസുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയത്. ഒരു വർഷം പ്രസിഡന്റാകണമെന്ന ആവശ്യം തർക്കമായതോടെ കേരള കോൺഗ്രസ് അംഗം എൽഡിഎഫിന് വോട്ടു ചെയ്തു.
യുഡിഎഫ് സ്വതന്ത്രരെ കൂട്ടുപിടിച്ചെങ്കിലും അംഗബലം ഒരു പോലെയായി.
നറുക്കെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ ഷേർളി രാജി പ്രസിഡന്റായി. കഴിഞ്ഞ തവണ യുഡിഎഫ് ഭരിച്ച ഭരണങ്ങാനം പഞ്ചായത്തിൽ 6 വീതം അംഗങ്ങളുമായി എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു.
എന്നാൽ നറുക്കെടുപ്പിൽ കേരള കോൺഗ്രസ് എമ്മിലെ സുധ ഷാജി ജയിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജിജി ഈറ്റയ്ക്കക്കുന്നേൽ ജയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

