ചങ്ങനാശേരി ∙ ആകെയുള്ള 3 ലിഫ്റ്റിൽ രണ്ടെണ്ണം നിശ്ചലം. ബാക്കിയുള്ള ഒന്ന് എപ്പോൾ നിൽക്കുമെന്ന് ആർക്കുമറിയില്ല.
അനാസ്ഥ ആകാശം തൊട്ട ചങ്ങനാശേരി റവന്യു ടവറിൽ ഇന്നലെ ലിഫ്റ്റിൽ വീണ്ടും ആളുകൾ കുടുങ്ങി.
താലൂക്ക് സപ്ലൈ ഓഫിസിലേക്ക് എത്തിയവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 3നായിരുന്നു സംഭവം. 5 പേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.
അരമണിക്കൂർ നേരം ഇവർ കുടുങ്ങിക്കിടന്നു. 5ാം നിലയിലാണ് സപ്ലൈ ഓഫിസ്.
മൂന്നാം നിലയുടെയും നാലാം നിലയുടെ ഇടയ്ക്ക് എത്തിയപ്പോഴാണ് ലിഫ്റ്റ് നിന്നു പോയത്.
വാതിൽ ഭാഗികമായി തനിയെ തുറന്നെങ്കിലും പുറത്തുകടക്കാൻ കഴിഞ്ഞില്ല. ലിഫ്റ്റിലുള്ളവരുടെ ബഹളം കേട്ടെത്തിയ ജീവനക്കാർ ഏറെ പരിശ്രമിച്ച് ഇവരെ രക്ഷപ്പെടുത്തി. ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നത് പതിവാണ്.
അറ്റകുറ്റപ്പണി നടത്തണമെന്ന് ഒട്ടേറെ തവണ ആവശ്യമുയർന്നിട്ടും റവന്യു ടവറിന്റെ ചുമതലയുള്ള ഹൗസിങ് ബോർഡിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല. ഇപ്പോൾ ജോബ് മൈക്കിൾ എംഎൽഎയുടെ ഫണ്ടിൽ നിന്നു 1.81 കോടി രൂപയുടെ ചെലവഴിച്ച് ആരംഭിക്കുന്ന നവീകരണത്തിൽ പുതിയതായി 4 ലിഫ്റ്റുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.
ഒരേ ലിഫ്റ്റിൽ കുടുങ്ങിയത് 5 തവണ
ഇന്നലെ ലിഫ്റ്റിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.ആർ.രമേശ് കുമാർ ചെങ്കിലാത്തും ഉണ്ടായിരുന്നു.
4 വർഷം മുൻപ് റവന്യു ടവറിലെ മറ്റൊരു ലിഫ്റ്റിലും രമേശ് കുടുങ്ങിയിരുന്നു. അന്ന് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
ഇപ്പോൾ പ്രവർത്തിക്കുന്ന ലിഫ്റ്റിൽ ഇതുവരെ 5 തവണ കുടുങ്ങിയെന്ന് രമേശ് പറഞ്ഞു. റേഷൻ സംബന്ധമായ ഓഫിസ് ആവശ്യങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് എത്തുന്നയാളാണ് രമേശ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

