പാലാ ∙ രണ്ടു പതിറ്റാണ്ടു നീണ്ട നിയമയുദ്ധത്തിനൊടുവിൽ സ്ഥലം പോക്കുവരവു ചെയ്ത് ലഭിച്ച ആഹ്ലാദത്തിലാണ് സംസാര,കേൾവി പരിമിതിയുള്ള നീലൂർ പൂവേലിൽ ചാക്കോയും (78) ഭാര്യ ഡെയ്സിയും. വർഷങ്ങളോളം സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും കലക്ടർ, റവന്യു മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയിട്ടും നീതി ലഭിച്ചിരുന്നില്ല.
മീനച്ചിൽ താലൂക്ക് ഓഫിസിനു മുൻപിൽ നിരാഹാര സമരം ഉൾപ്പെടെ നടത്തിയിട്ടും നടപടി നീണ്ടു. 19നു വീണ്ടും താലൂക്ക് ഓഫിസിനു മുൻപിൽ നിരാഹാര സമരം നടത്തിയതോടെ പ്രശ്നത്തിനു പരിഹാരം കാണാമെന്ന് തഹസിൽദാർ ലിറ്റിമോൾ തോമസ്, ഭൂരേഖ തഹസിൽദാർ സീമ ജോസഫ് എന്നിവർ ഉറപ്പു നൽകി.
26നു സ്ഥലം പോക്കുവരവ് ചെയ്ത് നൽകി.ഇവർ കടനാട് വില്ലേജ് ഓഫിസിലെത്തി കരമടച്ചു.
1988ൽ വിലയാധാരപ്രകാരം നീലൂർ പൂവേലിൽ ചാക്കോയുടെ പേരിൽ രാമപുരം സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്ത് വാങ്ങിയ നാലേക്കറാണുപോക്കുവരവ് ചെയ്ത് നൽകാതിരുന്നത്. 1991ലെ റീസർവേ സമയത്ത് അന്നത്തെ റവന്യു അധികൃതർ ചിലരുടെ സമ്മർദത്തിനു വഴങ്ങി കൃത്രിമരേഖ ചമച്ച് അവരുടെ പേരിൽ ചാക്കോയുടെ ഈ ഭൂമി പോക്കുവരവ് ചെയ്ത് നൽകുകയായിരുന്നു.
ഇക്കാര്യമറിഞ്ഞ് 2008 മുതൽ റവന്യു ഓഫിസ് കയറിയിറങ്ങാൻ തുടങ്ങി.
2017ൽ താലൂക്ക് ഓഫിസിനു മുൻപിൽ നടത്തിയ സമരത്തെത്തുടർന്ന് തെറ്റായ പോക്കുവരവ് ആർഡിഒ റദ്ദാക്കി. ഭൂമിയുടെ യഥാർഥ ഉടമയുടെ പേരിൽ പോക്കുവരവു ചെയ്ത് നൽകാനും ആർഡിഒ ഉത്തരവിട്ടിരുന്നു.
ജില്ലാ സർവേ സൂപ്രണ്ട് നടത്തിയ അന്വേഷണത്തിലും വീഴ്ച കണ്ടെത്തി. തിരുത്തി നൽകാനും ശുപാർശ ചെയ്തിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ ഇതു നടപ്പാക്കിയില്ല.പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ സഹായത്തോടെ നടത്തിയ പോരാട്ടങ്ങളുടെ അവസാനം നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചാക്കോയും ഡെയ്സിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]