പാലാ നഗരസഭ: 2.83 കോടിയുടെ മിച്ച ബജറ്റ്; ജനറൽ ആശുപത്രി വികസനത്തിന് 3 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലാ ∙ ജനറൽ ആശുപത്രിയുടെ വികസനത്തിന് 3 കോടി രൂപയും മാലിന്യ നിർമാർജന വികേന്ദ്രീകൃത സംവിധാനത്തിന് 7 ലക്ഷം രൂപയും ഉൾപ്പെടെ മാറ്റിവച്ച് നഗരസഭയ്ക്ക് 2.83 കോടിയുടെ മിച്ച ബജറ്റ്. 56,97,11,412 രൂപ വരവും 54,13,21,912 രൂപ ചെലവും 2,83,89,500 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ അവതരിപ്പിച്ചു.
പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. പിന്നീട് ഉപാധ്യക്ഷ ബിജി ജോജോ ബജറ്റ് വായിച്ചു.നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കും. പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഒഴിവാക്കുന്നതിനായി ഒരു വീട്ടിൽ 3 തുണിസഞ്ചികൾ എന്ന ക്രമത്തിൽ വിതരണം ചെയ്യും. ഇതിനായി 7 ലക്ഷം രൂപ വകയിരുത്തി.
ആർദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ പദ്ധതികൾക്കും കേന്ദ്ര പദ്ധതിയായ അമൃത് 2.0 നിർവഹണം പദ്ധതിക്കും തുടക്കം കുറിച്ചു. ഏറ്റവും നൂതനമായ ഡിജിറ്റൽ എക്സ്റേ മെഷീൻ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കും. ഇതിനായി 1.83 കോടി രൂപ നീക്കിവച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 21 ലക്ഷം രൂപയും വയോജന സംരക്ഷണത്തിനായി 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും.
ജനറൽ ആശുപത്രിയിൽ ഐസിയു സംവിധാനം ഒരുക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി 20 ലക്ഷം രൂപ മാറ്റിവച്ചു. ആശുപത്രി റോഡിന്റെ ഇരുവശവും ഓടയും സ്ലാബും സ്ഥാപിച്ച് രണ്ടു വരി ഗതാഗതം ഒരുക്കുന്നതിനായി 20 ലക്ഷം രൂപ നഗരസഭ നൽകും. മരിയസദനവുമായി സഹകരിച്ചു നടത്തുന്ന യാചക പുനരധിവാസ കേന്ദ്രത്തിനു 10 ലക്ഷം രൂപ നീക്കിവച്ചു. ലൈഫ് ഭവന പദ്ധതിക്കായി 40 ലക്ഷം രൂപയും പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തി. നെല്ലിത്താനം, ജനത, പരമലക്കുന്ന് സെറ്റിൽമെന്റുകൾക്കായി 10 ലക്ഷം രൂപ അനുവദിച്ചു.
ഇഎംഎസ് കളിസ്ഥലം എന്ന പേരിൽ മിനി സ്റ്റേഡിയം നിർമിക്കുന്നതിനായി 10 ലക്ഷം വകയിരുത്തി. ഓപ്പൺ ജിം നിർമാണം പൂർത്തിയാക്കി സൗജന്യമായി പൊതുജനങ്ങൾക്ക് നൽകും. അങ്കണവാടികളുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി 30 ലക്ഷം രൂപ വകയിരുത്തി. ഹോമിയോ ആശുപത്രിയുടെ പ്രവർത്തനത്തിനായി 15 ലക്ഷം രൂപ മാറ്റിവച്ചു. കിടത്തിച്ചികിത്സയ്ക്ക് എൻഎഎമ്മിന്റെ സഹകരണത്തോടെ ഒരു കോടി രൂപയുടെ കെട്ടിടനിർമാണം ഉടൻ പൂർത്തിയാക്കും. ആയുർവേദ ആശുപത്രിയുടെ പ്രവർത്തനത്തിനായി 20 ലക്ഷം രൂപ നീക്കിവച്ചു. നഗരസഭയുടെ പരിധിയിലുള്ള സ്കൂളുകളുടെ പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തി.
പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 30 ലക്ഷം രൂപ വകയിരുത്തി. നഗരസഭയിലെ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണത്തിനുമായി 2.45 കോടി രൂപ അനുവദിച്ചു. പുതിയ എംസിഎഫ്, ആർആർഎഫ്, സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മീനച്ചിലാർ ശുചീകരണം, ബയോഗ്യാസ് പ്ലാന്റ്, ഡബിൾ ചേംബർ ഇൻസിനറേറ്റർ, ജീ-ബിൻ എന്നിവയ്ക്കായി 4 കോടി രൂപ നീക്കിവച്ചു. നഗരസഭാ ഓഫിസ് പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപയും ഓഫിസ് നവീകരണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചു.
അമിനിറ്റി സെന്റർ നഗരസഭ ഏറ്റെടുക്കും. ഇതിന്റെ നവീകരണത്തിനായി 5 ലക്ഷം രൂപ വകയിരുത്തി. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് 18 ലക്ഷം രൂപ നീക്കിവച്ചു. ജനറൽ ആശുപത്രിയുടെ വെൽനസ് സെന്ററുകൾ അരുണാപുരത്തും പരമലക്കുന്നിലും ആരംഭിക്കും. ഇതിനായി 70 ലക്ഷം രൂപ അനുവദിച്ചു. നഗരസഭയിലും ജനറൽ ആശുപത്രിയിലും സോളർ സിസ്റ്റം സ്ഥാപിക്കുന്നതിനായി 70 ലക്ഷം രൂപ നീക്കിവച്ചു.
മുൻവർഷങ്ങളിലെ തനിയാവർത്തനം: പ്രതിപക്ഷ നേതാവ്
പാലാ ∙ നഗരസഭാ ബജറ്റ് മുൻവർഷങ്ങളിലെ ബജറ്റുകളുടെ തനിയാവർത്തനമാണെന്നു പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി. മുൻവർഷങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടതും നടപ്പാക്കാത്തതുമായ പദ്ധതികൾ പകർത്തിയെഴുതിയതാണു ബജറ്റ്. നഗരസഭയിലെ 26 വാർഡുകളിലേക്കും റോഡ് അറ്റകുറ്റപ്പണികൾക്കും മറ്റു വികസന പദ്ധതികൾക്കുമായി 3 കോടിയോളം രൂപ മാണി സി.കാപ്പൻ എംഎൽഎ നൽകി. ഇതു ബജറ്റിൽ പരാമർശിക്കാതിരുന്നതു പ്രതിഷേധാർഹമാണെന്നും സതീശ് ചൊള്ളാനി പറഞ്ഞു.
നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
പാലാ ∙ ഉദ്യോഗസ്ഥർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും കൊടുക്കാൻ പോലും കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലാണു നഗരഭരണമെന്നു പാലാ നഗരസഭാ ബജറ്റിൽ പറയുന്നു. ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേടല്ല കാരണമെന്നും ശമ്പളം, പെൻഷൻ, വൈദ്യുതി ചാർജ്, ഇന്ധനച്ചെലവുകൾ തുടങ്ങിയവയുടെ വർധനയ്ക്ക് അനുസരിച്ച് വരുമാനം വർധിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നും ബജറ്റിൽ പറയുന്നു.
പെൻഷനു മാത്രമായി 25 ലക്ഷത്തോളം രൂപ പ്രതിമാസം വേണം. വായ്പയെടുത്തു നിർമിച്ച കൊട്ടാരമറ്റം, തെക്കേക്കര, മൂന്നാനി കോംപ്ലക്സുകൾ നഷ്ടത്തിലാണിപ്പോൾ. വ്യാപാരികളിൽ പലരും ബിസിനസ് ഉപേക്ഷിച്ചു. വായ്പക്കുടിശികയും പലിശയും അനുദിനം വർധിച്ചുവരികയാണ്. ജല അതോറിറ്റിക്ക് 6 കോടിയോളം രൂപ കുടിശിക കൊടുക്കാനുണ്ട്. സർക്കാരിൽ നിന്നു പെൻഷൻ ഫണ്ട് ഇനത്തിൽ തിരികെ ലഭിക്കേണ്ട 10 കോടിയോളം രൂപ ലഭിക്കാത്തതു നഗരസഭ നേരിടുന്ന വലിയ പ്രതിസന്ധിയാണെന്നും ബജറ്റിലുണ്ട്.