
രക്തം വരുന്നത് കണ്ട് അട്ടഹസിച്ചു, നിലവിളിച്ചിട്ടും മനസ്സലിഞ്ഞില്ല; പ്രതികൾ ‘സൈക്കോ വില്ലന്മാർ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് സമാനതകളില്ലാത്ത ക്രൂരകൃത്യമെന്നും പ്രതികൾ സൈക്കോ വില്ലന്മാരെ പോലെ ജൂനിയേഴ്സിനെ ഉപദ്രവിച്ചതെന്നും പൊലീസിന്റെ കുറ്റപത്രം. ക്രൂര പീഡനത്തിൽ ഇരയായി ജൂനിയർ വിദ്യാർഥികൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന പീഡന മുറകളാണ് അരങ്ങേറിയത്. പ്രതികൾ സ്ഥിരമായി ഹോസ്റ്റലിൽ മദ്യപിച്ചിരുന്നു. ഇതിന് പണം കണ്ടെത്താനായി ജൂനിയർ വിദ്യാർഥികളെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പലതവണ പണം വാങ്ങി. പണം നൽകാത്തവരെ മുറിയിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിക്കുന്നതാണ് പ്രതികളുടെ രീതി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചു. ശരീരത്ത് മുറിവുകളുണ്ടാക്കി രക്തം വരുന്നത് കണ്ട് പ്രതികൾ അട്ടഹസിക്കുകയും ആനന്ദിക്കുകയും ചെയ്തു. ജൂനിയർ വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ ജിമ്മിൽ ഉപയോഗിക്കുന്ന ഡമ്പൽ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്ക്കുക, കോംമ്പസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച് ശരീരത്ത് മുറിവ് ഉണ്ടാക്കുക, മുറിവിലും വായിലും ലോഷൻ ഒഴിക്കുക, സംഘം ചേർന്ന് മർദിക്കുക തുടങ്ങി കേട്ടുകേൾവി പോലുമില്ലാത്ത ക്രൂരതകളാണ് പ്രതികൾ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത കേസിൽ വെള്ളിയാഴ്ചയാണ് പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിലെ ഒരോ വരികളും മനുഷ്യ മനഃസാക്ഷിയെ ഞട്ടിപ്പിക്കുന്നതായിരുന്നു. കേട്ടുകേൾവി പോലുമില്ലാത്ത് ക്രൂരതകളുടെ കഥകളാണ് കുറ്റപത്രത്തിൽ നിന്നും പുറത്തുവന്നത്. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൻ മജിസ്ട്രേറ്റ് കോടതിയിലാണ് ഗാന്ധിനഗർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
∙ വിവാദമായ കേസിൽ ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം
അന്വേഷണം ഉദ്യോഗസ്ഥനായ ഗാന്ധിനഗർ എസ്എച്ച്ഒ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ്, സാക്ഷി മൊഴി, ശാസ്ത്രീയ തെളിവു ശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കുകയും 47 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ നവംബർ മുതൽ 4 മാസമാണ് ജൂനിയർ വിദ്യാർഥികളായ 6 പേർ ക്രൂര പീഡനത്തിനു ഇരയായത്. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത്.
പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് റാഗിങ്ങിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്തി. നിർണായക തെളിവായ റാഗിങ്ങിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. കേസിൽ 5 പ്രതികൾ മാത്രമാണ് ഉള്ളതെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ ടി.എസ്.ശ്രീജിത്ത് പറഞ്ഞു. പ്രതികൾക്കെതിരെ ഭാരത നിയമ സംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ് എടുത്തത്. ആദ്യം ഇടുക്കി സ്വദേശിയായ ഒരു വിദ്യാർഥിയുടെ പരാതിയിലായിരുന്നു കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് വിശദമായ അന്വേഷണത്തിൽ മറ്റ് 5 വിദ്യാർഥികൾ കൂടി ക്രൂരപീഡനങ്ങൾക്ക് ഇരയായി എന്ന് കണ്ടെത്തുകയായിരുന്നു.
∙ പ്രതികൾ ഭരണത്തലലിൽ വിലസുന്നവർ
കേസിൽ സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22), മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരാണ് പിടിയിലായത്. ഇവർ ഇപ്പോഴും റിമാൻഡിലാണ്. പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി ഇവരുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല.