
താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
വൈക്കം ∙ മഴ കനത്തതോടെ വെള്ളപ്പൊക്ക ഭീഷണിയിൽ വൈക്കം താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങൾ. ഇന്നലെ പകൽ വീശിയടിച്ച കാറ്റിൽ മിക്ക പ്രദേശങ്ങളിലും ലൈനിന്റെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു.സി.കെ.ആശ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് ഓഫിസിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം നടത്തി.
വെള്ളപ്പൊക്ക സാധ്യത ഉള്ള പ്രദേശങ്ങളിൽ ഏതു നിമിഷവും ക്യാംപിന്റെ പ്രവർത്തനം ആരംഭിക്കാൻ പറ്റുന്ന തരത്തിൽ ക്രമീകരിക്കുന്നതിനും. ഇവിടേക്ക് ആവശ്യമായ മറ്റ് സജ്ജീകരണം ഒരുക്കുന്നതിനുള്ള തയാറെടുപ്പുകളും നടത്തണമെന്ന് സി.കെ.ആശ നിർദേശിച്ചു.
ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ ഉദയനാപുരം പഞ്ചായത്തിൽ വല്ലകം പുത്തൻതറയിൽ സുരേഷ് ബാബുവിന്റെ വീടിനു മുകളിൽ വലിയ രണ്ടു മരങ്ങൾ വീണ് മേൽക്കൂര തകർന്ന നിലയിൽ.
ക്യാംപുകൾ ആരംഭിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലേക്കുള്ള വൈദ്യുത തകരാർ അടിയന്തരമായി പരിഹരിക്കണമെന്നും നിർദേശിച്ചു. തലയാഴം പഞ്ചായത്തിൽ വിവിധ വകുപ്പുതല യോഗം ചേർന്നു.
അടിയന്തര സാഹചര്യം ഉണ്ടായാൽ ക്യാംപുകൾ ആരംഭിക്കുന്നതിനായി 5സ്കൂളുകൾ ക്രമീകരിച്ചതായും ക്യാംപിൽ എത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിനും, വൈദ്യുതി മുടങ്ങിയാൽ ബദൽ സംവിധാനം ഒരുക്കുന്നതിനും, കുടിവെള്ളം മുടക്കം വരാതെ ലഭ്യമാക്കുന്നതിനും ആവശ്യമായ ക്രമീകരണം ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസ് പറഞ്ഞു. കെ.ബിനിമോൻ, ടി.മധു, ജൽസി സോണി, കൊച്ചുറാണി ബേബി, ഷീജ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
തലയാഴം പഞ്ചായത്തിൽ ചേന്തറത്തറ സീമയുടെ പുരയിടത്തിൽ വെള്ളം കയറിയ നിലയിൽ.
ഉദയനാപുരം പഞ്ചായത്തിൽ പ്രസിഡന്റ് പി.കെ.ആനന്ദവല്ലിയുടെ അധ്യക്ഷതയിൽ ഇന്നലെ അടിയന്തര യോഗം ചേർന്നു. അത്യാവശ്യ സാഹചര്യം ഉണ്ടായാൽ ക്യാംപുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണം മുൻകൂട്ടി ഒരുക്കിയിട്ടുണ്ട്. വീടുകളിൽ വെള്ളം കയറിയതോടെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റും അഭയം തേടി.
ക്യാംപിലേക്കു വരാൻ പല കുടുംബങ്ങളും മടിക്കുന്ന സാഹചര്യമാണെന്ന് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി പറഞ്ഞു. വൈക്കം വാഴമന റോഡിൽ വെളളം കയറിയപ്പോൾ.
മരങ്ങൾ വീണ് വീടിന്റെ മേൽക്കൂര തകർന്നു
വൈക്കം ∙ ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ ഉദയനാപുരം പഞ്ചായത്തിൽ പടിഞ്ഞാറേക്കര, വല്ലകം, പുത്തൻതറയിൽ സുരേഷ് ബാബുവിന്റെ വീടിനു മുകളിൽ വലിയ രണ്ടു മരങ്ങൾ വീണു.
മേൽക്കൂര തകർന്നു. കാൻസർ ബാധിതനായ സുരേഷ് ബാബുവും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം.
ശബ്ദം കേട്ട് ഇവർ ഓടി രക്ഷപ്പെട്ടു. രണ്ട് സെന്റ് ഭൂമിയിലാണ് സുരേഷ് ബാബുവും കുടുംബവും താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യയുടെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
കിടപ്പാടത്തിന്റെ മേൽക്കൂര തകർന്നതോടെ ഇനി എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് കുടുംബം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]