
നെല്ലുസംഭരണം: ഗുണനിലവാരം നോക്കാതെ കിഴിവ് ചോദിച്ച് മില്ലുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരകം ∙ നെല്ലിന്റെ ഗുണനിലവാരം നോക്കാതെ തന്നെ സംഭരണത്തിൽ മില്ലുകാർ കിഴിവ് ചോദിക്കുന്നതായി കർഷകർ. കുമരകം തെക്കേകിഴിമുട്ടത്തുശേരി പാടശേഖരത്തെ നെല്ല് സംഭരിക്കാൻ 5 കിലോ കിഴിവ് വേണമെന്നായിരുന്നു ഒരു മില്ലിന്റെ ആവശ്യം. പാടത്തു വന്നു നെല്ല് കാണാതെയാണ് കിഴിവ് ചോദിച്ചത്. തുടർന്നു കർഷകർ മറ്റൊരു മില്ലുകാരെ സമീപിച്ചു. ഈ മില്ല് 3 കിലോ ഗ്രാം കിഴിവിനു നെല്ല് സംഭരിക്കാമെന്നു സമ്മതിച്ചു. ഇന്നലെ ഒരു ലോഡ് നെല്ല് കയറ്റി.
44 മില്ലുകാരെയാണ് സംഭരണത്തിനായി സപ്ലൈകോ ജില്ലയിൽ നിയോഗിച്ചത്. ഇതിൽ പകുതിയിലേറെ മില്ലുകൾ സംഭരണത്തിനു തയാറാകാതെ ആദ്യഘട്ടത്തിൽത്തന്നെ മാറി നിന്നെന്നും കർഷകർ ആരോപിച്ചു. ഒടുവിൽ മഴയെ പേടിച്ച കർഷകരെ സമർദത്തിലാക്കി കിഴിവ് വാങ്ങി തന്നെ സംഭരണം തുടങ്ങുകയായിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നും കിഴിവിനെ അനുകൂലിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും കർഷകർ ആരോപിക്കുന്നു.
മഴയും യന്ത്രക്ഷാമവും വലയ്ക്കുന്നു
മഴയും യന്ത്രക്ഷാമവും കൊയ്ത്തിനെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് 24 ദിവസമായി കൊയ്ത്ത് ഇതു വരെ അവസാനിച്ചിട്ടില്ല. 700 ഏക്കർ നെല്ല് കൊയ്യാൻ കിടക്കുകയാണ്. മഴ മൂലം തുടർച്ചയായി കൊയ്ത്ത് നടത്താൻ കഴിയാതെ വന്നതാണു പ്രശ്നം. കൂടുതൽ യന്ത്രം കൊണ്ടുവരാൻ കർഷകർ ശ്രമം തുടങ്ങി. നാട്ടകം ഗ്രാവ് പാടശേഖരത്തെ 300 ഏക്കറിൽ 150 ഏക്കറിലെ നെല്ല് കൊയ്തു.
മഴ മൂലം ഇവിടെയും കൊയ്ത്ത് മുങ്ങി. കൊയ്ത്ത് കഴിഞ്ഞ 1500 ക്വിന്റൽ നെല്ല് 2 ദിവസം കൊണ്ടു സംഭരിച്ചു.1000 ക്വിന്റൽ നെല്ല് കൂടി ഇനി സംഭരിക്കാനുണ്ട്. പെരുനിലം പാടത്തെ 6 ലോഡ് നെല്ല് ഒരാഴ്ചയിലേറെയായി പാടത്ത് കിടക്കുകയാണ്. സംഭരണം ഇന്ന് നടന്നേക്കുമെന്നു കർഷകർ പറഞ്ഞു.