കോട്ടയം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിലമ്പൂർ വൈര്യം മറന്ന് യുഡിഎഫിനൊപ്പം ചേരാൻ പി.വി.അൻവർ. തൃണമൂൽ കോൺഗ്രസിനെ അസോഷ്യേറ്റഡ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്താനുള്ള ചർച്ചകൾ അൻവർ ആരംഭിച്ചു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പൻ കൂടിക്കാഴ്ച നടത്തി. എറണാകുളത്ത് വച്ചായിരുന്നു ഇരുവരും കണ്ടത്.
ഇതിനുശേഷം സണ്ണി ജോസഫുമായി പി.വി.അൻവർ ഫോണിൽ സംസാരിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ചശേഷം തീരുമാനം അറിയിക്കാമെന്നും യുഡിഎഫിൽ ചർച്ച വേണമെന്നുമാണ് സണ്ണി ജോസഫ് ഇരുവരെയും അറിയിച്ചത്.
ഒക്ടോബർ പകുതിക്കു മുന്നേ യുഡിഎഫ് നേതാക്കളുമായി ഔദ്യോഗിക ചർച്ച നടത്താനാകുമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺഗ്രസ്.
ഉപാധികളില്ലാതെയാണ് യുഡിഎഫുമായി ചർച്ചയെന്ന് സജി മഞ്ഞക്കടമ്പൻ ‘മനോരമ ഓൺലൈനോ’ടു പറഞ്ഞു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും അർഹമായ പ്രാതിനിധ്യം പാർട്ടി പ്രതീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
നിയമസഭയിൽ ഒന്നിലധികം സീറ്റും വേണം. മൂന്നോ നാലോ സീറ്റ് ചോദിച്ച് രണ്ടെണ്ണം നേടിയെടുക്കുകയാണ് ലക്ഷ്യം.
ആര്യാടൻ ഷൗക്കത്തിന്റെ സിറ്റിങ് സീറ്റായ നിലമ്പൂരിൽ അൻവറിനു മത്സരിക്കാനാകില്ല. പകരം മലപ്പുറം ജില്ലയിലെ മറ്റൊരു സീറ്റാണ് അൻവർ ആഗ്രഹിക്കുന്നത്.
കോട്ടയം ജില്ലയിലെ ഒരു സീറ്റ് സജി മഞ്ഞക്കടമ്പനു വേണ്ടിയും ചോദിക്കും. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പകുതി വരെ യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന സജിയെ കോട്ടയത്തെ കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുമോയെന്നതാണ് ചോദ്യം.
യുഡിഎഫ് വിട്ടപ്പോൾ സജി സ്ഥാപിച്ച കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസ്, പേരുമാറ്റി കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസിന്റെ മധ്യമേഖല ഓഫിസായി.
യുഡിഎഫുമായി സഖ്യമില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കണമെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്. ഔദ്യോഗിക പ്രവേശനം ലഭിച്ചില്ലെങ്കിൽ പ്രാദേശിക തലത്തിൽ കോൺഗ്രസുമായി സഹകരണത്തിനുള്ള സാധ്യത തേടാമെന്നും കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി.
കോൺഗ്രസിന്റെ ഗുഡ് ബുക്കിൽ ഇടം നേടി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ മുന്നണി പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യം. എൽഡിഎഫുമായോ എൻഡിഎയും ആയോ ചർച്ച പോലും വേണ്ടെന്നാണ് തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]