
മീനച്ചിലാറും ളാലം തോടും കരകവിഞ്ഞു; ദുരിതപ്പെയ്ത്തിൽ വൻ കൃഷിനാശവും: വീടുകളുടെ മുകളിൽ മരം വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലാ ∙ കനത്ത മഴയിൽ മീനച്ചിലാറും ളാലം തോടും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 2 ദിവസം പെയ്ത കനത്ത മഴയിൽ മീനച്ചിലാറും ളാലം, പാലവേലി, ആറാട്ടുപുഴ, കൊല്ലപ്പള്ളി, പന്നഗം, പൊന്നൊഴുകും തോടുകൾ കരകവിഞ്ഞു. റോഡുകളിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. പാലാ-ഈരാറ്റുപേട്ട ഹൈവേയിൽ മൂന്നാനിയിൽ ഇന്നലെ ഉച്ചയോടെ വെള്ളം കയറി. മൂന്നടിയോളം വെള്ളം ഉയർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പാലാ-ഉഴവൂർ റോഡിൽ മുണ്ടുപാലം ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി.
ഭരണങ്ങാനം-പൈക റോഡിൽ വളഞ്ഞങ്ങാനം മുതൽ പങ്കപ്പാട് വരെയുള്ള പ്രദേശത്ത് റോഡിൽ വെള്ളം കയറി. കൊല്ലപ്പള്ളി-കടനാട് റോഡിലും പാലാ-ഏഴാച്ചേരി-രാമപുരം റോഡിൽ കരൂരിലും വെള്ളം കയറി. രാമപുരം-കിഴതിരി-ഇടിയനാൽ റോഡിൽ കിഴതിരി സ്കൂളിനു സമീപം മരം വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞു. ഗതാഗതവും നിലച്ചു. പാലായിൽ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. അളനാട് നെച്ചിപ്പുഴ പാലത്തിനു സമീപമുള്ള തോട് പുറമ്പോക്കിലെ 3 വീടുകളിൽ വെള്ളം കയറി.
ഇവർ ബന്ധു വീടുകളിലേക്ക് മാറി. താഴ്ന്ന പ്രദേശങ്ങളിലെ കൃഷികളും വെള്ളത്തിലായി. ഒട്ടേറെ പേരുടെ വാഴ, കപ്പ എന്നിവയെല്ലാം വെള്ളം കയറി നശിച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. മീനച്ചിലാറ്റിൽ നിന്ന് ഓടയിലൂടെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വെള്ളം കയറിത്തുടങ്ങിയെങ്കിലും വൈകിട്ടോടെ ഇറങ്ങി. ഈരാറ്റുപേട്ട ∙ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിൽ കനത്ത നാശം. മുസ്ലിം ഗേൾസ് സ്കൂൾ, മുസ്ലിം എൽപി സ്കൂൾ എന്നിവിടങ്ങളിൽ റവന്യു വകുപ്പുമായി സഹകരിച്ച് ക്യാംപുകൾ തുറക്കാൻ നടപടിയായി.
ഞായറാഴ്ച മുതൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വാഗമൺ മേഖലയിലെ മഴയും മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ കാരണമായി. മാർമല അരുവി അട്ടിക്കളം, മേലടുക്കം, വെള്ളാനി തുടങ്ങിയ തോടുകളിൽ ശക്തമായ ഒഴുക്കുണ്ട്.ഈരാറ്റുപേട്ടയിൽ തോട്ടുമുക്ക് അൻസാർ റോഡിൽ വെള്ളം കയറി. മീനച്ചിലാറിനോടു ചേർന്നുള്ള ഈരാറ്റുപേട്ട അങ്കാളമ്മൻ കോവിലിനു മുൻവശം വെള്ളത്തിലായി. പനയ്ക്കപ്പാലത്തു നിന്നും പ്ലാശനാലിലേക്കുള്ള റോഡിലും വെള്ളം കയറി. മീനച്ചിലാറ്റിലേക്കു ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം കയറാൻ കാരണം.
ഈരാറ്റുപേട്ട കോസ് വേ പാലത്തിനു സമീപം റോഡിൽ വെള്ളം കയറി. ആറ്റുതീരത്തിനോടു ചേർന്നുള്ള വ്യാപാരസ്ഥാപനത്തിലും വെള്ളം കയറി. ഇടമറുക്, രണ്ടാറ്റുമുന്നി വാകക്കാട് റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.പൂഞ്ഞാർ പഞ്ചായത്ത് ചേന്നാട് പുരയിടത്തുങ്കൽ തങ്കമ്മയുടെ വീടിന്റെ മുകളിലേക്കു മരം ഒടിഞ്ഞുവീണ് വീടു തകർന്നു. വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും നശിച്ചു. തീക്കോയി മുപ്പതേക്കർ കുടംവെട്ടി മംഗളഗിരി റോഡിന്റെ സംരക്ഷണഭിത്തി തകർന്നു.
ഈരാറ്റുപേട്ട നഗരസഭയിലെ താഴത്തെ നടയ്ക്കൽ, കടുവാമൂഴി ഭാഗത്തെ 4,5,6,7,8, വാർഡുകളിലെ വീടുകളിലാണു വെള്ളം കയറിയത്. തോടുകളിൽ നിന്നുള്ള വെള്ളമാണ് ഇവിടെ ദുരിതമായത്. തോടുകളിൽ മാലിന്യം അടിഞ്ഞു കൂടിയതും വെള്ളം ഉയരാൻ കാരണമായി.തിടനാട് പഞ്ചായത്ത് അമ്പാറനിരപ്പേൽ വട്ടന്താനത്ത് ചന്ദ്രശേഖരൻ, വട്ടന്താനത്ത് ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ചന്ദ്രശേഖരന്റെ കുടുംബത്തെ അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽപി സ്കൂളിൽ ആരംഭിച്ച ക്യാംപിലേക്കു മാറ്റി.
കൺട്രോൾ റൂം തുറന്നു
മഴക്കെടുതി വിലയിരുത്താൻ മീനച്ചിൽ താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം തുറന്നു. വില്ലേജ് ഓഫിസർമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് മീനച്ചിൽ തഹസിൽദാർ ലിറ്റിമോൾ തോമസ് പറഞ്ഞു. കൊണ്ടൂർ വില്ലേജിൽ ഒരു കുടുംബത്തിലെ 2 അംഗങ്ങളെ കൊണ്ടൂർ സെന്റ് ജോൺസ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ളാലം, വള്ളിച്ചിറ, കടനാട്, വെള്ളിലാപ്പള്ളി, ഇലയ്ക്കാട്, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തലനാട് വില്ലേജുകളിൽ കനത്ത മഴയിലും കാറ്റിലും ചെറിയ തോതിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു. കൺട്രോൾ റൂം ഫോൺ: 9496686325.