തിടനാട് (ഈരാറ്റുപേട്ട) ∙ അസാധാരണമായ പടിയേറ്റത്തിനും പടിയിറക്കത്തിനും ഇന്നലെ തിടനാട് പൊലീസ് സ്റ്റേഷൻ സാക്ഷിയായി. യാക്കോബായ സഭാ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ പീലക്സിനോസ് പൊലീസ് സ്റ്റേഷന്റെ പടികൾ കയറി.
അതോടെ ആ മനസ്സിൽനിന്നു വലിയ സങ്കടഭാരം പടിയിറങ്ങി. അദ്ദേഹത്തിന്റെ പിതാവ്, ഹെഡ്കോൺസ്റ്റബിളായിരുന്ന ടി.കെ.ഇട്ടിയവിര കള്ളനോട്ടു കേസിലെ പ്രതിയുടെ വെടിയേറ്റു പിടഞ്ഞുവീണത് ഈ പൊലീസ് സ്റ്റേഷനിലാണ്.
37 വർഷം മുൻപ് 1989 ജനുവരി എട്ടിനായിരുന്നു ആ സംഭവം. കോട്ടയം മെഡിക്കൽ കോളജിൽവച്ച് അടുത്തദിവസം ഇട്ടിയവിര മരിച്ചു.
3 ആൺമക്കളിൽ ഏറ്റവും ഇളയവനായ ജോയ്ക്ക് അന്ന് 16 വയസ്സ്. ഈ പൊലീസ് സ്റ്റേഷനോടു സങ്കടം കലർന്ന ദേഷ്യമായിരുന്നു അന്നു മുതൽ ജോയുടെ മനസ്സിൽ.
പിതാവിനെ നഷ്ടപ്പെട്ട ഇടം.
പിതാവിന്റെ ആഗ്രഹമായിരുന്നു ജോ വൈദികനാകണമെന്ന്. വൈദികപ്പട്ടം നേടിയ ജോ തൂത്തൂട്ടി ആശ്രമത്തിന്റെ ഡയറക്ടറും പിന്നീട് ഇടുക്കി ഭദ്രാസനാധിപനുമായി.
സഖറിയാസ് മാർ പീലക്സിനോസ് എന്ന് അറിയപ്പെടാനും തുടങ്ങി. എന്നിട്ടും മനസ്സിലെ ഭാരം അങ്ങനെ കിടന്നു.
നോമ്പുകാല ധ്യാനസന്ദേശം നൽകാൻ ഇന്നലെ ചെമ്മലമറ്റം പള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് അടുത്തുള്ള തിടനാട് പൊലീസ് സ്റ്റേഷനിലും കയറണമെന്ന് ആഗ്രഹം തോന്നിയത്. സമീപവാസിയായ പയസ് സ്കറിയ പൊട്ടംകുളവും പ്രോത്സാഹിപ്പിച്ചു.
അങ്ങനെ അയൽവാസിയായ അനിയൻ മാത്യൂസിനൊപ്പം സ്റ്റേഷനിലെത്തിയ മാർ പീലക്സിനോസിനെ പാലാ ഡിവൈഎസ്പി കെ.സദനും എസ്ഐ കെ.അജിത്തും സഹപ്രവർത്തകരും ചേർന്നു സ്വീകരിച്ചു. ‘‘ഒരിക്കലും ഇഷ്ടപ്പെടാത്ത സ്ഥലത്തേക്കാണ് ഇപ്പോൾ വന്നത്.
മനസ്സിനു വല്ലാത്ത ആശ്വാസമുണ്ട്. മൂന്നു ദശകത്തിലധികം പൊലീസിൽ സേവനം ചെയ്തു രക്തസാക്ഷിയായ പിതാവിന്റെ ജോലിസ്ഥലത്തേക്കു രക്തസാക്ഷിത്വത്തിന്റെ ചുവപ്പുകുപ്പായം അണിഞ്ഞാണ് ഞാനും എത്തിയിരിക്കുന്നത്.
ഞങ്ങളുടെ ജീവിതം ഒരു നിമിഷം കൊണ്ടു മാറ്റിമറിച്ച ഇടമാണിവിടം. അമ്മ തങ്കമ്മ, എന്റെ ജ്യേഷ്ഠന്മാരായ സജി, റെജി എന്നിവരെല്ലാം ഒറ്റദിവസം കൊണ്ടാണ് അനാഥരായത്.
അതേസമയം അന്നു കുടുംബത്തിനു നല്ല പിന്തുണയാണ് പൊലീസ് വകുപ്പ് തന്നത്’’ – വികാരാധീനനായി മാർ പീലക്സിനോസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യുമ്പോഴാണു മഞ്ഞാടി തേറാമ്പിൽ ഇട്ടിയവിരയുടെ (53) തലയ്ക്കു വെടിയേറ്റതെന്ന് എസ്ഐ അജിത് വിശദീകരിച്ചു.
മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ മാധവൻ നായർക്കും അന്നു വയറ്റിൽ വെടിയേറ്റിരുന്നു. വിജയകുമാർ എന്ന പ്രതി അടിവസ്ത്രത്തിനുള്ളിലാണ് കള്ളനോട്ടും റിവോൾവറും ഒളിപ്പിച്ചിരുന്നത്.
പരിശോധനയിൽ കള്ളനോട്ട് കണ്ടെടുത്ത ഉടനെ തോക്കെടുത്തു വെടിവയ്ക്കുകയായിരുന്നു. അന്നത്തെ സ്റ്റേഷൻ ഇപ്പോൾ പൊലീസ് ക്വാർട്ടേഴ്സാണ്.
പിതാവിന്റെ നല്ല ഫോട്ടോ സ്റ്റേഷനിലേക്കു നൽകുമെന്നു ഡിവൈഎസ്പിയോടു പറഞ്ഞശേഷമാണ് ബിഷപ് നിറഞ്ഞ മനസ്സോടെ ധ്യാനപ്രസംഗം നടത്താൻ യാത്ര പറഞ്ഞിറങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

