ചങ്ങനാശേരി ∙ റവന്യു ടവറിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ആസ്തി വികസന ഫണ്ടിൽ നിന്ന് 1.81 കോടി രൂപ അനുവദിച്ചതായി ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. ഹൗസിങ് ബോർഡിനു കീഴിലുള്ള റവന്യു ടവറിന്റെ നവീകരണത്തിനു ബോർഡിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഇടപെടൽ.
6 നിലകളിലായി താലൂക്ക് ഓഫിസ്, ആർടി ഓഫിസ്, സിവിൽ സപ്ലൈസ് തുടങ്ങി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ടവറിൽ പ്രവർത്തിക്കുന്നത്.
ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചതും അടിസ്ഥാന സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകളും കാരണം സ്വകാര്യ സ്ഥാപനങ്ങൾ മുറികൾ ഒഴിയുന്ന സ്ഥിതിയായിരുന്നു. ആകെ പ്രവർത്തിച്ചിരുന്ന ഒരു ലിഫ്റ്റിൽ ആളുകൾ കുടുങ്ങുകയും തുടർച്ചയായി ഇതിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തിരുന്നു.
ടവറിലെ അഗ്നിരക്ഷാ സംവിധാനങ്ങളും തുരുമ്പെടുത്ത് നശിച്ചു. നവീകരണത്തിന്റെ ആദ്യഘട്ടമായി ചോർന്നൊലിച്ച മേൽക്കൂര മാറ്റിസ്ഥാപിക്കുകയും പാർക്കിങ് സ്ഥലത്ത് ഇന്റർലോക്ക് കട്ടകൾ പാകുകയും ചെയ്തു.
ഇനിയുള്ള ജോലികൾ
∙ പുതിയ 4 ലിഫ്റ്റുകൾ സ്ഥാപിക്കും.
∙ റവന്യു ടവറിന്റെ ബാക്കിയുള്ള പരിസരം മുഴുവൻ ഇന്റർലോക്ക് പാകും.
∙ പുതിയ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ∙ കാലഹരണപ്പെട്ട അഗ്നിരക്ഷാ സംവിധാനങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കും. ∙ ശുചിമുറി മാലിന്യവും ഓഫിസുകളിലെ മാലിന്യവും സംസ്കരിക്കുന്നതിനു സംവിധാനം ഒരുക്കും. ∙ പരസ്യ ബോർഡുകൾ നീക്കം ചെയ്യും.
ഓഫിസുകളും സ്ഥാപനങ്ങളും അതിവേഗം തിരിച്ചറിയാനുള്ള ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും.
‘ടവറിന്റെ പ്രവർത്തനം റവന്യു വകുപ്പ് ഏറ്റെടുക്കണം’
റവന്യു ടവറിന്റെ പ്രവർത്തനം ഹൗസിങ് ബോർഡിൽ നിന്നു റവന്യു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് ജോബ് മൈക്കിൾ എംഎൽഎ കത്തു നൽകി. ടവറിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണിത്.
സ്ഥാപനങ്ങളിൽ നിന്നു കുടിശികയിനത്തിലുള്ള പണം ലഭിക്കാത്തത് ഹൗസിങ് ബോർഡിന്റെ നവീകരണം വൈകാൻ കാരണമായി. വാടകയിനത്തിൽ സർക്കാർ ഓഫിസുകളിൽനിന്ന് 2.16 കോടി രൂപയും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു 46.46 ലക്ഷം രൂപയും കുടിശികയാണെന്ന് മാർച്ചിൽ നിയമസഭയിൽ മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]