
‘പ്രതി ഉന്നതനും മനസാക്ഷി ഇല്ലാത്തവനും; ജാമ്യം ലഭിച്ചാൽ രാജ്യം വിടാൻ സാധ്യത’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏറ്റുമാനൂർ∙ 2 പെൺമക്കളെയും കൂട്ടി യുവതി ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയ പറമ്പിൽ നോബി ലൂക്കോസ് (44)ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ വിശദമായ വാദം കേൾക്കുന്നതിനായി 29ലേക്ക് മാറ്റി നിശ്ചയിച്ചത്.
ഇത് രണ്ടാം തവണയാണ് നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ മാറ്റി വയ്ക്കുന്നത്. നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവർ കഴിഞ്ഞ 28ന് പുലർച്ചെയാണ് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കേസിൽ ആത്മഹത്യ പ്രേരണക്കുറ്റം ചാർത്തിയാണ് ഭർത്താവ് നോബി ലൂക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നോബി അവസാനമായി ഷൈനിയോടു പറഞ്ഞ വാക്കുകളാണ് ഇവരെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവം ദിവസം രാത്രി 10.30തോടെയാണ് നോബി ഭാര്യ ഷൈനിയെ വിളിച്ചത്. വാട്സ് ആപ്പ് കോളിലൂടെയാണ് സംസാരിച്ചത്. ‘ നീ നിന്റെ 2 മക്കളെയും കൊണ്ട് അവിടെത്തന്നെ നിന്നോടീ… നീയും നിന്റെ മക്കളും ചത്ത ശേഷം മാത്രമേ ഞാൻ ഇനി നാട്ടിലേക്കു വരൂവുള്ളടീ…. എന്നെ ദ്രോഹിക്കാതെ നിനക്കും നിന്റെ മക്കൾക്കും പോയി ചത്തു കൂടെ എന്നു തുടങ്ങി ഷൈനിയെ മാനസികമായി തളർത്തുന്നതും ആത്മഹത്യയിലേക്ക് തള്ളി വിടുന്ന രീതിയിലുള്ള സംസാരമായിരുന്നു നോബിയുടെതെന്നും ഇതിൽ മനം നൊന്താണ് ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് കണ്ടെത്തൽ.
നേരത്തെ ഏറ്റുമാനൂർ മജിസ്ട്രേട്ട് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്നും ജാമ്യാപേക്ഷയെ എതിർത്തായിരുന്നു പൊലീസ് റിപ്പോർട്ട്.
ജാമ്യാപേക്ഷയെ നഖശിഖാന്തം എതിർത്ത് പൊലീസ്
‘പ്രതി ഉന്നതനും മനസാക്ഷി ഇല്ലാത്തവനും, ജാമ്യം ലഭിച്ചാൽ രാജ്യം വിടാനും സാധ്യത’. 2 പെൺമക്കളെയും കൂട്ടി യുവതി ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവിന്റെ ജാമ്യാപേക്ഷയെ ഏറ്റുമാനൂർ പൊലീസ് ശക്തമായി എതിർത്തു. സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൂട്ട ആത്മഹത്യക്കു കാരണക്കാരനാണ് പ്രതി നോബിയെന്നും പിതാവിന്റെ സ്നേഹ പരിലാളനങ്ങൾ ഏറ്റു വാങ്ങേണ്ട 10ഉം 11ഉം വയസ്സുള്ള പെൺമക്കളെയും മരണത്തിലേക്ക് തള്ളി വിട്ട ക്രൂരനാണു നോബിയെന്നും ജാമ്യാപേക്ഷ നിരസ്സിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതി സമൂഹത്തിൽ ഉന്നത നിലവാരത്തിൽ കഴിയുന്ന ആളാണ്.
പണവും സ്വാധീനവും ഉണ്ട്. കേസ് നിലവിൽ പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ട്. നല്ല വരുമാനവും സാമ്പത്തിക ഭദ്രതയും ഉള്ള നോബി സ്വന്തം മക്കൾക്ക് പോലും ചെലവിനു പണം നൽകാത്ത ആളാണ്. മനസാക്ഷി ഇല്ലാത്ത ആളാണ്.
പുറത്തിറങ്ങിയാൽ രാജ്യം വിടാനുള്ള സാധ്യതയും ഉണ്ട്. സ്വന്തം ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന പ്രതി, അവരെ വീട്ടു ജോലിക്കാരിയായി കണ്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ കാരണക്കാരനായ പ്രതിക്കു ജാമ്യം നൽകിയാൽ സമൂഹത്തിൽ തെറ്റായ സന്ദേശ നൽകാൻ ഇട വരും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയനാക്കേണ്ടതുണ്ടെന്നും നോബിയുടെ ജാമ്യാപേക്ഷ നിരസിക്കണമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിലുണ്ട്.