
‘ഒറ്റയടിക്ക് തലച്ചോറ് പൊട്ടിയതു പോലെ തോന്നി; സർവതും തല്ലിത്തകർത്തു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാന്ധിനഗർ ∙ ‘ഒറ്റയടിക്ക് തലച്ചോറ് പൊട്ടിയതു പോലെ തോന്നി, കണ്ണിൽ ഇരുട്ടുകയറി’ –കുടിശിക മുടങ്ങിയതിനു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ വീടുകയറി നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിക്കുമ്പോൾ പാറപ്പുറത്ത് ആറാട്ടുകുന്നേൽ സുരേഷ് കുമാറിന്റെ (55)ന്റെ മുഖത്ത് ഭീതി. ‘സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്നായിരുന്നു ആക്രമണം. പണം അടയ്ക്കാനുണ്ടെന്നത് സത്യമാണ്, നിവൃത്തികേടുകൊണ്ടാണ് അടയ്ക്കാത്തത്. അതൊന്നും കേൾക്കാൻ തയാറായില്ല. റൗഡിയെപ്പോലെയാണ് പെരുമാറിയത്. ഞാൻ ഹൃദ്രോഗിയാണെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഇരിക്കുകയാണെന്നും അയാൾക്ക് അറിയാം.
എന്നെ മർദിച്ച ശേഷം വീട്ടുമുറ്റത്തെ സാധനങ്ങളെല്ലാം തല്ലിത്തകർക്കാനാണ് യുവാവ് ശ്രമിച്ചത്.അടിയേറ്റു തളർന്നുവീണ ഞാൻ അരുതെന്നു പറഞ്ഞെങ്കിലും ജീവനക്കാരൻ സാധനങ്ങളെല്ലാം എറിഞ്ഞുടച്ചാണ് അരിശം തീർത്തത്’–സുരേഷ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10നാണ് സുരേഷിന്റെ വീട്ടിൽ കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ എത്തിയത്. കുടിശിക ആവശ്യപ്പെട്ടായിരുന്നു ആക്രമണം.ഒരു വർഷം മുൻപാണ് സുരേഷിന്റെ ഭാര്യ മിനിയും അയൽവാസികളായ സ്ത്രീകളും ചേർന്ന് ആളോഹരി 35,000 രൂപ ലഭിക്കുന്ന നിലയിൽ ലോൺ എടുത്തത്. മാസം 2,540 രൂപയാണ് തിരിച്ചടവ്. മരപ്പണിക്കാരനായ സുരേഷിനു ഹൃദയസംബന്ധമായ അസുഖം വന്നതോടെ അടവ് മുടങ്ങി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്തു കിടക്കുന്ന സമയത്തെ 2 മാസം കുടിശിക വന്നു. പിന്നീട് 2 അടവുകൾ മുടങ്ങിയിരുന്നു. 10,000 രൂപ മാത്രമാണ് അടയ്ക്കാനുള്ളത്. പിരിവിനെത്തിയ യുവാവിനോട് സാവകാശം വേണമെന്നാണ് സുരേഷ് ആവശ്യപ്പെട്ടത്. ഇതു സമ്മതിക്കാത്ത യുവാവ് മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റർ ഓഫ് പാരിസ് പ്രതിമയെടുത്ത് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സുരേഷിനെ വീട്ടുകാർ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത പള്ളം നെടുമ്പറമ്പിൽ ജാക്സൺ എൻ.മാർക്കോസ് (27)നെ കോടതി ഇന്നലെ റിമാൻഡ് ചെയ്തു.