കോട്ടയം ജില്ലയിലെ അയർക്കുന്നിൽ നാല് അംഗങ്ങളുള്ള കുടുംബം ജീവനൊടുക്കിയ ദാരുണ സംഭവം സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ അയർക്കുന്നം പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചു വരുന്നത്.
വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ വിവിധ ദിവസങ്ങളിലായാണ് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവർ മരണമടഞ്ഞത്. അലൻ ഒഴികെയുള്ള മൂന്ന് പേരും നൽകിയ മരണമൊഴികളിലെ വൈരുധ്യവും സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകളുമാണ് കേസിന്റെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ കാരണം.
വിഷം ശരീരത്തിൽ എത്തിയതെങ്ങനെയെന്ന കാര്യത്തിൽ ഇവർ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ അലന്റെ മൊഴി രേഖപ്പെടുത്താൻ ഡോക്ടർമാർ അനുമതി നൽകിയിരുന്നില്ല.
നാടിന്റെ യാത്രാമൊഴി
കൂരോപ്പടയിൽ മരിയയുടെയും അലന്റെയും സഹപാഠികളും ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെയാണ് പ്രിയപ്പെട്ടവർക്ക് വിട നൽകിയത്.
ചേപ്പുംപാറ മർത്തമറിയം പള്ളി സെമിത്തേരിയിൽ തോമസ് ഏബ്രഹാം, ജോസ്ന, മക്കളായ മരിയ തെരേസ തോമസ്, അലൻ തോമസ് എന്നിവരുടെ ഭൗതികശരീരം സംസ്കരിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 4.10-ഓടെയാണ് മൃതദേഹങ്ങൾ സെമിത്തേരിയിൽ എത്തിച്ചത്.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകളാണ് അന്തിയാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഈ മാസം 13-ാം തീയതിയാണ് കളനാശിനി കഴിച്ച് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഓരോരുത്തരായി മരണത്തിന് കീഴടങ്ങിയത്. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ മറ്റപ്പള്ളിയിലെത്തിച്ചു.
നാല് ആംബുലൻസുകളിലായി വീടിന് മുൻപിൽ എത്തിച്ച മൃതദേഹങ്ങൾ കുറച്ചുസമയം നിർത്തിയ ശേഷം പൊതുദർശനത്തിനായി ചേപ്പുംപാറ മർത്തമറിയം പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. വീടിനു മുൻപിലെ റോഡിൽ പ്രത്യേക പ്രാർഥനകൾ നടന്നു.
മരിയയും അലനും പഠിച്ചിരുന്ന മറ്റക്കര എച്ച്എസ്എസിലെ അധ്യാപകരും സഹപാഠികളും പൊട്ടിക്കരഞ്ഞാണ് അന്തിമോപചാരം അർപ്പിച്ചത്. ചാണ്ടി ഉമ്മൻ എംഎൽഎ, റബർ ബോർഡ് ചെയർമാൻ എൻ.ഹരി, മുൻ എംപി തോമസ് ചാഴികാടൻ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലക്കലോടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.എസ്.വിനോദ്, സുനിൽ തോമസ്, ഗീത രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം
ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ജോസ്നയുടേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ബാങ്കുകളിൽ ജോസ്നയ്ക്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയ പൊലീസ്, ഇതിലെ പണമിടപാടുകൾ വിശദമായി പരിശോധിച്ചുവരികയാണ്.
ഈ അക്കൗണ്ടുകൾ വഴി പണം കൈമാറിയ വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ചെക്കുകൾ ഉപയോഗിച്ചാണ് വലിയ തുകകൾ പിൻവലിച്ചിട്ടുള്ളത്.
കഴിഞ്ഞ കാലങ്ങളിൽ പത്തു ലക്ഷത്തിലധികം രൂപയുടെ സ്വർണപ്പണയ വായ്പയും ജോസ്ന എടുത്തിരുന്നു. എന്നാൽ വീട്ടിൽ നടത്തിയ പരിശോധനകളിൽ ആഡംബര വസ്തുക്കളോ വലിയ ആഭരണങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ചിട്ടിയുടെ പേരിൽ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ടെന്ന ആക്ഷേപമുണ്ടെങ്കിലും, ഈ തുകയെല്ലാം എന്ത് ചെയ്തു എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

