എരുമേലി ∙ റാന്നി റോഡിൽ കരിങ്കല്ലുമ്മൂഴി ഇറക്കത്തിൽ പാറ ലോഡുമായി ടോറസുകൾ നിരന്തരം യാത്ര ചെയ്യുന്നതുമൂലം രൂപപ്പെട്ട കുഴിയിൽ ദിവസവും വീഴുന്നത് ഒട്ടേറെ യാത്രക്കാർ.
4 ദിവസത്തിനുള്ളിൽ 6 ഇരുചക്ര വാഹനയാത്രക്കാരും ഒരു ഓട്ടോറിക്ഷ യാത്രക്കാരിയും ഇവിടെ അപകടത്തിൽപെട്ടു. ഇതിൽ 3 പേർക്ക് തലയ്ക്ക് പരുക്കേറ്റു.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയും മാത്രം 2 ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് വീണ് പരുക്കേറ്റു.
അപകടങ്ങൾ തുടർന്നതോടെ പരിസരവാസികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ അപകട സൂചന നൽകുന്ന ട്രാഫിക് കോണുകൾ പൊലീസ് സ്ഥാപിച്ചു.
എന്നാൽ ഇന്നലെ വൈകിട്ട് ആയപ്പോഴേക്കും ഇവയിൽ പലതും വാഹനങ്ങൾ കയറി തകർന്നു. കഴിഞ്ഞ ആഴ്ച കുഴിയിൽ ചാടിയ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 5 തവണ റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തും ടാറിങ് നടത്തിയും പാറ മക്ക് ഇട്ടും അടച്ചെങ്കിലും വീണ്ടും പൊളിഞ്ഞു.
റോഡിന്റെ അപകട സ്ഥിതി പലതവണ ചൂണ്ടിക്കാട്ടിയിട്ടും പൊലീസും പൊതുമരാമത്തുവകുപ്പും മോട്ടർവാഹന വകുപ്പും കുഴിയുണ്ടാകുന്നതിനു കാരണമായ ടോറസുകൾ വഴി തിരിച്ചുവിടാൻ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ഇത്രയധികം അപകടങ്ങൾ ഉണ്ടായിട്ടും നാട്ടുകാർ പരാതി അറിയിച്ചിട്ടും ജനപ്രതിനിധികൾ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
പാറമക്കിട്ട് കുഴി മുടാനുള്ള ശ്രമം തടഞ്ഞു
പാറമക്കുമായി കുഴി അടയ്ക്കാൻ എത്തിയ ലോറി നാട്ടുകാർ തടഞ്ഞു. ഇന്നലെ വൈകിട്ടാണ് കുഴി മൂടാൻ പാറമക്കുമായി എത്തിയത്.
ദേശീയപാത അധികൃതരുടെ നിർദേശ പ്രകാരമാണ് കുഴി മൂടാൻ മക്കുമായി എത്തിയത്. എന്നാൽ, മുൻപും സമാന വിധത്തിൽ പാറമക്ക് ഇട്ട് കുഴി അടയ്ക്കാൻ ശ്രമിച്ചെങ്കിലും അന്ന് പ്രദേശമാകെ പൊടി ശല്യം രൂക്ഷമാകുകയും റോഡിൽ നിരന്ന പൊടിയിൽ തെന്നി ബൈക്കുകൾ മറിയുകയും ചെയ്തിരുന്നു. അതിനാലാണ് പാറ മക്ക് ഇട്ട് കുഴി മുടുന്നത് നാട്ടുകാർ തടഞ്ഞത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

