മേവട ( പാലാ) ∙ ഏകീകൃത സിവിൽ കോഡ് വരുമെന്നും ആരാധനാലയങ്ങൾക്കുള്ള ബിൽ അതിനു പിന്നാലെ എത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ദേവസ്വങ്ങളുടെ എല്ലാം അവസാനമായിരിക്കും അന്ന്. ഇത് വാഗ്ദാനമല്ല, ഉറപ്പാണ്.
ഏകീകൃത സിവിൽ കോഡാണ് അടിസ്ഥാനം. പിന്നെ വരാൻ പോകുന്നത് ഹിന്ദു റിലീജിയസ് കൺസോർഷ്യം, ഹിന്ദു റിലീജിയസ് അഡ്മിനിസ്ട്രേഷൻ പോലെ ദേശീയമായ ഒരു സംവിധാനമായിരിക്കും.
ഒരു ദേവസ്വം വകുപ്പ് കേന്ദ്രത്തിൽ വന്നാൽ ഇതെല്ലാം നിയന്ത്രിക്കാൻ സാധിക്കും. ശബരിമല മാത്രമല്ല ഒരുപാട് ക്ഷേത്രങ്ങൾ ഇതു പോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ വേണമെന്നും ഉദയ സ്റ്റുഡിയോ പരിസരത്ത് 300 ഏക്കർ സ്ഥലം കാണിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 300 ഏക്കർ കൂടി സംസ്ഥാനം ഏറ്റെടുക്കണം.
എയിംസിന് തറക്കല്ലിടാതെ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തുകയോ ചെയ്യില്ല. പക്ഷേ, സ്ഥലം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് കണ്ടിഷൻ.
വൈക്കം കായൽ വഴി ഒരു നാലുവരിപ്പാത കൂടി വന്നാൽ കുമരകം വഴി കോട്ടയത്തേക്കും അവിടെ നിന്ന് മുണ്ടക്കയം വഴി മധുരയിലേക്കും കണക്ടിവിറ്റിയാകും.
അടിസ്ഥാന സൗകര്യ വികസനം കുമരകത്തിനും കുട്ടനാടിനും അടക്കം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മേവട
പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിന്റെ ആൽത്തറയിൽ കലുങ്കുസഭയിൽ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആരംഭിച്ച കലുങ്കുസഭ തൃശൂർ ജില്ലയ്ക്കു പുറത്ത് ആദ്യമാണു നടത്തുന്നത്.
വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള സ്ഥലമല്ല കലുങ്കുസഭയെന്ന പരിപാടിയെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
ചീഫ് ഇലക്ഷൻ കമ്മിഷനെ തകർക്കാൻ ശ്രമിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. ഇതിനുള്ള പരിഹാരമാണ് എസ്ഐആർ.
അത് ബിഹാറിൽ തുടങ്ങിയെങ്കിൽ കേരളത്തിലും നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ട്രെയിൻ അപകടത്തിൽ ഒരു കയ്യും കാലും നഷ്ടപ്പെട്ട ആർപ്പൂക്കര സ്വദേശിയും ഹഗ് ഇന്റർനാഷനൽ സ്ഥാപനത്തിന്റെ ഫൗണ്ടറുമായ അനീഷ് മോഹൻ ചോദ്യം ചോദിക്കാനായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൃത്രിമക്കയ്യിൽ സുരേഷ് ഗോപി ചുംബിച്ചു.
യുവാക്കളുടെ നൈപുണ്യ വികസനത്തെക്കുറിച്ചായിരുന്നു അനീഷിന്റെ ചോദ്യം. പ്രധാനമന്ത്രിയുടെ വികസിത ഇന്ത്യയുടെ കാഴ്ചപ്പാടു പങ്കുവച്ച് സുരേഷ് ഗോപി മറുപടി നൽകി.
റബർ കർഷകരെ കാർബൺ ക്രെഡിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും വാണിജ്യ വകുപ്പിൽ നിന്നു മാറ്റണമെന്നുള്ള ആവശ്യം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും അദ്ദേഹം ഉറപ്പു നൽകി.
പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം പൂവരണി അമ്പലം റോഡ് പണി തൃശൂരിൽ നടക്കുന്ന അവലോകന യോഗത്തിൽ അവതരിപ്പിച്ച് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി നവീകരണം സംബന്ധിച്ച ആവശ്യത്തിന് തൃശൂർ മണ്ഡലത്തിനു പുറത്ത് തുക അനുവദിക്കാൻ തനിക്കു സാധിക്കില്ലെന്നും കത്തു തന്നാൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ ഇക്കാര്യം ധരിപ്പിക്കാമെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ.
ഹരി, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]