
ചെങ്ങളം മാടേകാട് പാടശേഖരം നെല്ല് സംഭരണം നിലച്ചു; കർഷകർ ദുരിതത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരകം ∙സർക്കാരും മില്ലുകാരും കയ്യൊഴിഞ്ഞതോടെ ചെങ്ങളം മാടേകാട് പാടശേഖരത്തെ കർഷകർ ജനങ്ങളുടെ സഹായം തേടുന്നു. സപ്ലൈകോ ഓഫിസിനു മുന്നിൽ ഇന്ന് നടത്തുന്ന സമരത്തിൽ പ്രശ്നത്തിനു പരിഹാരമായില്ലെങ്കിൽ സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ചു രാപകൽ സമരത്തിനാണു കർഷകരുടെ തീരുമാനമെന്ന് പാടശേഖര സമിതി കൺവീനർ പി.വി. സാലുമോൻ പറഞ്ഞു.നെൽക്കർഷക സംരക്ഷണ സമിതി കർഷകർക്കൊപ്പം സമരത്തിനുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് റെജീന അഷ്റഫ് പറഞ്ഞു. പാടശേഖരത്തെ 60 ഏക്കറിലെ നെല്ല് പാടത്ത് കിടക്കാൻ തുടങ്ങിയിട്ടു 35 ദിവസമായിട്ടും സംഭരിക്കാൻ സർക്കാർ നടപടി എടുക്കുന്നില്ല.
മില്ലുകാർ പിന്മാറി
ഗ്രാവ് പാടശേഖരത്തെ നെല്ല് സംഭരിക്കുന്നതിനു സപ്ലൈകോ നിയോഗിച്ച 2 മില്ലുകാരും പിന്മാറിയതായി പാടശേഖര സമിതി സെക്രട്ടറി കെ. എസ് സാബുമോൻ പറഞ്ഞു. അടുത്ത മില്ലുകളെ ഉടൻ നിയോഗിക്കാമെന്നു അറിയിച്ച സപ്ലൈകോ അധികൃതർ പിന്നെ ഇവിടേക്കു വന്നിട്ടില്ല. ബാങ്കുകളിൽ നിന്ന് വായ്പ എടുത്തും സ്വർണം പണയം വച്ചും പണം കണ്ടെത്തിയാണു കർഷകർ കൃഷിയിറക്കിയത്. നെല്ല് സംഭരണം വൈകുന്നതുമൂലം കൃഷി നഷ്ടത്തിൽ കലാശിച്ചതായും കർഷകർ പറഞ്ഞു. മില്ലുകാർ ഇനി എന്ന് വരുമെന്നു കർഷകർക്ക് അറിയില്ല.
നെല്ല് കരയ്ക്കു കയറ്റി
നാട്ടകം ഗ്രാവ് പാടത്തെ 1500 ക്വിന്റൽ നെല്ല് പാടത്ത് നിന്ന് കർഷകർ സമീപത്തെ ബൈപാസ് റോഡിലേക്കു കയറ്റി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പാടത്ത് കിടന്ന നെല്ലിൻകൂനയുടെ അടിയിൽ വെള്ളം എത്തിയിരുന്നു. ഇതോടെയാണു കർഷകർ തൊഴിലാളികളെ നിർത്തി നെല്ല് റോഡ് വശത്ത് കൊണ്ടു വന്നിട്ടത്. 60 ഏക്കറിലെ കൊയ്ത്ത് കഴിഞ്ഞു. ബാക്കി 240 ഏക്കറിലെ നെല്ല് കൊയ്യാൻ കിടക്കുന്നു.പാടത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ യന്ത്രം ഇറക്കി നെല്ല് കൊയ്തെടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 2 ദിവസം ഈ മേഖലയിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഇതുമൂലം പാടത്തെ വെള്ളം വറ്റിക്കാനും കഴിഞ്ഞില്ല. മില്ലുകാർ പറഞ്ഞ കിഴിവ് അംഗീകരിച്ച കുമരകത്തെ പാടശേഖരങ്ങളിൽ നിന്ന് ഇന്നലെയും നെല്ല് സംഭരണം നടന്നിരുന്നു. മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ് കിട്ടാത്ത പാടശേഖരങ്ങളിലെ നെല്ലാണു സംഭരിക്കാതെ പാടത്തും പുറം ബണ്ടിലുമായി കിടക്കുന്നത്.
മഴയെ പേടിച്ചു കർഷകർ
പടിഞ്ഞാറൻ മേഖലയിലെ കാഞ്ഞിരം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം, എം.എൻ ബ്ലോക്ക്, കുഴികണ്ടം, തെക്കേ കിഴിമുട്ടത്തുശേരി എന്നീ പാടശേഖരങ്ങളിലെ നെല്ല് കൊയ്തെടുക്കാൻ കിടക്കുന്നു. മഴക്കാർ കാണുമ്പോൾ കർഷകരുടെ നെഞ്ചിടിപ്പ് ഏറുകയാണ്. ഇനി ഒരു ശക്തമായ മഴ കൂടി പെയ്താൽ നെല്ല് പൂർണമായും ചുവടു ചാഞ്ഞു വീണു നശിക്കും.
കൊയ്ത്ത് തുടങ്ങി
കുമരകം തെക്കേ കിഴിമുട്ടത്തുശേരി പാടശേഖരത്ത് ഇന്നലെ ഉച്ച കഴിഞ്ഞ് യന്ത്രം ഉപയോഗിച്ചു കൊയ്ത്ത് തുടങ്ങി. മഴ മൂലം താഴ്ച പാടങ്ങളിലെ നെല്ല് ചുവടു ചാഞ്ഞു വീണു വെള്ളത്തിലായിരുന്നു.