
വിജയപുരം ∙ മുൻപ് മാലിന്യ നിക്ഷേപ കേന്ദ്രം. സമീപവാസികളും പഞ്ചായത്തും കൈകോർത്തപ്പോൾ ഗ്രാമീണ ടൂറിസത്തിന്റെ മനോഹരമായ മുഖം.
പൊൻപള്ളി പാലത്തിനു സമീപം കടവിലാണ് ഗ്രാമീണ ടൂറിസത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. തണുത്ത കാറ്റിന്റെയും ചാറ്റൽ മഴയുടെയും അകമ്പടിയിൽ ഇനി ഇവിടെ അൽപനേരം വിശ്രമിക്കാം.മീനന്തറയാറിനെ ചുറ്റിപ്പറ്റിയാണ് പരിഷ്കാരം.
സൂര്യാസ്തമയം കാണാൻ ഇവിടെ ഇരിപ്പിടങ്ങളും നടപ്പാതയും ഒരുക്കി.
സുരക്ഷയ്ക്കായി ആറിന്റെ കരകളിൽ ഗ്രില്ലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കും ഒരുക്കി.ഗ്രാമപ്പഞ്ചായത്തിന്റെ 17–ാം വാർഡായ പൊൻപള്ളിയിൽ മുൻപ് പണിത ബോട്ട്ജെട്ടി ഉപയോഗ ശൂന്യമായി കാടുകയറിയിരുന്നു.
മാലിന്യം വലിച്ചെറിയുന്ന കേന്ദ്രമായി ഇവിടം മാറി. പ്രാദേശിക തലത്തിൽ സമിതി രൂപീകരിച്ചാണ് ഇവിടെ പുതിയ പ്രവർത്തനങ്ങൾ നടത്തിയത്.
സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രദേശം പച്ചത്തുരുത്ത് ആക്കുന്നതിനു മുന്നോടിയായിട്ടാണ് ഗ്രാമീണ ടൂറിസത്തിനു തുടക്കമായത്. കളത്തിപ്പടിയിൽ നിന്നു പൊൻപള്ളിയിലേക്കുള്ള റോഡിൽ മാരായിക്കുളം ഭാഗത്താണ് 3 ലക്ഷം രൂപ മുടക്കി സൂര്യാസ്തമയം കാണാനുള്ള ‘വ്യൂ പോയിന്റ് ’ ക്രമീകരിച്ചത്.
റോഡരികിൽ ചെടികൾ നടുന്നതിനും മറ്റ് സ്ഥലങ്ങളിൽ ഉദ്യാനം ഒരുക്കുന്നതിനും കളത്തിപ്പടി വൈഡബ്ല്യുസിഎ സഹായിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
രണ്ടാം ഘട്ടം
ഗ്രാമീണഭംഗി ആസ്വദിച്ചു ബോട്ടു യാത്രയും കുട്ടവഞ്ചി യാത്രയും ഒരുക്കും. ഇതിന്റെ ഭാഗമായാണ് പൊൻപള്ളി പാലത്തിനു സമീപമുള്ള ബോട്ടുജെട്ടി നവീകരിച്ചത്.
പൊൻപള്ളി പാലത്തിൽ ഷട്ടറുകൾ സ്ഥാപിച്ച് ആറിലെ വെള്ളം ക്രമീകരിക്കാനും പദ്ധതിയിടുന്നു. മീനന്തറയാറിന്റെ ഈ പ്രദേശം തടാകത്തിനു സമാനമായി മാറ്റാനാണ് ആലോചന.
ഗ്രാമീണ കാഴ്ചകൾ, പക്ഷി നിരീക്ഷണം, വേനൽക്കാലത്ത് നെൽപാടങ്ങളിലൂടെ നടത്തം, ഇടവഴിയിൽ സൈക്കിൾ സവാരി എന്നിങ്ങനെ വിനോദസഞ്ചാര പാക്കേജുകളും ആലോചനയിലുണ്ട്.
ഇതിനു സ്പോൺസർമാരെ കണ്ടെത്തും. സൗന്ദര്യവൽക്കരണത്തിനും ലക്ഷ്യമിടുന്നു.
പഞ്ചായത്തിന്റെ സാധ്യമായ സ്ഥലങ്ങളിൽ പ്രാദേശിക ടൂറിസം വ്യാപിപ്പിക്കുന്നതിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]