
കോട്ടയം നഗരത്തെ ഞെട്ടിച്ച് കൊലപാതക വാർത്ത: ദമ്പതികളുടെ മകൾ നൊബേൽ ജേതാവിന്റെ സംഘത്തിലെ ഗവേഷക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ നഗരം ഇന്നലെ ഉറക്കമുണർന്നത് ഞെട്ടിക്കുന്ന 2 മരണവാർത്തകൾ അറിഞ്ഞ്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറിന്റെയും ഭാര്യ ഡോ. മീരയുടെയും കൊലപാതക വാർത്തയും തിരുനക്കര കാവേരി നിവാസിൽ സുരേഷ് അംബികാഭവന്റെ (54) വിയോഗവാർത്തയും നാടിനു വിശ്വസിക്കാനായില്ല. നഗരത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു മൂവരും. മണിക്കൂറുകളുടെ ഇടവേളയിലാണ് ഇവരുടെ മരണം.
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിർമാല്യ ദർശനത്തിനായി എത്തിയപ്പോഴാണ് സുരേഷ് കുഴഞ്ഞുവീണത്. തിരുനക്കര തേവരുടെ ഭക്തനായ സുരേഷ് യാത്ര പറയുമ്പോൾ നഷ്ടമാകുന്നത് ഊർജ്വസ്വലനായ,സത്യസന്ധനായ ഉത്സവനടത്തിപ്പുകാരനെ കൂടിയാണ്. തിരുനക്കര മഹാദേവക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സുരേഷിന്റെ പൊതുപ്രവർത്തനം.
2007ൽ തിരുനക്കര പൂരം ആരംഭിച്ച നാൾ മുതൽ ക്ഷേത്ര മൈതാനത്തിന്റെ നിയന്ത്രണം സുരേഷാണ് നടത്തിയിരുന്നത്. ക്ഷേത്ര കമ്മിറ്റി ഇക്കാര്യത്തിൽ സുരേഷിന്റെ സഹായം തേടുമായിരുന്നു. കോട്ടയം അയ്യപ്പസേവാ സംഘത്തിന്റെ ട്രഷററായി പ്രവർത്തിച്ചു വരികയായിരുന്നു. തിരുനക്കര ക്ഷേത്രം ഉപദേശക സമിതി ജനറൽ കൺവീനറുമായിരുന്നു.
മകൾ നൊബേൽ ജേതാവിന്റെ സംഘത്തിലെ ഗവേഷക
കോട്ടയം ∙ 2020ലെ രസതന്ത്ര നൊബേൽ സമ്മാനം നേടിയ യുഎസ് ഗവേഷക ജെന്നിഫർ ഡോഡ്നയുടെ ഗവേഷക സംഘത്തിൽ ഉൾപ്പെട്ട മലയാളി ഗവേഷകയായിരുന്നു ടി.കെ.വിജയകുമാറിന്റെ മകൾ ഡോ.ഗായത്രി വിജയകുമാർ. ഡോഡ്നയുടെ സ്റ്റാർട്ടപ് കമ്പനിയായ സ്ക്രൈബ് തെറപ്യൂട്ടിക്സിൽ സയന്റിസ്റ്റായിരുന്നു അന്നു ഡോ.ഗായത്രി.
ജീനോം എഡിറ്റിങ്ങിലെ നൂതന സാങ്കേതിക വിദ്യയായ ക്രിസ്പർ കാസ് 9 വികസനത്തിനായി ഡോഡ്ന സ്ഥാപിച്ചതാണു സ്ക്രൈബ്. ബിടെക് പൂർത്തിയാക്കിയ ശേഷം ബയോ ടെക്നോളജിയിൽ ഉപരിപഠനത്തിനായി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ എത്തിയതോടെയാണു ഗായത്രിയുടെ യുഎസ് ജീവിതം ആരംഭിച്ചത്. അടുത്തയിടെയാണു ഗായത്രിയുടെ വിവാഹം കഴിഞ്ഞത്. യുഎസിൽ തന്നെയാണ് ഗായത്രി.
കോട്ടയത്തിന്റെ ഓർമയിൽ പാറമ്പുഴ കൊലപാതകം
തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം കോട്ടയത്തെ ഓർമിപ്പിക്കുന്നത് 10 വർഷം മുൻപു പാറമ്പുഴയിൽ നടന്ന കൊലപാതകം. 2015 മേയ് 17നാണു പാറമ്പുഴ തുരുത്തേൽക്കവലയിൽ ഡ്രൈക്ലീനിങ് സ്ഥാപന ഉടമ മൂലേപ്പറമ്പിൽ ലാലസൻ (72), ഭാര്യ പ്രസന്നകുമാരി (57), മകൻ പ്രവീൺ (26) എന്നിവരെ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന ഉത്തർപ്രദേശ് സ്വദേശി നരേന്ദ്രകുമാർ കൊലപ്പെടുത്തിയത്. അന്ന് 28 വയസ്സായിരുന്നു പ്രതിക്ക്. രാത്രിയിലായിരുന്നു കൊലപാതകം. പ്രതിയെ ഫിറോസാബാദിൽ നിന്നാണു പൊലീസ് പിടികൂടിയത്. കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി പ്രതിക്കു വധശിക്ഷ വിധിച്ചു.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശിക്ഷ ജീവപര്യന്തമായി കുറച്ചു.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം
കോട്ടയത്തിനു ചിരപരിചിതമായ പേരാണ് ‘ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം’ എന്നത്. തിരുനക്കര ക്ഷേത്രത്തിനും ചെറിയ തൃക്കോവിൽ ക്ഷേത്രത്തിനും സമീപമാണ് ഓഡിറ്റോറിയം. കോട്ടയം നഗരസഭാ ചെയർമാനായിരുന്ന ടി.കെ.ഗോപാലകൃഷ്ണപ്പണിക്കരാണ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം നിർമിച്ചത്. ഗോപാലകൃഷ്ണപ്പണിക്കരിൽനിന്നാണു വിജയകുമാറിന്റെ അച്ഛൻ തെക്കുംഗോപുരം ശാസ്താഭവനിൽ കാർത്തികേയൻ നായർ വാങ്ങിയത്. അച്ഛന്റെ മരണശേഷം വിജയകുമാർ ചുമതല ഏറ്റെടുത്തു. ഒരു വർഷം മുൻപ് ഓഡിറ്റോറിയം വിജയകുമാർ നവീകരിച്ചു.