
കാറ്റ്, മഴ: 1970 ട്രാൻസ്ഫോമർ പ്രവർത്തനരഹിതം; ഇരുട്ടിലായത് 1.76 ലക്ഷം പേർ, കെഎസ്ഇബിക്ക് നഷ്ടം ഒരു കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കാറ്റിലും മഴയിലും ഇടിമിന്നലിലും കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ കനത്ത നാശം. മരം വീണ് വീട് തകർന്നു രണ്ടു പേർക്കും മിന്നലേറ്റ് 2 വിദ്യാർഥികൾക്കും പരുക്ക്. 26 വീടുകൾ ഭാഗികമായി തകർന്നു. പോസ്റ്റുകളും മറ്റും തകർന്നു കെഎസ്ഇബിക്കു ഒരു കോടി രൂപയുടെ നഷ്ടം. നാട്ടകം പാറേച്ചാൽ ജെട്ടി പാലം തകർന്നു വീണു.മരം കടപുഴകി വീടിനു മുകളിൽ വീണുണ്ടായ അപകടത്തിർ പന്നിമറ്റം കുളത്തുങ്കൽ കെ.പി. സുരേഷ് (56), ഭാര്യ വിജി സുരേഷ് (50) എന്നിവർക്കാണു പരുക്കേറ്റത്. എഫ്സി ഗോഡൗണിന്റെ വളപ്പിൽ നിന്ന മരം സുരേഷിന്റെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 7.15നാണു സംഭവം. മരം വീണു ഷീറ്റ് പൊട്ടി ശരീരത്തിൽ പതിച്ചാണു രണ്ടു പേർക്കും പരുക്കേറ്റത്. ഇരുവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കുറിച്ചിത്താനം കുന്നുംപുറത്തു ആൻ മരിയ (22), ആൻഡ്രൂസ് (17) എന്നിവർക്കാണു ഇടിമിന്നലിൽ പരുക്കേറ്റത്. ഇരുവരും ചികിത്സ തേടി. കഞ്ഞിക്കുഴി മംഗലശേരിൽ ഷാജി ജോസഫിന്റെ 800 കുലച്ച ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. മറ്റ് പലയിടങ്ങളിലും കൃഷിനാശമുണ്ട്. കോട്ടയം നഗരസഭ പരിധിയിൽ 20 ഇടങ്ങളിൽ മരം കടപുഴകി വീണു. 12 സ്ഥലങ്ങളിൽ അഗ്നിരക്ഷാസേന മരങ്ങൾ മുറിച്ചുമാറ്റി.
ചിത്രം: മനോരമ
മരങ്ങൾ വീണ് നാശം
തിരുനക്കര പോസ്റ്റൽ സീനിയർ സൂപ്രണ്ട് ഓഫിസ് വളപ്പിലെ വൻമരം കടപുഴകി വീണ് സമീപത്തെ കെട്ടിടത്തിനു സാരമായ കേടുപാട് സംഭവിച്ചു. യൂണിയൻ ക്ലബ്ബിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിലെ വലിയമരം പിളർന്നു വീണു. വൈദ്യുത ലൈനുകൾ പൊട്ടിവീണു. ഇവിടെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്കാണു മരം വീണത്. വീടിന്റെ മതിലും തകർന്നു. വേളൂർ ചെമ്പോല തങ്കച്ചൻ വർഗീസിന്റെ വീടിനു മുകളിലേക്കു മരം വീണ് രണ്ട് മുറികൾ തകർന്നു. മരിയാതുരുത്ത് മുത്തേടത്ത് പി. രാജന്റെ വീടിനു മുകളിലേക്കു മരം വീണു നാശനഷ്ടമുണ്ടായി. ചിങ്ങവനം കൈരളി നഗർ അന്തേരിൽ ശോശാമ്മ ഏബ്രഹാമിന്റെ വീടിനു മുകളിലേക്കു മരം വീണ് വീട് തകർന്നു.
പൊക്കുപാലം തകർന്നു
അപകടാവസ്ഥയിലായിരുന്ന നാട്ടകം പാറേച്ചാൽ ജെട്ടിയിലെ പൊക്കുപാലമാണ് തകർന്നു വീണത്. കോട്ടയം – ആലപ്പുഴ ജലപാതയിലാണ് പാലം. പാലത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാതെ ബോട്ട് സർവീസ് നടത്താൻ കഴിയില്ല. പൊക്കുപാലം നൂറു കണക്കിനാളുകളുടെ സഞ്ചാര മാർഗമായിരുന്നു.
ചങ്ങനാശേരിയിലും കനത്ത മഴ
ചങ്ങനാശേരിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. മന്ദിരം പള്ളത്രകവല ഭാഗത്ത് റോഡിന് കുറുകെ മരം വീണ് ഗതാഗതതടസ്സമുണ്ടായി. ചങ്ങനാശേരിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. വേനൽ മഴ പെയ്യുന്നത് കൊയ്ത്ത് നടക്കുന്ന പാടശേഖരങ്ങളിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് കർഷകർ പറഞ്ഞു.
കുമരകത്ത് കെഎസ്ഇബിക്ക് 3 ലക്ഷം രൂപയുടെ നഷ്ടം
കുമരകം ∙ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കുമരകം മേഖലയിൽ കെഎസ്ഇബിക്കു 3 ലക്ഷം രൂപയുടെ നഷ്ടം. വൈദ്യുതി ലൈനിലെ തകരാർ മൂലം കുമരകം, തിരുവാർപ്പ് മേഖലയിൽ പൂർണമായും 21 മണിക്കൂർ വൈദ്യുതി മുടങ്ങി. ചില പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ടും വൈദ്യുതി എത്തിയിട്ടില്ല. 11 കെവി 3 പോസ്റ്റുകൾ തകരാറിലായതിന് പുറമേ 8 എൽടി പോസ്റ്റ് ഒടിഞ്ഞു. 12 എണ്ണം ചരിഞ്ഞു. 28 സ്ഥലത്ത് വൈദ്യുതി ലൈൻ പൊട്ടി.തിരുവാർപ്പിൽ ട്രാൻസ്ഫോമർ തകരാറിലായി. പല സ്ഥലത്തും ലൈനിനു മീതെ മരങ്ങൾ ഒടിഞ്ഞു വീണും നഷ്ടം ഉണ്ടായതായി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. മരങ്ങളുടെ ശിഖരങ്ങൾ വീണതു നാട്ടുകാരുടെ സഹകരണത്തോടെ വെട്ടി നീക്കി. എന്നാൽ മരം വെട്ടുകാർ വന്നു മാറ്റേണ്ടത് അവിടെ കിടക്കുന്നു. ജില്ലയിൽ മിക്കയിടത്തും കാറ്റിലും മഴയിലും വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചിരുന്നു. അതിനാൽ കരാർ തൊഴിലാളികളെ കൂടുതൽ കിട്ടിയില്ല. വൈദ്യുതി വകുപ്പിലെ ജീവനക്കാർ തന്നെ എല്ലാ സ്ഥലത്തും പോയി തകരാർ കണ്ടെത്തി പരിഹരിക്കുകയായിരുന്നു.
വീടുകൾക്ക് നാശം
കുമരകം ∙ മഴയിലും കാറ്റിലും കുമരകത്തും തിരുവാർപ്പിലും വീടിനു നാശം. കഴിഞ്ഞ ദിവസം വൈകിട്ട് 7ന് ഉണ്ടായ കാറ്റിലും മഴയിലുമാണു നാശം ഉണ്ടായത്. കുമരകത്ത് വിത്തുവട്ടിൽ ഏലിക്കുട്ടി ഈശോയുടെ വീടിനു മേൽക്കൂര കാറ്റിൽ പറന്നു പോയി. വീട്ടിലെ ഉപകരണങ്ങളെല്ലാം വെള്ളം വീണു നശിച്ചു. തിരുവാർപ്പിൽ കോൺഗ്രസ് നേതാവ് കുഞ്ഞ് ഇല്ലമ്പള്ളിയുടെ വീടിനു മുകളിലേക്കു മരം വീണു ഭാഗികമായി തകർന്നു.
മുകളിലേക്കു വീണ മരം.
വൈദ്യുതി മുടക്കം ജനത്തെ വലച്ചു
∙21 മണിക്കൂർ വൈദ്യുതി മുടങ്ങിയത് ജനത്തെ ബുദ്ധിമുട്ടിലാക്കി. മഴ പെയ്തെങ്കിലും ചൂട് കാര്യമായി കുറഞ്ഞിരുന്നില്ല. കുട്ടികളും പ്രായമായവരും ഉള്ള വീട്ടുകാരാണ് ഏറെ വലഞ്ഞത്. മോട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതിനാൽ ടാങ്കുകളിൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം ശുചിമുറി ഉപയോഗിക്കാൻ കഴിയാതെ പല വീട്ടുകാരും വിഷമിച്ചു.
വ്യാപാരികൾ നട്ടം തിരിഞ്ഞു
∙ വൈദ്യുതി മുടക്കം നീണ്ടത് ബേക്കറികളെയാണ് ഏറെ വലച്ചത്. ഫ്രിജിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പലതും കേടായി. സന്ധ്യാസമയത്തെ വൈദ്യുതി മുടക്കം കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചു.
സംസ്ഥാനത്തെ ഉയർന്ന വേനൽമഴ
കോട്ടയം ∙ നഗരത്തിൽ പെയ്തത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വേനൽമഴ, രാജ്യത്തു മൂന്നാം സ്ഥാനം. വെള്ളിയാഴ്ച പെയ്തത് 77 മില്ലീ മീറ്റർ മഴ. രണ്ടാം സ്ഥാനം ആലുവ (54), മൂന്നാം സ്ഥാനത്ത് മാവേലിക്കര (49). ഒഡീഷയിലെ ബാരിപാഡ (120), ജോഡ (90) എന്നിവടങ്ങളിൽ മാത്രമാണു കോട്ടയത്തെക്കാൾ കൂടുതൽ മഴ ലഭിച്ചത്. താപനില, മഴ എന്നിവയിൽ കോട്ടയം ഇപ്പോൾ രാജ്യത്തും സംസ്ഥാനത്തും പലപ്പോഴും മുന്നിലെത്താറുണ്ട്.
ഇരുട്ടിലായത് 1.76 ലക്ഷം പേർ
കോട്ടയം ∙ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും മഴയിലും ദുരിതത്തിലായത് 1.76 ലക്ഷം വൈദ്യുതി ഉപയോക്താക്കൾ. 1970 ട്രാൻസ്ഫോമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം അവതാളത്തിലായി. കെഎസ്ഇബിക്ക് ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കോട്ടയം സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.ഇന്നലെ വൈകിട്ടോടെ 90 ശതമാനം ഉപയോക്താക്കളുടെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളത് ഇന്ന് പുനഃസ്ഥാപിക്കും. സർക്കിളിന്റെ കീഴിൽ 59 ഹൈ ടെൻഷൻ പോസ്റ്റുകളും 86 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. 71 ഹൈ ടെൻഷൻ കമ്പികളും 228 ലോ ടെൻഷൻ കമ്പികളും പൊട്ടിയിട്ടുണ്ട്.
പള്ളം ഡിവിഷനിൽ നഷ്ടമേറെ
ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകി വീണും ഏറ്റവുമധികം നാശമുണ്ടായത് പള്ളം ഡിവിഷന്റെ കീഴിലാണ്. ഇവിടെ മാത്രം 58 ഹൈ ടെൻഷൻ പോസ്റ്റുകളും 59 ലോ ടെൻഷൻ പോസ്റ്റുകളും പൂർണമായി തകർന്നു. 58 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 175 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. 2 ട്രാൻസ്ഫോമറുകളും നശിച്ചു. 78.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ലൈനിൽ കുടുങ്ങിയ ആളെ രക്ഷിച്ചു
കോടിമതയിൽ 11കെവി ലൈനിൽ കുടുങ്ങിയ അസം സ്വദേശി സൈദുളിനെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇന്നലെ 2 മണിയോടെ ടച്ചിങ് വെട്ടാൻ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്നാണ് നെറ്റ് ഉപയോഗിച്ച് താഴെ ഇറക്കിയത്. താഴെയെത്തിയപ്പോൾ ബോധരഹിതനായ സൈദുളിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കെഎസ്ഇബി കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്നയാളാണ് ഇദ്ദേഹം.