
പുതിയ പാലിയേറ്റീവ് യൂണിറ്റിനും തുക വകയിരുത്തി വിജയപുരം ഗ്രാമപഞ്ചായത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടവാതൂർ ∙ 2025-26 സാമ്പത്തിക വർഷത്തെ വിജയപുരം ഗ്രാമപഞ്ചായത്തിന്റെ ബജറ്റിൽ ആരോഗ്യ മേഖലയ്ക്കും കൃഷിക്കും മാലിന്യ സംസ്കരണത്തിനും ഊന്നൽ. പാറമ്പുഴ പിഎച്ച്സിക്കും, ആയുർവേദ ആശുപത്രിക്കും പുതിയ കെട്ടിടങ്ങൾ നിർമിക്കും. നിലവിലെ പാലിയേറ്റീവ് യൂണിറ്റിനു പുറമേ പുതിയൊരു പാലിയേറ്റീവ് യൂണിറ്റിനും ബജറ്റിൽ തുക വകയിരുത്തി.
കൗമാരക്കാർക്കായി പോഷകാഹാര പദ്ധതി നടപ്പിലാക്കും. വയോജനങ്ങൾക്കായി വയോ ക്ലബുകൾ രൂപീകരിക്കും, കണ്ണടയും ശ്രവണസഹായിയും നൽകുന്ന പദ്ധതിക്കായും തുക നീക്കിവെച്ചു. വിജയപുരം കൃഷിഭവന് 1.42 കോടി മുടക്കി എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്മാർട് കൃഷിഭവൻ നിർമ്മിക്കും. കാർഷിക മേഖലയ്ക്ക് കൂടുതൽ സാധ്യതകൾ കണ്ടെത്തുന്നതിനായി നൂതന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിതയ്ക്കലിനും മരുന്ന് തളിക്കലിനുമായി ഡ്രോണുകൾ ഉപയോഗിച്ച് നടപ്പിലാക്കും.
മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പുതിയതായി വാങ്ങുന്ന സ്ഥലത്ത് രാജ്യാന്തര നിലവാരത്തിൽ എംസിഎഫ് കെട്ടിടം നിർമിക്കും. വാതക ശ്മശാനം ഈ വർഷം തന്നെ പൂർത്തീകരിക്കും. സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് ഓരോ വാർഡിലെയും പ്രധാന റോഡുകൾ സൗന്ദര്യവത്കരിച്ച് മാതൃകാ റോഡുകൾ നിർമ്മിക്കും. 28.10 കോടി വരവും 27.57 കോടി ചെലവും 53 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് രജനി സന്തോഷ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി അധ്യക്ഷനായിരുന്നു.