ഏറ്റുമാനൂർ ∙ നിർമാണത്തിലെ അപാകതയും അധികൃതരുടെ അനാസ്ഥയും മൂലം അതിരമ്പുഴ– ഏറ്റുമാനൂർ ലിങ്ക് റോഡ് ഉപയോഗശൂന്യമായ നിലയിൽ. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ വാഹന യാത്രക്കാർ ആശ്രയിച്ചിരുന്ന പ്രധാന പോക്കറ്റ് റോഡ് വർഷങ്ങളായി ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
ഒരു പതിറ്റാണ്ട് മുൻപ് ലോറികൾ പോയിരുന്ന റോഡിൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
അതിരമ്പുഴ റോഡിൽ നിന്നു എംസി റോഡിലെ പോസ്റ്റ് ഓഫിസ് ജംക്ഷനെ ബന്ധിപ്പിക്കുന്നതാണ് ലിങ്ക് റോഡ്. റോഡ് നവീകരണത്തിന്റെ ഭാഗമായി എംസി റോഡ് ഉയർത്തിയിരുന്നു.
ഇപ്പോൾ പ്രധാന റോഡിൽ നിന്നു മൂന്നര അടി താഴ്ചയിലാണ് ലിങ്ക് റോഡ്. കൂടാതെ വാഹനങ്ങൾ ഇറങ്ങാൻ തടസ്സമായി കലുങ്കുമുണ്ട്.
വെള്ളം കെട്ടിനിന്നു റോഡ് ചെളിക്കുളമാണ്.
2000– 2005 കാലത്ത് പഞ്ചായത്തംഗമായിരുന്ന സിബി വെട്ടൂരാണ് ലിങ്ക് റോഡ് ഉപയോഗപ്രദമായ രീതിയിൽ നവീകരിച്ചത്. പിന്നീട് കയ്യേറ്റങ്ങൾ നടക്കുകയും റോഡിന്റെ വീതി കുറയുകയും ചെയ്തു.
മഴക്കാലത്ത് നീണ്ടൂർ, കോടതിപ്പടി മേഖലകളിൽ നിന്നുള്ള വെള്ളം ഈ റോഡിലൂടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ പാടത്തേക്കാണ് ഒഴുകിയിരുന്നത്.
എംസി റോഡ് നവീകരിച്ചപ്പോൾ സ്ഥാപിച്ച കലുങ്കിന്റെ ദിശ മാറിപ്പോയതിനാൽ ഇപ്പോൾ പ്രധാന റോഡിലും ലിങ്ക് റോഡിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുകയും ലിങ്ക് റോഡ് നവീകരിച്ച് വാഹനങ്ങൾ കടത്തിവിടുകയും ചെയ്താൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു.
പരിഹാരമാർഗം ഇങ്ങനെ
പ്രധാനറോഡ് ഉയർന്നു നിൽക്കുന്നതും പ്രവേശന കവാടത്തിലെ കലുങ്കുമാണ് ലിങ്ക് റോഡിലേക്ക് വാഹനങ്ങൾക്ക് കടക്കാനുള്ള തടസ്സം. നിലവിലെ കലുങ്ക് പൊളിച്ച് വെള്ളം ഒഴുകി മാറുന്ന രീതിയിൽ പുനർനിർമിക്കുകയും എംസി റോഡിൽനിന്നു ലിങ്ക് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന രീതിയിൽ റോഡ് നവീകരിക്കുകയും ചെയ്താൽ തടസ്സങ്ങൾ നീങ്ങുമെന്നും ലിങ്ക് റോഡ് പഴയതുപോലെ ഉപയോഗിക്കാമെന്നും നാട്ടുകാരും ടാക്സി തൊഴിലാളികളും പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

