കോട്ടയം∙ സിഎംഎസ് കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്യു വിജയിച്ചത്.
37 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കെഎസ്യു യൂണിയൻ പിടിച്ചെടുത്തത്. വ്യാഴാഴ്ച കോളജിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത് പോലീസിന്റെ അഭ്യർഥന പ്രകാരം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് കെഎസ്യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ യൂണിയൻ ഇലക്ഷൻ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായത്. തുടർന്ന് പൊലീസിന്റെ കർശനമായ ഇടപെടലിനെ തുടർന്നാണ് രംഗം ശാന്തമാക്കിയത്.
വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി എത്തിയതോടെ കൂടുതൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്.
മണിക്കൂറുകൾ നീണ്ട സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് നേരിട്ട് എത്തി എസ്എഫ്ഐ ജില്ലാ സെക്രട്ടറി, കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ച രാത്രിയോടെയാണ് നടന്നത്.
പിന്നാലെയാണ് ഫലപ്രഖ്യാപനം മാറ്റിയത്.
കലാപഭൂമിയായി സിഎംഎസ് കോളജ്; തല്ല്, ഏറ്, അടി, തെരുവുയുദ്ധം
കോട്ടയം ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് സിഎംഎസ് കോളജിൽ അഞ്ചര മണിക്കൂർ നീണ്ടു നിന്ന കനത്ത സംഘർഷം. വ്യാഴം വൈകിട്ട് നാലിന് ആരംഭിച്ച സംഘർഷം വിവിധ തലങ്ങളിൽ നടന്ന ചർച്ചകളെ തുടർന്നു രാത്രി 9.40നാണ് അവസാനിച്ചത്.
വോട്ടെണ്ണൽ അടക്കം എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം സംഘർഷത്തിന്റെ സാഹചര്യത്തിൽ ഉടൻ പുറത്തു വിടേണ്ടെന്ന പൊലീസ് നിർദേശം ഇരു വിഭാഗവും അംഗീകരിച്ചു.
സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പതിറ്റാണ്ടു കാലത്തെ എസ്എഫ്ഐ മേധാവിത്വം അവസാനിപ്പിച്ച് കെഎസ്യു ഇത്തവണ വിജയിക്കുമെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. അതിനാൽത്തന്നെ കോളജിൽ സംഘർഷാവസ്ഥ ഉണ്ടായേക്കുമെന്ന കരുതലിലായിരുന്നു ഇരു സംഘടനകളിലെ പ്രവർത്തകരും പൊലീസും.
4 തവണയാണ് തിരഞ്ഞെടുപ്പ് ഹാളിൽ കയറാൻ പ്രവർത്തകർ നേരിട്ട് ശ്രമിച്ചത്. തുടർന്ന് ക്യാംപസിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്യു പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും നേരിട്ട് ഏറ്റുമുട്ടി.
നിവൃത്തിയില്ലാതെ പൊലീസ് വ്യാപകമായി ലാത്തി ചാർജ് നടത്തി.
മറ്റ് കോളജുകളിലെ വിജയാഘോഷ പ്രകടനത്തിന് ശേഷം വൈകിട്ട് ഏഴു മണിയോടെ കെഎസ്യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ ക്യാംപസിന് പുറത്ത് തമ്പടിച്ചെത്തി. ഗേറ്റിന് മുൻപിൽ ഇവരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിന് പിന്നാലെ കൊലവിളി മുദ്രാവാക്യങ്ങളും അസഭ്യവർഷവും ആരംഭിച്ചു.
ക്യാംപസിനുള്ളിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിച്ചെത്തിയതോടെ ഇരുഭാഗത്തുനിന്നും 20 മിനിറ്റോളം ശക്തമായ കല്ലേറുണ്ടായി.
അപ്രതീക്ഷിത ആക്രമണത്തിൽ പൊലീസും പ്രവർത്തകരും ചിതറിപ്പോയെങ്കിലും കല്ലേറ് നീണ്ടുനിന്നു. പൊലീസിന്റെ ഷീൽഡുകളും ചെടിച്ചട്ടികളും കരിങ്കല്ല് കഷണങ്ങളും അസഭ്യ വർഷങ്ങൾക്കൊപ്പം ഇരുഭാഗത്തേക്കും തലങ്ങും വിലങ്ങും പാഞ്ഞു.
ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് എത്തിയ പൊലീസ് വാഹനവും സിപിഎം ജില്ലാ നേതാക്കളെത്തിയ വാഹനവും ഗേറ്റിനു പുറത്ത് യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകർ തടഞ്ഞു. ക്യാംപസിലേക്കുള്ള പ്രധാന റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]