കുമരകം ∙ ചെങ്ങളം ഏനാദി പാലം ഇനിയെന്ന് പണിയും – നാട്ടുകാരാണ് ചോദിക്കുന്നത്. കാലപ്പഴക്കം ചെന്ന നിലവിലെ പാലത്തിനു പകരം പുതിയ പാലം പണിയുന്നതിനു മണ്ണു പരിശോധന നടന്നിട്ടു വർഷങ്ങൾ കഴിഞ്ഞു.
പാലം അപകടത്തിലാണെന്ന് കണ്ടെത്തി പൊതുമരാമത്ത് വകുപ്പ് ഭാരവാഹനങ്ങൾക്കു പാലത്തിലൂടെ നിരോധം ഏർപ്പെടുത്തി. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വലിയ ഭാരവാഹനങ്ങളാണ് ദിവസവും പാലത്തിലൂടെ കടന്നുപോകുന്നത്.
കാലപ്പഴക്കം മൂലം പാലത്തിനടിയിലെ കോൺക്രീറ്റ് അടർന്നു കമ്പികൾ തെളിഞ്ഞു കാണാം.
ഭാരവാഹനങ്ങൾ നിരന്തരം കയറിപ്പോകുന്നതിനാൽ പാലത്തിനു ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നു.
എന്നിട്ടും ഇവ കടന്നുപോകുന്നത് നിർത്താൻ പൊതുമരാമത്ത് വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. വീതി കുറഞ്ഞ പാലമാണിത്.
ദിവസവും ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
കുമരകം റോഡിൽ നിന്ന് ചെങ്ങളം കുന്നുംപുറത്ത് എത്തി പാലം കടന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാൻ എളുപ്പമാണ്. കൂടാതെ പരിപ്പ്, അയ്മനം, പുലിക്കുട്ടിശേരി തുടങ്ങി സ്ഥലങ്ങളിലേക്കു പോകാനും എളുപ്പ മാർഗമാണ്.
കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് ഗതാഗത തടസ്സം ഉണ്ടായാൽ കോട്ടയത്തിനു പോകുന്നതിന് ഏനാദി പാലവും റോഡും പ്രയോജനപ്പെടും. മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലേക്കു പോകാനുള്ള റോഡിലെ പാലമായിട്ടും പുതിയ പാലം പണിയാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

