ഞീഴൂർ ∙ 25 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച് ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഞീഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണു. സീലിങ്ങിനടിയിൽ പാർക്കു ചെയ്തിരുന്ന 6 വാഹനങ്ങൾ തകർന്നു. ഇന്നലെ രാവിലെ 11 മണിക്കാണ് അപകടം.
കമ്യൂണിറ്റി ഹാളിന്റെ അടിവശം കച്ചവടം ചെയ്യുന്ന വ്യാപാരികൾ പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. മുകളേൽ സ്റ്റീഫൻ, മുകളേൽ ജയിംസ് എന്നിവരുടെ കാറുകളും കാട്ടാമ്പാക്ക് സ്വദേശി ടി.എസ്.വിജയന്റെ ഓട്ടോയും ചായക്കട
നടത്തുന്ന കെ.എൻ.ബാബുവിന്റെ സ്കൂട്ടറും രണ്ട് ബൈക്കുകളുമാണ് തകർന്നത്. ഓട്ടോയ്ക്കുള്ളിൽ ഇരുന്ന ഡ്രൈവർ ടി.എസ്.
വിജയൻ പരുക്കില്ലാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ മാസം 16നായിരുന്നു കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചത്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്യൂണിറ്റി ഹാൾ നവീകരിച്ചത്.നാല് ദിവസം മുൻപ് സീലിങ്ങിന്റെ ഏതാനും ഭാഗം തകർന്നിരുന്നു.
സംഭവം ശ്രദ്ധയിൽപെട്ടിട്ടും ഇതു നീക്കാനോ കൂടുതൽ പരിശോധന നടത്താനോ പഞ്ചായത്ത് അധികൃതർ തയാറായില്ല എന്നു നാട്ടുകാരും വ്യാപാരികളും പറയുന്നു. അശാസ്ത്രീയമായ നിർമാണം മൂലമാണ് സീലിങ് തകർന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
സീലിങ് ഉറപ്പിച്ചിരുന്ന കമ്യൂണിറ്റി ഹാളിന്റെ കോൺക്രീറ്റ് ഷേഡും തകർന്ന നിലയിലാണ്.
വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു ഷീറ്റ് ഉൾപ്പെടെയാണ് തകർന്നിരിക്കുന്നത്. അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. നവീകരണം നടത്തിയതിന്റെ പണം കരാറുകാരന് നൽകിയിട്ടില്ലെന്നും റൂഫിൽ പൈപ്പ് പാത്തികൾ സ്ഥാപിക്കുന്ന ജോലികളടക്കം നടക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]