
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി: നീണ്ടൂരിൽ ഒരുങ്ങുന്നു കളിക്കളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏറ്റുമാനൂർ∙ സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി’യുടെ ഭാഗമായി നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു. ഒന്നാം വാർഡിലെ തൃക്കേൽ ഇൻഡോർ സ്റ്റേഡിയം നവീകരിച്ചാണ് കളിക്കളം നിർമിക്കുന്നത്. മന്ത്രി വി.എൻ.വാസവന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമാണം. ഒരേക്കർ വരുന്ന ഗ്രൗണ്ടിൽ ഫെൻസിങ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്നേജ് സംവിധാനം, ഓപ്പൺ ജിം എന്നിവയും ഇൻഡോറിൽ സ്പോർട്സ് ഫ്ലോറിങ്, വൈദ്യുതി സംവിധാനം തുടങ്ങിയവയും സജ്ജീകരിക്കും.
ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കുന്നതിനായി 90 മീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലുമാണ് ഗ്രൗണ്ട് നിർമിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം. സ്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതു ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച സൗകര്യങ്ങൾ ലഭ്യമാക്കി കുട്ടികളെ കായിക മേഖലയിൽ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ് കുമാർ പറഞ്ഞു.