
‘സാധാരണക്കാരനെപ്പോലെ ഇടപെടുന്നതു കണ്ടപ്പോൾ അമ്പരന്നു’: മാർപാപ്പയെ കണ്ട ഓർമകൾ പങ്കുവച്ച് ജേക്കബ് മാത്യു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഫ്രാൻസിസ് മാർപാപ്പയെ രണ്ടുതവണ റോമിൽ കാണാനും അദ്ദേഹത്തിനൊപ്പം ഒരേ കെട്ടിടത്തിൽ താമസിക്കാനുമുള്ള അവസരം ലഭിച്ചതിനെ കുറിച്ച് ഓർത്തഡോക്സ് സഭ വർക്കിങ് കമ്മിറ്റിയംഗം ജേക്കബ് മാത്യു പറയുന്നു. മലങ്കര ഓർത്തഡോക്സ് സഭ മുൻ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായോടൊപ്പവും, ഇപ്പോഴത്തെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായോടൊപ്പവുമാണ് അദ്ദേഹം മാർപാപ്പയെ കണ്ടത്.
‘ആഗോള കത്തോലിക്കാ സഭയുടെ തലവൻ കാസാ സാന്താ മാർത്താ എന്ന സാധാരണ കെട്ടിടത്തിലാണ് താമസിക്കുന്നത് എന്നു കണ്ടപ്പോൾ ആദ്യം അമ്പരന്നു. ഇടയ്ക്കിടെ ഇറങ്ങിവന്ന അദ്ദേഹം കർദിനാൾമാർക്കൊപ്പം ഭക്ഷണമുറിയിൽ തമാശകൾ പങ്കിട്ടു പൊട്ടിച്ചിരിച്ചു. അതേസമയം ഗഹനമായ ധാരാളം വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. എല്ലാവരോടും സാധാരണക്കാരനെപ്പോലെ, ലാളിത്യത്തോടെ ഇടപെടുന്നതു കണ്ടപ്പോൾ വീണ്ടും അമ്പരന്നു.
രണ്ടാം തവണ കാണുമ്പോൾ അദ്ദേഹത്തെ ശാരീരിക അവശതകൾ അലട്ടിയിരുന്നു. എങ്കിലും അദ്ദേഹം കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നുണ്ടായിരുന്നു. കാര്യങ്ങൾ ക്ഷമയോടെ കേൾക്കുന്ന അദ്ദേഹം എല്ലാവരോടും കാരുണ്യപൂർവം മാത്രം ഇടപെട്ടു. പരമ്പരാഗതമായ ചട്ടക്കൂടുകളും നിയന്ത്രണങ്ങളും വിട്ട്, ജീവിതം തന്നെ മാതൃകയാക്കി ഒരു നേതാവിന് യോജിച്ച രീതിയിൽ സഭയെ അത്യുജ്ജ്വലം നയിച്ചു. പ്രായഭേദമെന്യേ ആരെയും ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിരി. ക്രിസ്തുവിനു ചേർന്ന ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെന്നു തോന്നിയിട്ടുണ്ട്’ – ജേക്കബ് മാത്യു പറഞ്ഞു.