കോട്ടയം ∙ റബർ ബോർഡ് ജീവനക്കാർ താമസിക്കുന്ന പുതുപ്പള്ളി തലപ്പാടിയിലെ 2 ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 73 പവൻ സ്വർണം കവർന്നതിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് നിഗമനം. മറ്റു രണ്ടു ക്വാർട്ടേഴ്സുകളിലും മോഷ്ടാക്കൾ കയറിയെങ്കിലും ഒന്നും ലഭിച്ചില്ല. മറ്റൊരു കെട്ടിടത്തിന്റെ പൂട്ട് പൊളിക്കാനും ശ്രമം നടത്തി.
റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫാം ഓഫിസർ ജോയ് പി.ഇടക്കര, സയന്റിസ്റ്റ് ഡോ.രേഖ എന്നിവരുടെ ക്വാർട്ടേഴ്സുകളിലാണ് ഇന്നലെ അർധരാത്രിക്കും പുലർച്ചെ മൂന്നിനും ഇടയിൽ മോഷണം നടന്നത്. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ബന്ധുവാണു ഡോ.
രേഖ. മോഷണം നടന്ന 2 ക്വാർട്ടേഴ്സുകളിലും ഇന്നലെ ആളുണ്ടായിരുന്നില്ല.
രണ്ടിടത്തും മുൻ വാതിലുകളാണ് പൊളിച്ചത്.
പുതുപ്പള്ളിയിലെ റബർ ബോർഡിന്റെ കേന്ദ്ര ഓഫിസിനോടു ചേർന്നാണ് ഇന്നലെ മോഷണം നടന്ന ക്വാർട്ടേഴ്സുകൾ. പ്രത്യേക സെക്യൂരിറ്റി സംവിധാനവും ഇവിടെയുണ്ട്.
കേന്ദ്ര ഓഫിസ് സമുച്ചയത്തിലെ 90 ഏക്കറിൽ 126 ക്വാർട്ടേഴ്സുകളാണുള്ളത്. ക്വാർട്ടേഴ്സിന്റെ കതക് തുറന്നിട്ടിട്ടു പോലും പുറത്തുപോകാവുന്ന അത്ര സുരക്ഷിതത്വം ഇവിടെ ഉണ്ടായിരുന്നെന്നു ജീവനക്കാർ പറയുന്നു.
അതിസുരക്ഷാ മേഖലയായ ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഇവർ രാത്രികാല പരിശോധനയും നടത്തുന്നുണ്ട്.
ഇവരുടെ കണ്ണുവെട്ടിച്ചാണ് മോഷണം നടന്നത്. കോംപൗണ്ടിനുള്ളിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല. മോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണു പൊലീസ് നിഗമനം.
ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കോട്ടയം ഈസ്റ്റ് പൊലീസ് 2 കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
മോഷ്ടാക്കൾ ധരിച്ചിരുന്ന കയ്യുറ ഇവിടെ നിന്നു പൊലീസിനു ലഭിച്ചു.
വിയറ്റ്നാമിൽ നിന്ന് ഇന്നലെ രാവിലെ മടങ്ങിയെത്തിയ ഡോ. രേഖയാണ് മോഷണവിവരം ആദ്യമറിഞ്ഞത്.
വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ആളില്ലായിരുന്ന ക്വാർട്ടേഴ്സുകളിലെല്ലാം പരിശോധന നടത്തി.
അതോടെ ജോയിയുടെ ക്വാർട്ടേഴ്സിൽനിന്നും സ്വർണം മോഷണം പോയ വിവരം പുറത്തുവന്നു. ജോയി പെരുമ്പാവൂരിലെ വീട്ടിൽ ആയിരുന്നു. ഇവിടെയും മുൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.ഡോ.
രേഖയുടെ ക്വാർട്ടേഴ്സ് ഒന്നാം നിലയിലാണ്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ജോയിയുടെ ക്വാർട്ടേഴ്സ്.
മോഷണശ്രമം നടന്ന ക്വാർട്ടേഴ്സുകളും താഴത്തെ നിലയിലാണ്. മുകളിലെ നിലകളിലെ ക്വാർട്ടേഴ്സുകളിൽ ആളുണ്ടായിരുന്നെങ്കിലും അവരാരും മോഷണ വിവരം അറിഞ്ഞില്ല.
മാങ്ങാനത്ത് വൻ കവർച്ച നടന്നത് ഒക്ടോബറിൽ
കോട്ടയം മാങ്ങാനത്ത് കഴിഞ്ഞ ഒക്ടോബറിൽ വൻ കവർച്ച നടന്നിരുന്നു.
പുലർച്ചെ 2നു വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്തായിരുന്നു ഈ മോഷണം. 50 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നായിരുന്നു കേസ്.
ഈ കേസിലെ അറസ്റ്റിലായ മധ്യപ്രദേശ് ഥാർ ജില്ലയിലെ ഗുരു സജൻ (മഹേഷ്– 41) അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
ആളില്ലാത്ത ക്വാർട്ടേഴ്സുകൾ നോക്കിവച്ച് മോഷണം
ആളില്ലാത്ത ക്വാർട്ടേഴ്സുകൾ മുൻകൂട്ടി മനസ്സിലാക്കിയാണു മോഷണം ആസൂത്രണം ചെയ്തതെന്നു പൊലീസ് നിഗമനം. മോഷണം നടന്ന ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്വാർട്ടേഴ്സിൽ ആളനക്കം ഉണ്ടെന്നു കണ്ട
സംഘം വാതിലിന്റെ ഓടാമ്പൽ പുറത്തുനിന്നു പൂട്ടി. രാവിലെ പുറത്തിറങ്ങാനാവാതെ വന്ന കുടുംബം സമീപത്തെ ക്വർട്ടേഴ്സിലുള്ളവരെ ഫോണിൽ വിളിച്ചാണു പുറത്തിറങ്ങിയത്.
രാവിലെ ആറോടെയാണ് ഈ സംഭവം. ഡോ. രേഖയുടെ വീട്ടിൽ മോഷണം നടന്ന വിവരം ഓഫിസ് ജീവനക്കാരനാണു ജോയി പി.ഇടക്കരയെ വിളിച്ചറിയിച്ചത്.
താൻ സ്ഥലത്തില്ലെന്നും വീട് ഒന്ന് നോക്കാമോയെന്നും ജോയി ജീവനക്കാരനോടു ചോദിച്ചു.
ജീവനക്കാരൻ എത്തിയപ്പോൾ ക്വാർട്ടേഴ്സ് തുറന്നുകിടക്കുന്നത് കണ്ടു. തുടർന്നാണ് സമീപ ക്വർട്ടേഴ്സിലുള്ളവരെ വിളിച്ചുകൂട്ടി പൊലീസിനെയും അറിയിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് ജോയി ക്വാർട്ടേഴ്സിലെത്തിയത്. 2 ക്വാർട്ടേഴ്സിലും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.പരിശോധനയ്ക്കെത്തിയ പൊലീസ് നായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽനിന്ന് ഓടി മോഷണം നടന്ന ക്വാർട്ടേഴ്സുകൾക്കു സമീപം എത്തി.
തുടർന്ന് ക്വാർട്ടേഴ്സുകൾക്ക് സമീപത്തെ ഒരു ചെറിയ പാറക്കൂട്ടത്തിലൂടെ ഊർന്നിറങ്ങി റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തെത്തി നിന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

