കോട്ടയം ∙ വീടുകൾക്ക് ഭീഷണിയുണ്ടാക്കുന്ന വിധത്തിൽ വിജയപുരം നെടുംപുഞ്ചയിൽ കൊല്ലക്കൊമ്പ് കോളനിക്ക് സമീപം കുന്നിടിച്ച് മണ്ണ് മാറ്റുന്നതായി പരാതി. പ്രദേശവാസികൾ കലക്ടർ, വിജയപുരം വില്ലേജ് ഓഫിസർ, പഞ്ചായത്ത്, ജിയോളജി വകുപ്പ്, മണർകാട് പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.
പ്രദേശത്ത് കിണറുകളിൽ വെള്ളം താഴുകയും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാട്ടുകാർ പരാതി നൽകിയത്.
പൊടിശല്യവുമുണ്ട്. മണ്ണെടുക്കുന്നതിന് എതിർവശത്തായി അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്.
മണ്ണുമായി ഒട്ടേറെ ടിപ്പറുകളാണ് കടന്നുപോകുന്നത്.
2 വർഷം മുൻപു പ്രദേശത്തെ 8 വീട്ടുകാർ ചേർന്നു വിവിധ ഇടങ്ങളിൽ പരാതി നൽകിയിരുന്നു. വീടുകൾക്ക് ഭീഷണി ഉണ്ടാകുന്ന വിധത്തിൽ മണ്ണെടുക്കില്ലെന്നു പ്രദേശവാസികളുമായി സ്ഥലമുടമ അന്നു ധാരണയുണ്ടാക്കി.
കഴിഞ്ഞദിവസം ഇവിടെ വീണ്ടും മണ്ണെടുത്ത് തുടങ്ങിയതോടെ ജനങ്ങൾ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ മഴക്കാലത്ത് മണ്ണെടുത്ത് മാറ്റിയഭാഗത്ത് വലിയ തോതിൽ മണ്ണിടിച്ചിലുമുണ്ടായി.
മണ്ണെടുപ്പ് നിർത്തിവെയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മണ്ണെടുപ്പിനു അനുമതി നൽകിയത് വിജയപുരം പഞ്ചായത്താണെന്ന് ജില്ലാ ജിയോളജി വിഭാഗം അറിയിച്ചു.
വീട് നിർമാണത്തിനായി സ്വകാര്യ വ്യക്തി നൽകിയ അപേക്ഷയെ തുടർന്ന് പഞ്ചായത്ത് എഇ പരിശോധന നടത്തിയാണ് മണ്ണെടുക്കുന്നതിനു പാസ് നൽകിയതെന്നാണ് വിജയപുരം പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
3000 സ്ക്വയർഫീറ്റ് വരെയുള്ള വീടുകൾക്ക് മണ്ണെടുത്ത് മാറ്റുന്നതിനു പഞ്ചായത്തിനു അനുമതി നൽകാം.
നടപടിക്രമം പാലിച്ച് മണ്ണെടുത്ത് മാറ്റുന്നതിനു 200 പാസ് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. പരാതി ലഭിച്ച സാഹചര്യത്തിൽ സ്ഥലത്ത് പരിശോധന നടത്താൻ എഇയ്ക്ക് നിർദേശം നൽകിയെന്നും സെക്രട്ടറി അറിയിച്ചു.
മണർകാട് പൊലീസും സ്ഥലത്ത് പരിശോധന നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

