കുറവിലങ്ങാട് ∙ആർക്കും വേണ്ടാത്ത അവസ്ഥയിൽ നാടൻ ഏത്തക്കുലകൾ. വിയർപ്പൊഴുക്കിയ കർഷകനു മുടക്കുമുതൽ പോലും ലഭിക്കുന്നില്ല.
വില കുത്തനെ ഇടിഞ്ഞതോടെ ജില്ലയിലെ ആയിരക്കണക്കിനു കർഷകർ പ്രതിസന്ധിയിൽ.
വില 30നു താഴെ
കഴിഞ്ഞ വർഷം ഇതേ സമയത്തു കിലോഗ്രാമിനു 50 മുതൽ 60 രൂപ വരെ ലഭിച്ചിരുന്ന നാടൻ ഏത്തക്കുലയ്ക്കു ഇപ്പോഴത്തെ വില 30നു താഴെ.ഇന്നലെ വിഎഫ്പിസികെ സ്വാശ്രയ കർഷക വിപണികളിൽ കർഷകരിൽ നിന്നു ഏത്തക്കുലകൾ സംഭരിച്ചത് കിലോഗ്രാമിനു 28 രൂപ നിരക്കിൽ. കർഷകനു ലഭിക്കുന്ന വില കുറഞ്ഞെങ്കിലും ഏത്തക്കായ വാങ്ങാൻ ചെല്ലുമ്പോൾ വില 40 രൂപയിൽ എത്തും.
ഏത്തപ്പഴത്തിനു മിക്ക സ്ഥലങ്ങളിലും കിലോഗ്രാമിനു 50 രൂപയും.കഴിഞ്ഞ വർഷം മികച്ച വില ലഭിച്ചതിനാൽ ഇത്തവണ ഏത്തവാഴക്കൃഷിയുടെ വിസ്തൃതി വർധിച്ചു.
ഇപ്പോൾ വിളവെടുപ്പ് സമയമാണ്. പ്രതിദിനം 10 ടണ്ണിലധികം ഏത്തക്കായ വിഎഫ്പിസികെ സ്വാശ്രയ കർഷക വിപണികളിൽ മാത്രം എത്തുന്നു.
പൊതു വിപണിയിലും മൊത്ത വ്യാപാര കേന്ദ്രങ്ങളിലും എത്തുന്നത് ഇതിലധികമാണ്. വില 30 രൂപയിൽ താഴെയാകുമ്പോൾ കർഷകനു തറവില ആനുകൂല്യം ലഭിക്കേണ്ടതാണ്. പക്ഷേ ഇതിനായി വിള ഇൻഷുറൻസ് മാനദണ്ഡങ്ങൾ പാലിക്കണം.
സ്ഥലം പാട്ടത്തിനു എടുത്തും മറ്റും കൃഷി ചെയ്യുന്ന മിക്ക കർഷകരും വിള ഇൻഷുറൻസ് എടുത്തിട്ടില്ല. ഏതാനും വർഷം മുൻപ് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും തറവില ആനുകൂല്യം ലഭിച്ചിരുന്നു.
ഇതേ മാതൃക ഇത്തവണയും നടപ്പാക്കണമെന്നാണ് ആവശ്യം.
മറുനാടൻ വരവ്
നാടൻ ഏത്തക്കുലകൾ വൻതോതിൽ വിപണിയിൽ എത്തുന്നുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്.വയനാട്, മൈസൂരു എന്നിവിടങ്ങളിൽ നിന്നു ദിവസവും ടൺ കണക്കിനു ഏത്തക്കുലകളാണ് എത്തുന്നത്.ഇതു ചെറുകിട വ്യാപാരികൾക്കു കുറഞ്ഞ വിലയിൽ ലഭിക്കും.
ചിപ്സ് പോലുള്ളവയുടെ നിർമാണത്തിനും ഇത്തരം കുലകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.
കുറഞ്ഞത് 40–45 രൂപ എങ്കിലും ലഭിക്കണം
ഒരു കിലോഗ്രാമിനു കുറഞ്ഞത് 40–45 രൂപ വരെ ലഭിച്ചാൽ മാത്രമേ നാടൻ കർഷകനു കൃഷിയിലൂടെ ചെറിയ ലാഭമെങ്കിലും ലഭിക്കുകയുള്ളൂ. 100 ഏത്തവാഴ കൃഷി ചെയ്താൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ പോലും പരമാവധി 70 എണ്ണം വരെയാണ് വിളവെടുക്കാനാകുക.വളങ്ങളുടെ വിലയും കൂലിയും ഉയർന്ന സാഹചര്യത്തിൽ മുതൽമുടക്കും വരുമാനവും തമ്മിൽ പൊരുത്തപ്പെടില്ല.വെളിച്ചെണ്ണ വില ഉയർന്നതോടെ ചിപ്സ് വിപണിയിലുണ്ടായ മാന്ദ്യവും നാടൻ വാഴക്കുല വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
ഒരു ഏത്തക്കുലയുടെ ഉൽപാദനച്ചെലവ് 250 രൂപയോളം
ഒരു ഏത്തക്കുല ഉൽപാദിപ്പിക്കുമ്പോൾ കർഷകനു ചെലവാകുന്നത് 250 രൂപയിലധികം.
പക്ഷേ പലപ്പോഴും മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥ. വാഴവിത്ത് വാങ്ങി നിലമൊരുക്കി നടുന്നതു മുതൽ തുടങ്ങുന്നു ചെലവുകൾ. ഒരു വാഴവിത്തിനു കുറഞ്ഞത് 10 രൂപയെങ്കിലും വേണം.
10 മാസത്തിനുള്ളിൽ വളം, കീടനാശിനി തുടങ്ങിയവയുടെ ചെലവ് 125 രൂപയിലധികം. കൂലിച്ചെലവ് 100 രൂപ.
പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി നടത്തുന്നതെങ്കിൽ പാട്ടത്തുക വേറെ. നട്ടു 10 മാസത്തിനുള്ളിൽ വാഴക്കുല വിളവെടുക്കുമ്പോൾ കർഷകനു 250 രൂപയിലധികം ചെലവാകും.
ശരാശരി 10 കിലോഗ്രാം തൂക്കമുള്ള ഒരു വാഴക്കുല ലഭിച്ചാൽ കിലോഗ്രാമിനു 35 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ചെറിയ ലാഭത്തിനു സാധ്യതയുള്ളു. മിക്കപ്പോഴും ഇതു ലഭിക്കാറില്ല.കൃഷി നടത്തുന്ന സമയത്തു കാറ്റ് ഉൾപ്പെടെ പ്രകൃതിക്ഷോഭം വന്നാൽ നഷ്ടം ഇരട്ടിയിലധികമാകും.
ഈയവസ്ഥയിൽ എങ്ങനെ കൃഷി ചെയ്യുമെന്നു കർഷകർ ചോദിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

