ചങ്ങനാശേരി ∙ തുരുത്തി – മുളയ്ക്കാംതുരുത്തി – വീയപുരം റോഡിൽ പുന്നമൂട് ഭാഗത്തെ കലുങ്കിന്റെ പുനർനിർമാണം പൂർത്തിയായില്ല. പ്രതികൂലമായ കാലാവസ്ഥ കാരണമാണ് താമസം നേരിടുന്നതെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു.
ഈ മാസം 2ന് മുൻപായി നിർമാണം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. കലുങ്കിന്റെ മുകളിലെ കോൺക്രീറ്റിങ് നടത്തിയിട്ടുണ്ട്.സംരക്ഷണഭിത്തിയും ഓടയിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗവും പൂർത്തിയാകാനുണ്ട്.
കാലാവസ്ഥ അനുകൂലമായാൽ അടിയന്തരമായി നിർമാണം പൂർത്തിയാക്കി തുറന്നു കൊടുക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായാണ് പഴയ കലുങ്ക് പൊളിച്ചു നീക്കി പുതിയ കലുങ്ക് നിർമിക്കുന്നത്.
നിർമാണം കാരണം കൃഷ്ണപുരം, കാവാലം ഭാഗത്തേക്കുള്ള വാഹനങ്ങൾ എംസി റോഡിൽ തുരുത്തി മർത്ത്മറിയം ഫൊറോന പള്ളിയുടെ സമീപമുള്ള ഇരട്ടക്കുളം റോഡിലൂടെയാണ് കടന്നു പോകുന്നത്.
ചെറിയ റോഡിലൂടെയുള്ള യാത്ര ആളുകൾക്ക് ദുരിതമാണ്.തിരക്കേറിയ സമയങ്ങളിൽ റോഡിൽ ഗതാഗതക്കുരുക്കുമുണ്ട്.ഇരട്ടക്കുളം റോഡിൽ അടുത്തയിടെ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച് അപകടവുമുണ്ടായിരുന്നു. കലുങ്ക് പൂർത്തിയാക്കി റോഡ് ഉടനെ തുറന്ന് നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ആദ്യ ലെയർ ടാറിങ് അടുത്ത മാസം
∙തുരുത്തി – മുളയ്ക്കാംതുരുത്തി – വീയപുരം റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായുള്ള ആദ്യ ലെയർ ടാറിങ് കാലാവസ്ഥ അനുകൂലമായാൽ അടുത്ത മാസം നടത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
ഇതിനു മുന്നോടിയായി പുന്നമൂട് ഭാഗത്തെ കലുങ്ക് നിർമാണം പൂർത്തിയാക്കും. തുരുത്തിയിൽ നിന്നാണ് ടാറിങ് ആരംഭിക്കുക.
രണ്ട് ലെയറുകളിലായി ഉന്നത നിലവാരത്തിലാണ് ടാറിങ് നടത്തുന്നത്. ടാറിങ്ങിനു മുന്നോടിയായി റോഡരികിലെ ഓടകൾ ബന്ധിപ്പിക്കുമെന്നും മറ്റ് തടസ്സങ്ങൾ നീക്കുമെന്നും അധികൃതർ പറഞ്ഞു.
ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പുനർനിർമാണത്തിന്റെ ഭാഗമായി റോഡിലെ വലിയ കുഴികൾ അടച്ചിരുന്നു.
താഴ്ന്നു പോയ ഭാഗങ്ങൾ ഉയർത്തുകയും ചെയ്തു. ടാറിങ് ആരംഭിക്കുന്നതോടെ യാത്രാദുരിതത്തിനു അവസാനമാകുമെന്നാണ് പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

