
കോട്ടയം ∙ കൊക്കോ കർഷകർക്ക് പ്രതീക്ഷ നൽകി കുമാരനല്ലൂർ കല്ല്യാണിക്കൽ പോൾ മാത്യുവിന്റെ കണ്ടെത്തൽ. കൊക്കോ കായ് ഉണ്ടായാലുടൻ അണ്ണാനെത്തുമെന്നതാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
അതേസമയം നിറയെ കായ്കളുണ്ടെങ്കിലും പോൾ മാത്യുവിന്റെ കൊക്കോ മരത്തിൽ അണ്ണാന്റെ ശല്യമില്ല. ഓരോ മരത്തിലും 3 കായ്കൾ വീതം, ഭക്ഷണ സാധനങ്ങൾ ഹോട്ടലിൽ നിന്നു പാക്ക് ചെയ്തു തരുന്ന അലുമിനിയം ഫോയിൽ ഉപയോഗിച്ച് പൊതിഞ്ഞിട്ടിരിക്കുന്നു.
ഇങ്ങനെ ചെയ്തതിനു ശേഷം ഒരു കായ പോലും നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ 6 മാസമായി പുതിയ രീതി നടപ്പാക്കിയിട്ടെന്ന് പോൾ പറഞ്ഞു.
പല രീതികൾ പരീക്ഷിച്ചിട്ടും അണ്ണാനെ തടയാൻ സാധിച്ചിരുന്നില്ല. കൊക്കോ കൃഷി തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
യാദൃച്ഛികമായാണ് അലുമിനിയം ഫോയിൽ ഉപയോഗിച്ചു നോക്കിയത്. പ്ലാസ്റ്റിക്കുൾപ്പടെ തിളക്കമുള്ള പലതും ഉപയോഗിച്ചിട്ടും ഫലം കണ്ടില്ലെന്ന് പോൾ മാത്യു പറഞ്ഞു.
കായകൾ പൊട്ടിച്ച് ഉണക്കി കൊടുക്കുകയാണ് ചെയ്യുന്നത്. കിലോയ്ക്ക് 300 രൂപ വില ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
20 ഓളം മരങ്ങളുണ്ട്.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2018, 2021, 2022 വർഷങ്ങളിൽ നടത്തിയ റൂറൽ ഇന്നൊവേറ്റേഴ്സ് മീറ്റിൽ പോൾമാത്യുവിന്റെ കണ്ടെത്തലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഫുട്ട് വാൽവ് ഇല്ലാതെ കാർഷിക ജലസേചന പമ്പുകൾ ഉപയോഗിക്കുന്ന രീതി, തെങ്ങിന്റെ വേര് ചീയൽ രോഗത്തിനുള്ള പ്രതിവിധി, എളുപ്പത്തിൽ അടുക്കള മാലിന്യം വളമാക്കിമാറ്റൽ, കമുകിൽ കുരുമുളക് വള്ളികൾ ഉയരത്തിലേക്ക് പോകാതെയുള്ള കൃഷി രീതി എന്നിവ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയവയാണ്.
പോൾ മാത്യു വീട്ടിൽ അദ്ദേഹത്തിന്റെ കൃഷി രീതികളെല്ലാം പ്രാവർത്തികമാക്കിയിരിക്കുകയാണ്.
കൃഷിപ്പണികൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളുമായി ഭാര്യ ആനിയമ്മ മാത്യു കൂടെയുണ്ട്. മക്കൾ: ഒമാനിൽ നഴ്സായ സിജ, ഓസ്ട്രേലിയയിൽ നഴ്സായ ജിസ, സോഫ്റ്റ്വെയർ എൻജിനീയർ സിജു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]